Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞാലി ഒന്നാമനായി മധു, നാലാമനായി മോഹൻലാൽ

marakkar-madhu

പ്രിയദര്‍ശന്‍-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാറിലെ സുപ്രധാനവേഷത്തിൽ മധു എത്തും. നാല് മരയ്ക്കാന്മാരില്‍ കുഞ്ഞാലി ഒന്നാമനായാണ് മധു അഭിനയിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. 

നാല് മരയ്ക്കാന്മാരെയാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാമനും മൂന്നാമനുമായി ബോളിവുഡിലോ കോളിവുഡിലോ ഉളള പ്രമുഖർ എത്തിയേക്കും എന്നും റിപ്പോർട്ട് ഉണ്ട്. ബോളിവുഡില്‍നിന്ന് അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ഹാസന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. നവംബറില്‍ ഷൂട്ടിങ് തുടങ്ങണം എന്നുള്ളതിനാല്‍ എത്രയും പെട്ടെന്ന് കാസ്റ്റിങ് പൂര്‍ത്തിയാക്കാനാണ് പ്രിയദര്‍ശനും ടീമും ശ്രമിക്കുന്നത്.

സിനിമയുടെ തിരക്കഥ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടെയ്ൻമെന്റും ചേർന്നാണ്.

സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ ചിത്രത്തെക്കുറിച്ച് പ്രിയദർശന്റെ വാക്കുകൾ–

‘വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോദരനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ചരിത്രത്തിനൊപ്പം ഫിക്‌ഷനും ചേർത്താണ് കഥ തയാറാക്കിയിരിക്കുന്നത്. എനിക്കൊപ്പം ഐ.വി ശശിയുടെ മകൻ അനിയും തിരക്കഥയിൽ പങ്കാളിയാണ്’.

കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോൾ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പ്രിയന്‍ പറഞ്ഞു. കുഞ്ഞാലിമരക്കാരുടെ പേരിൽ ഇതിനു മുമ്പ് സിനിമ വന്നിട്ടുണ്ട്. എന്നാൽ പ്രിയദർശനും മോഹൻലാലും ചെയ്യുന്നത് കുഞ്ഞാലി നാലാമന്റെ കഥയാണ്.

കാലാപാനി ചെയ്യുന്ന സമയത്തും അതിന്റെ ബജറ്റിനെക്കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. ഇന്ന് ഈ സിനിമ ചെയ്യുന്നതും അതേ വെല്ലുവിളിയോടെയാണെന്നും പ്രിയൻ പറഞ്ഞു.

ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങൾ സിനിമയിൽ അണിനിരക്കും. ചൈനീസ് താരവും സിനിമയിൽ എത്തുന്നുണ്ട്. സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം കടലിലാകും ചിത്രീകരിക്കുക. പ്രിയദർശന്റെ 95 ാമത്തെ ചിത്രമാണ് മരക്കാർ; ആശീർവാദിന്റെ 25 ാമത്തേതും.