Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നത്തെ പെരുമാറ്റം എന്റെ ബുദ്ധിമോശം: ഉണ്ണി മുകുന്ദന്റെ വികാരനിര്‍ഭര കുറിപ്പ്

major-ravi-unni

അങ്ങനെ ഷഷ്ഠി പൂർത്തി ദിനത്തിൽ മേജർ രവിയെ ചേർത്തു പിടിച്ച് കൊണ്ട്  മലയാളത്തിലെ  ആക്ഷൻ റൊമാന്റിക് ഹീറോ ഉണ്ണി മുകുന്ദൻ ആ സർപ്രൈസ് നൽകി നീണ്ട ഇടവേളയിലെ  പിണക്കത്തിലും  മൗനത്തിലും അലിഞ്ഞ മഞ്ഞുരുക്കം. മേജർ രവി ഉണ്ണിയെ ചേർത്തു നിർത്തി പറഞ്ഞു, ‘ നീ എനിക്ക് മകനെ പോലെ...നമുക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ല...’ ഉണ്ണിയും പറഞ്ഞു‘ അന്നത്തേത് പ്രായത്തിന്റെ ചോരത്തിളപ്പിൽ അറിയാതെ വന്ന ഒരു ചെറിയ എടുത്തു ചാട്ടം..’ പിന്നെ ഒരു ഹാപ്പി ബർത്ത് ഡേ. പരിഭവങ്ങളെല്ലാം ആ പൊട്ടിച്ചി രിയിൽ അലിഞ്ഞില്ലാതായി.  

കൊച്ചി മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച  മേജർ രവിയുടെ അറുപതാ ം  ജന്മദിനം അങ്ങനെ ഈ സർപ്രൈസ് കൂടികൊണ്ടാണ് മേജർ രവിയും സുഹൃത്തുക്കളും ആഘോഷമാക്കിയത്. 

ജോഷിയുടെ സംവിധാനത്തിലൊരുങ്ങിയ സലാം കാശ്മീരിന്റെ ചിത്രീകരണ വേളയിലായിരുന്നു മേജർ രവിയും ഉണ്ണി മുകുന്ദനും തമ്മിൽ പ്രശ്നങ്ങളുണ്ടായതായി വാർത്തകൾ പുറത്തു വന്നു തുടങ്ങിയത്.  എന്നാൽ  വർഷങ്ങൾ കഴിഞ്ഞപ്പോഴും ഇരുവരും തങ്ങളുടെ പ്രശ്നത്തെക്കുറിച്ചുള്ള മൗനം തുടർന്നു.  അതിനിടയിൽ കഥകൾ മെനയുന്നവർ പലതും പറഞ്ഞു പ്രചരിപ്പിച്ചു. അപ്പോഴും ഇരുവരും മൗനം തുടർന്നു. എന്നാൽ ആവശ്യവും അനാവശ്യവുമായ ട്രോളുകളായിരുന്നു പിന്നീടങ്ങോട്ട്. 

major-ravi-unni-7

മസിലളിയൻ ഭയങ്കര ചൂടനാ...മേജർ രവിയെ വരെ എടുത്ത് പെരുമാറിയ ആളാ... എന്നൊക്കെയായിരുന്നു  സോഷ്യൽമീഡിയ ആഘോഷിച്ചത്. ഇപ്പോഴിതാ ഒരു വലിയ മഞ്ഞുരുക്കത്തിന് വേദിയായി ഇന്നലെ നടന്ന മേജർ രവിയുടെ ഷഷ്ഠി പൂർത്തി ആഘോഷം. ഇന്നിപ്പോൾ മനോരമ ഓൺലൈനോട് മറ്റൊരു സർപ്രൈസ് കൂടി പൊട്ടിക്കുകയാണ് ഉണ്ണി മുകുന്ദൻ. ‘ഇനി ഞങ്ങൾക്കിടയിൽ ഡിഷ്യൂം ഡിഷ്യൂം ഇല്ല.  മേജർരവി ചിത്രത്തിലായിരിക്കും  ഇനി ഞങ്ങൾ കൈകോർക്കുക.’

ട്രോളുകളല്ല,  ഒരു ഇടിവെട്ട് സിനിമ

മനസ്സിൽ ഒന്നും വയ്ക്കാത്ത പ്രകൃതക്കാരാണ് ഞങ്ങൾ ഇരുവരും.  അദ്ദേഹം എത്രയോ സീനിയർ ആയ ആളാണ് എന്നൊന്നും നോക്കാതെ പെരുമാറിയത് എന്റെ അന്നത്തെ ബുദ്ധിമോശം, അതിന് അന്ന്   ന്യായീകരണങ്ങളുമുണ്ടായിരുന്നു എനിക്ക്.  ഏകദേശം ഇരുപത്തിയഞ്ച് വയസ്സുള്ള ഒരാളുടെ  പ്രായത്തിന്റെ ചോരത്തിളപ്പ്,  രണ്ടാമതൊന്നു സമാധാനത്തിൽ ചിന്തിക്കാതെ വളരെ വൈകാരികമായി മാത്രം പ്രതികരിക്കാൻ  അറിയാവുന്ന അന്നത്തെ ഞാൻ അങ്ങനെ ചെയ്തത് പിന്നീട് ഇത്രയും കാലം എന്റെ മനസ്സിൽ കുറ്റബോധം മാത്രമാണ് ഉണ്ടാക്കിയത്.  

ഞങ്ങളുടെ വളരെ അടുത്ത സുഹൃത്തുക്കൾ പലരും  കാര്യങ്ങൾ സൗഹൃദപരമാക്കാൻ മുൻപും ശ്രമിച്ചിരുന്നതുമാണ്. എന്നാൽ ഇപ്പോഴാകും അതിനു സമയമായത്. സിനിമയിലും ജീവിതത്തിലും  എന്റെ ചിന്താഗതികൾ മാറി, അത് കരിയറിലും വഴിത്തിരിവുകൾ നൽകി. ഇത് ജീവിതത്തിന്റെ വലിയ ഒരു വഴിത്തിരിവ് തന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.  കഴിഞ്ഞുപോയ പ്രശ്നങ്ങൾ ഇനിയും പറഞ്ഞ് അത് ഇരുവർക്കും ബുദ്ധിമുട്ടാക്കുന്നില്ല. ഇനി ഒരുമിച്ച് തന്നെ മുന്നോട്ട്. സൗഹൃദങ്ങൾക്കും ചെറിയ പിണക്കങ്ങൾക്കുമിടയിൽ ഇത്രമാത്രം ഉള്ളൂ എന്ന് ഇന്ന് തിരിച്ചറിയുന്നു. 

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഒക്കെ ഏറെ ശ്രമിച്ചിരുന്നു ഈ മഞ്ഞുരുക്കത്തിന്.  ഞങ്ങളുടെ സൗഹൃദത്തിൽ ഏറെ സന്തോഷിക്കുന്ന നല്ല കുറച്ച് സിനിമാ സുഹൃത്തുക്കളും ഉണ്ട്.  എല്ലാവരോടും സ്നേഹം മാത്രം. ഇനി ട്രോളുകളല്ല, പുതിയ ഒരു ഇടിവെട്ട് സിനിമയുമായി  മേജർ രവി –ഉണ്ണി മുകുന്ദൻ ടീം പ്രേക്ഷകരിലേക്കെത്തും.