പൃഥിയെ ഓർത്ത് ടെൻഷനടിച്ച് നസ്രിയ

ബാംഗ്ലൂർ ഡെയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂടെ. ഏറെ കാലത്തിന് ശേഷം മലയാളത്തിന്റെ പ്രിയനടി നസ്രിയ ഈ ചിത്രത്തിലൂടെ തിരിച്ച് വരുന്നു. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. പൃഥ്വിക്കൊപ്പം അഭിനയിക്കാൻ പേടിയായിരുന്നെന്നും അത് മാറ്റിയത് അഞ്ജലി മേനോൻ ആണെന്നും നസ്രിയ പറയുകയുണ്ടായി.

നസ്രിയയുടെ വാക്കുകൾ–

കൂടെ സിനിമയിൽ പൃഥ്വിരാജ് എന്റെ സഹോദരനായാണ് അഭിനയിക്കുന്നത്. ഷൂട്ടിന് വരുന്നതിന് മുമ്പേ അഞ്ജലി ചേച്ചിയോട് എപ്പോഴും പറയുമായിരുന്നു, ‘എങ്ങനെയാകുമോ എന്തോ?’. കാരണം എനിക്ക് ഒരുപരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. അങ്ങനെയാകുമ്പോള്‍ സിനിമയിൽ എങ്ങനെയായിരിക്കും എന്ന ടെൻഷൻ. കാരണം സിനിമയിൽ ഞങ്ങൾ അത്ര ഇടപഴകിയാണ് അഭിനയിക്കുന്നത്.

ബാംഗ്ലൂർ ഡെയ്സ് ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. കാരണം അതിൽ അഭിനയിക്കുന്നവരെല്ലാം എനിക്ക് അറിയാവുന്നരായിരുന്നു. ഇത് ശരിക്കും പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന അതേ അവസ്ഥ. ഇക്കാര്യം ഞാൻ അഞ്ജലി ചേച്ചിയോട് പറഞ്ഞുകൊണ്ടേ ഇരുന്നു.

അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേർത്ത് വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. എല്ലാവരുടെയും ഉള്ളിലുള്ള ഭയം മാറാനും പരസ്പരം പരിചയപ്പെടാനുമുള്ള ഗ്രൂപ്പ് ആണ് ഇതെന്ന് അഞ്ജലി ചേച്ചി മെസേജ് അയച്ചു. അങ്ങനെ ഞങ്ങൾ പരിചയമായി. എനിക്ക് ശരിക്കും ചേട്ടനെപ്പോലെയാണ് ഇപ്പോൾ പൃഥ്വിരാജ്.

അടുത്ത് പരിചയപ്പെട്ടപ്പോൾ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വ്യക്തി ആയിരുന്നു പൃഥ്വി. മുൻപ് ഞാൻ കരുതിയിരുന്നത് അദ്ദേഹം എല്ലാത്തിനെയും പറ്റി ഉറച്ച നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് ആണ് എന്നാണ്. പക്ഷെ യഥാർഥ ജീവിതത്തിൽ പൃഥ്വി വളരെ നിഷ്കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ്. അദ്ദേഹത്തിന്റെ ഈ സ്വഭാവസവിശേഷത അടുത്തറിയാൻ സാധിച്ചത് വളരെ സന്തോഷകരം. പൃഥ്വിയുടെ ഈ ആർദ്രമായ സ്വഭാവം ആണ് കൂടെ സിനിമയിലെ ജോഷ്വയ്ക്കും.