സുരാജ് ലോക നിലവാരമുള്ള നടന്‍; മാലാ പാർവതി

സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തിയ കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തെ പ്രശംസിച്ച് നടി മാലാ പാർവതി. സുരാജ്  വെഞ്ഞാറമൂട് ലോക നിലവാരമുള്ള നടനായി മാറുന്നത് കുറേ നാളായി നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും ഈ ചിത്രത്തിൽ അദ്ദേഹം അത് വീണ്ടും അടിവരയിട്ട് ഉറപ്പിക്കുന്നുവെന്നും പാർവതി പറഞ്ഞു.

മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം–

ഈ വർഷം മലയാളത്തിൽ കുറച്ച് നല്ല സിനിമകൾ ഉണ്ടായി. സുഡാനി ഫ്രം നൈജീരിയ, ഈ.മ.യൗ എന്നിവ അവയിൽ മുന്നിലാണ്. ആ കൂട്ടത്തിൽ ഞാൻ ചേർക്കാനാഗ്രഹിക്കുന്ന ഒരു സിനിമയാണ് 'കുട്ടൻ പിള്ളയുടെ ശിവരാത്രി'. ആരും പറഞ്ഞ് കേട്ടില്ല, പരസ്യം കണ്ടില്ല. റേറ്റിങ് വെറും 68 ശതമാനം. അധികം സിനിമയൊന്നും ഇല്ലാത്തത് കൊണ്ട് കാണാൻ പോയതാ. കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായി പോയേനെ എന്ന് തോന്നി.

പ്ലാച്ചോട്ടിൽ കുട്ടൻ പിള്ള (സുരാജ് വെഞ്ഞാറുമുട്) ഒരു കോൺസ്റ്റബിൾ ആണ്. ഭാര്യ ശകുന്തള (ആശ ശ്രീകാന്ത്)എസ്.ഐയും.പ്ലാത്തൂർ ശിവക്ഷേത്രത്തിന്റടുത്താണ് പ്ലാച്ചോട്ടിൽ തറവാട്. അമ്പലത്തിലാണ് ശിവരാത്രി ഉത്സവം നടക്കുന്നതെങ്കിലും, ആഘോഷം മുഴുവൻ തറവാട്ടിലാണ്.പ്ലാച്ചോട്ടിൽ തറവാട്ടിനൊരു മണമുണ്ട്. അത് നല്ല പഴുത്ത തേൻ വരിക്കയുടേതാണ്. ചക്ക കൊണ്ടുള്ള പല തരം വിഭവങ്ങൾ ആ അടുക്കളയിൽ അങ്ങനെ ഉണ്ടായി കൊണ്ടേയിരിക്കും. ചക്ക വരട്ടി ,ചക്ക പുട്ട്, ചക്ക പുഴുക്ക്, ചക്ക അവിയല്‍ എന്ന് വേണ്ട എല്ലാം ചക്ക മയം. മുറ്റത്തും തിണ്ണേലും പോലും ചക്ക തന്നെ. എന്താ കാര്യം? ആ പറമ്പില് അക്ഷയ പാത്രം പോലെ ഒരു പ്ലാവുണ്ട്.കുട്ടൻ പിള്ളയ്ക്ക് പിള്ളേരെക്കാളും ആ വരിക്ക പ്ലാവിനെയാ.സ്വന്തം മകൾ രജനിയും ഭർത്താവും വീട് വെയ്ക്കാൻ ആ പ്ലാവ് നോട്ടമിടുന്നതാണ് ഈ കഥയ്ക്കാധാരം. 

ഒരു ചക്ക കഥ പറഞ്ഞ് കൊണ്ട്.. നമ്മുടെ എല്ലാം വീട്ടിലെ കഥ പറഞ്ഞിരിക്കുകയാണ് ജീൻ മാർക്കോസ് എന്ന സംവിധായകൻ. ഒരു ശരാശരി മനുഷ്യന്റെ പേടിയാണ്.. തന്റെ കാലം കഴിഞ്ഞാൽ താൻ സമ്പാദിച്ചതെല്ലാം നശിച്ച് പോകുമോ എന്നത്.ആ ഭയത്തെ കുറിച്ചാണ് ഈ കഥ.സമ്പത്ത്, മരണം, അപകടം ഇവയാണ് സിനിമയിൽ പ്രതിപാദിക്കുന്നതെങ്കിലും, ഈ ചിത്രം നമ്മെ ഒരു പാട് ചിരിപ്പിക്കും. 

നമ്മുടെ ഒക്കെ വീടും, ബന്ധുക്കളും.. അവിടെ നടക്കുന്ന തമാശകളും വളരെ സത്യസന്ധമായാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിരിച്ച് പോകുന്ന ഒരു പാട് രംഗങ്ങൾ! തമാശ കുത്തി നിറയ്ക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ല എന്ന് എടുത്ത് പറയേണ്ടതാണ്.കുട്ടൻ പിള്ളയുടെയും ശകുന്തളയുടെയും വീടും ബന്ധുക്കളും അവിടുത്തെ അടുക്കളയും നമുക്കറിയാവുന്ന ലോകമാണ്.മ ലയാളിയുടെ ലോകമാണ്.

ഇത്രയും ഞാൻ പറഞ്ഞെങ്കിലും ഈ ചിത്രത്തിന്റെ കഥയോ സസ്പെൻസോ ഞാൻ പറഞ്ഞിട്ടില്ല. ഒരു രസം കൊല്ലിയാവാൻ എനിക്ക് താല്പര്യമില്ല. എങ്കിലും ഈ കുറിപ്പ് എഴുതാതെ വയ്യ എന്ന് തോന്നി. പ്രധാന കാരണം ഈ ചിത്രത്തിന്റെ സംവിധാനം. സുരാജ് വെഞ്ഞാറുമുട് എന്ന നടൻ, ഇതിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാർ പിന്നെ സംഗീതവും.

പുതുമുഖങ്ങൾ ധാരാളമുണ്ട് ഈ ചിത്രത്തിൽ. തറവാട് സജീവമാക്കുന്ന ശകുന്തള, രാജി മാമി, രമണി, അമ്മാവി, സുശീലൻ, ഹരീന്ദ്രൻ മാമൻ, ഔക്കർ (വിനോദ്) ഓമനകുട്ടൻ, ശാലിനി തുടങ്ങിയവരെല്ലാം മലയാള സിനിമയ്ക്ക് കിട്ടിയിരിക്കുന്ന മുത്തുകളാണ്.ഈ പ്രശ്നം എല്ലാം ഉണ്ടാക്കുന്ന സുനീഷും രജനിയും ( ബിജു സോപാനം,, സൃന്ദ) അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. 

തറവാട്ടിൽ അല്ലാത്ത കഥാപാത്രങ്ങൾ ഞാൻ പറഞ്ഞ സർപ്രൈസ് ആണ്. ഡ്രൈവർ പുരുഷോത്തമൻ (ജെയിംസ് ഏലിയ) ഫാദർ റോഡ്റിഗസ് (ശ്രീകാന്ത് മുരളി) സച്ചിൻ വൈകുണ്ഡമായി എത്തുന്ന മിഥുൻ രമേഷ് ,അമുദയായി വേഷമിടുന്ന നടി,, ഇറാനിയൻ പെൺകുട്ടി.. തുടങ്ങി ആ സംഘം മുഴുവൻ നമുക്ക് പ്രിയപ്പെട്ടവരായി മാറുന്നു നല്ല തിരക്കഥയുടെ പ്രത്യേകതയാണിത്. ചെറിയ വേഷങ്ങളിൽ വരുന്നവർ പോലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളായി മാറുന്നു. മിന്നലാട്ടം പോലെ കണ്ട മണികണ്ഠനെയും പൂജപ്പുര രാധാകൃഷ്ണനെയും ഈ കൂട്ടത്തിൽ ഞാൻ പെടുത്തുന്നില്ല. ശ്രദ്ധിക്കില്ല അവരുടെ കഥാപാത്രങ്ങൾ.

നല്ല അഭിനയവും മുഹൂർത്തങ്ങളുമാണ് എന്നെ ഒരു ചിത്രത്തിലേക്ക് ആകർഷിക്കുന്നത്. സുരാജ്  വെഞ്ഞാറുമൂട് ഒരു ലോക നിലവാരമുള്ള നടനായി മാറുന്നത് കുറേ നാളായി നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്.ഈ ചിത്രത്തിൽ അദ്ദേഹം അത് വീണ്ടും അടിവരയിട്ട് ഉറപ്പിയ്ക്കുന്നു. അഭിനന്ദനങ്ങൾ!

ഈ സിനിമ ഇത്രയും മികവുറ്റതാക്കിയ സംവിധായകൻ ജീൻ മാർക്കോസിന് ഒരു സല്യൂട്ട്. തിരക്കഥ അങ്ങനെ വെറുതെ എഴുതി പോയതല്ല.ആലോചനയുണ്ട്, ആഴമുണ്ട്. രണ്ട് പേര് ചേർന്നാണ് അത് തയ്യാറാക്കിയിരിക്കുന്നത്. ജോസ് ലെറ്റ് ജോസഫും, ജീൻ മാർക്കോസും. ഇവരുടെ തിരക്കഥകൾ സിനിമയ്ക്ക് മുതൽകൂട്ടാവും എന്ന് ഉറപ്പിച്ച് പറയാം.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം ചിത്രത്തിന്റെ സംഗീതമാണ്. സംഗീതവും പശ്ചാത്തല സംഗീതവും സയനോര ഫിലിപ്പിന്റേതാണ് സംവിധായിക. കലക്കിയിട്ടുണ്ട്.നല്ലൊരു ചിത്രം കണ്ട ചാരിതാർത്ഥ്യം.