ട്രാൻസ്ജെൻഡർ പോളിസി ത്വരിതപ്പെടുത്താൻ മേരിക്കുട്ടിയൊരു പ്രചോദനം: എം.കെ മുനീർ

കേരളം മുഴുവൻ സംസാരിക്കുന്നത് ഞാൻ മേരികുട്ടി എന്ന സിനിമയെക്കുറിച്ചാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രം ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പൊള്ളുന്ന അവസ്ഥകളെ അതിന്റെ പൂർണതയോടെ സത്യസന്ധമായി ആവിഷ്കരിക്കുന്നു. സിനിമ മുന്നോട്ടു വെക്കുന്ന സന്ദേശം ഇന്നത്തെ കേരളത്തിൽ ഏറെ പ്രശസ്തമാണ്. 

‘ഞാൻ മേരിക്കുട്ടി’ കാണാൻ രഞ്ജിത്ത് ശങ്കറിനും ജയസൂര്യയ്ക്കുമൊപ്പം കേരളത്തിലെ മന്ത്രിമാരും തിരുവനന്തപുരത്ത് എത്തിയിരുന്നു.  മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ് സുനിൽകുമാര്‍, സ്പീക്കർ ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ എം.കെ മുനീർ, ഹൈബി ഈഡൻ, കെപിസിസി പ്രസിഡന്റ് എം.എം ഹസൻ, പന്തളം സുധാകരൻ, സബ്‌കലക്ടർ ദിവ്യ എസ് അയ്യർ എന്നിവർ സിനിമ കാണാൻ എത്തിയിരുന്നു. സിനിമയെക്കുറിച്ചും വരുംകാലങ്ങൾ ട്രാൻസ്ജെൻഡേഴ്സിനുവേണ്ടി എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചും എം.കെ മുനീർ സംസാരിക്കുന്നു.

ഞാൻ മേരികുട്ടി എന്ന സിനിമ കേരളസമൂഹത്തിൽ എത്രമാത്രം പ്രസക്തമാണ്?

ട്രാൻസ്ജെൻഡറുകൾ നേരിടുന്ന എല്ലാപ്രശ്നങ്ങളെക്കുറിച്ചും മികച്ചരീതിയിൽ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പൊലീസുകാരുടെ സമീപനം. ട്രാൻസ്ജെൻഡേഴ്സ് എന്നാൽ സെക്സ്‌വർക്കിന് വേണ്ടി മാത്രം ഇറങ്ങുന്നവരാണെന്ന പൊതുധാരണയുണ്ട്. അവരിൽ കലാകാരന്മാരുണ്ട്, നല്ല സംരംഭകരുണ്ട്, എഴുത്തുകാരുണ്ട്, വിവിധമേഖലകളിൽ ജോലി ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ഈ യാഥാർഥ്യം സിനിമ സംസാരിക്കുന്നുണ്ട്. 

സിനിമ കണ്ടതിന് ശേഷം ഞാൻ ജയസൂര്യയോട് സംസാരിച്ചിരുന്നു. ട്രാൻസ്ജെൻഡേഴ്സിന്റെ ഒപ്പമിരുന്ന് സിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം പറഞ്ഞിട്ടുണ്ട്. അവർക്കൊപ്പമിരുന്ന് കാണുമ്പോൾ ഇനിയും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളത് അവർ തുറന്നുപറയുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രാൻസ്ജെൻഡേഴ്സിന് വേണ്ടി കേരളസർക്കാർ വിഭാവനം ചെയ്യുന്ന പദ്ധതികൾ എന്തെല്ലാമാണ്?

കേരളസർക്കാരാണ് ആദ്യമായി ഒരു ട്രാൻസ്ജെൻഡർ പോളിസി കൊണ്ടുവരുന്നത്. ഞാൻ സമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. ട്രാൻസ്ജെൻഡേഴ്സിന് ഐഡി കാർഡ് നൽകണമെന്ന് പോളിസിയിൽ വ്യക്തമാക്കിയിരുന്നു. അത് നടപ്പാക്കാനുള്ള പദ്ധതികൾ ഈ അവസരത്തിൽ ത്വരിതപ്പെടുത്തുന്നുണ്ട്. കേരള പിഎസ്‌സി പരീക്ഷയിൽ മെയിൽ ഫീമെയിൽ കോളത്തോടൊപ്പം ടീ എന്നൊരു കോളവും ജെൻഡർ രേഖപ്പെടുത്താൻ കൊണ്ടുവന്നിട്ടുണ്ട്. 

അന്ന് നടത്തിയ സ്നോബോൾ സർവെപ്രകാരം 25000ത്തോളം ട്രാൻസ്ജെൻഡേഴ്സ് കേരളത്തിലുണ്ട്. നേരത്തെ ട്രാൻസ്ജെൻഡേഴ്സിന്റെ വിഷയങ്ങൾ മുന്നോട്ടുവെക്കുമ്പോൾ കേരളത്തിൽ ട്രാൻസ്ജെൻഡറുകളേയില്ല എന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. ട്രാൻസ്ജെൻഡർ പോളിസി നിലവിൽ വന്ന ശേഷമാണ് കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് പോയവർ തിരികെ വരാൻ തുടങ്ങിയത്.

എന്റെ നിയോജകമണ്ഡലത്തിലാണ് ആദ്യമായി ട്രാൻസ്ജെൻഡർ സൗഹൃദ ടോയ്‌ലെറ്റുകൾ സ്ഥാപിച്ചത്. ഇത്തരം ഷീ ടോയ്‌ലെറ്റുകൾ കേരളത്തിലുടനീളം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനുമുള്ള പദ്ധതികൾ വിപുലീകരിക്കുന്നുണ്ട്. സമീപഭാവിയിൽ സമൂലമായ മാറ്റമുണ്ടാകുന്ന പദ്ധതികളായിരിക്കും ട്രാൻസ്ജെൻഡർ വിഷയത്തിൽ കേരളം നടപ്പിലാക്കാൻ പോകുന്നത്.