Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഷിക്കിന്റേത് വ്യാജ വാദമെന്ന് ഫെഫ്ക: കാരണം കാണിക്കൽ നോട്ടിസും പുറത്ത്

aashiq-fefka

അമ്മ സംഘടനയിലുണ്ടായ വിവാദത്തെതുടർന്ന് രാജി വെച്ച നടിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ ആഷിക്ക് അബു കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. അന്ന് ഫെയ്സ്ബുക്കിൽ ഇട്ട കുറിപ്പിൽ അദ്ദേഹം ഫെഫ്ക സംഘടനയെയും നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ ആ കുറിപ്പിൽ പറഞ്ഞിരുന്ന കാരണം കാണിക്കൽ നോട്ടിസും മറ്റു വാദങ്ങളുമായി ഫെഫ്ക ആഷിക്ക് അബുവിന് മറുപടി കൊടുത്തിരിക്കുന്നു. ആവശ്യമുള്ളപ്പോൾ ഫെഫ്കയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയ ആഷിക്ക് ഇപ്പോൾ സംഘടനയെ തള്ളിപ്പറയുന്നതിനെ കടുത്ത അതൃപ്തിയോടെയാണ് അംഗങ്ങളും ഭാരവാഹികളും കാണുന്നതെന്ന് വ്യക്തം. 

ഫെഫ്ക 29.6.2018ൽ ആഷിക്കിന് അയച്ച കത്ത്

പ്രിയ ആഷിഖ് അബു,

ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയന്റെ ഒരംഗത്തിന് എക്സിക്യൂട്ടീവ് കമ്മിറ്റി ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്‌ ആദ്യമായാണ്. ഇന്നലെ താങ്കളുടെ ഫെയ്സ്ബുക്ക്‌ പോസ്റ്റിൽ യൂണിയന്റെ വേദി താങ്കള്‍ക്ക് ഇപ്പോൾ ലഭ്യമല്ലെന്ന വ്യാജവാദം മുന്നോട്ടുവെച്ച് താങ്കൾ യൂണിയനെതിരെ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. യൂണിയന്‍ വേദി ഇപ്പോൾ ലഭ്യമല്ലെന്ന തോന്നല്‍ താങ്കള്‍ക്കുണ്ടാവാൻ കാരണമായി താങ്കൾ തന്നെ ചൂണ്ടിക്കാണിച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റി താങ്കള്‍ക്കൊരു കാരണം കാണിക്കൽ നോട്ടീസ് തന്നിട്ടുണ്ടെന്നും അതിന് താങ്കൾ ഇതുവരെ മറുപടി നല്‍കിയിട്ടില്ല എന്നുമാണ്.

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെഫ്ക ഇരയോടോപ്പമല്ല എന്നും പക്ഷപാതപരമായ നിലപാടുകള്‍ എടുത്തു എന്നും പ്രസ്തുത കുറിപ്പിൽ താങ്കൾ ആരോപിക്കുന്നു. നടന്‍ ദിലീപ് കുറ്റാരോപിതനായി അറസ്റ്റ്ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിൽ ദിലീപിനെ ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻറ് ചെയ്ത്കൊണ്ട് സംഘടനാതലത്തിൽ ആദ്യം നടപടി സ്വീകരിച്ചത് ഫെഫ്കയാണ്. വിചാരണപൂര്‍ത്തിയാക്കി ദിലീപ് നിരപരാധിത്വം തെളിയിക്കുന്നുണ്ടെങ്കിൽ മാത്രമേ ആ തീരുമാനം പുന:പരിശോധിക്കേണ്ടതുള്ളു എന്നതാണ് ഫെഫ്കയുടെ സുനിശ്ചിതമായ നിലപാട്. അന്നും ഇന്നും എന്നും ഫെഫ്ക ആക്രമണത്തിനിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പൊതുസമൂഹത്തിനും ബോധ്യമുള്ളതാണ്.

aashiq-fefka-1

താങ്കളുടെ ആദ്യ ചിത്രമായ ഡാഡികൂൾ മുതൽ എക്കാലവും ഫെഫ്കയുടെ സഹായ സഹകരണങ്ങൾ താങ്കൾക്കുണ്ടായിട്ടുണ്ട്. ഡാഡികൂളിന്റെ സെറ്റിൽ മറ്റൊരു സംഘടനയുടെ പേരിൽ ഗുണ്ട ആക്രമണമുണ്ടായപ്പോൾ താങ്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സംരക്ഷണമൊരുക്കിയതും നിയമപരമായ പരിരക്ഷ ഏര്‍പ്പാടാക്കിയതും ഫെഫ്കയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ പിന്നിടും താങ്കൾ ഫെഫ്കയുടെ സഹായം തേടിയിട്ടുണ്ട്.

ഫെഫ്കയുടെ കാരണംകാണിക്കൽ നോട്ടീസിനെക്കുറിച്ച് താങ്കൾ സമൂഹമാധ്യമങ്ങളിൽ വസ്തുതാ വിരുദ്ധമായി പരാമര്‍ശിച്ച നിലയ്ക്ക്, താങ്കൾ തന്ത്രപരമായി മറച്ചുവെച്ച ആ നോട്ടിസിന്റെ ഉള്ളടക്കം കേരളത്തിലെ പൊതുസമുഹത്തെ അറിയിക്കണമെന്ന് സംഘടന തീരുമാനിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ യൂണിയന്‍റെയും താങ്കളുടെയും ധാർമ്മികതയേയും സത്യസന്ധതയേയും പൊതുസമൂഹം ഓഡിറ്റ് ചെയ്യട്ടെ.

ചട്ടപ്പടി തന്ന കാരണംകാണിക്കൽ നോട്ടിസിന് ഇതുവരെ മറുപടി നല്‍കാതെ സമൂഹ മാധ്യമങ്ങളിലൂടെ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന താങ്കളെ ഒന്നോര്‍മ്മിപ്പിക്കുന്നു, മേല്‍പറഞ്ഞ നോട്ടിസിന് കാരണമായ സംഭവം നടന്നതിന് ശേഷം അധികാരമേറ്റ ഭരണസമിതിയിൽ ഒരംഗമായി രണ്ടുവര്‍ഷം താങ്കള്‍ പ്രവത്തിച്ചിട്ടുണ്ട്. ആ പദവി വഹിക്കുന്നതിന് താങ്കള്‍ ആരോപിക്കുന്ന ഫെഫ്കയുടെ “ദുഷിപ്പുകള്‍” താങ്കള്‍ക്ക് തടസ്സമായില്ല എന്നതും പൊതുസമൂഹം വിലയിരുത്തട്ടെ.

ടി കാലയളവിൽ താങ്കൾ യൂണിയനു നല്‍കിയ സംഭാവനകളെക്കുറിച്ച് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. ടി കാലയളവിൽ ചേര്‍ന്ന കമ്മിറ്റി യോഗങ്ങളിൽ എത്രയെണ്ണത്തിൽ താങ്കളുടെ സാന്നിധ്യം ഉണ്ടായിരുന്നു..?

താങ്കള്‍ ഇപ്പോഴും ഫെഫ്കയിൽ അംഗമായി തുടരുന്നുണ്ടെന്നും, ഒരംഗത്തിന് ഈ യൂണിയന്‍ കൊടുക്കുന്ന എല്ലാ അധികാര അവകാശങ്ങളും താങ്കൾക്കും ലഭ്യമാണെന്നും, സംഘടനയുടെ ഇടങ്ങൾ ജനാധിപത്യപരമായ ഏതൊരു സംവാദത്തിനും താങ്കൾക്കും കൂടി തുറന്നിട്ടിരിക്കുകയാണെന്നും സംഘടന അറിയിക്കുന്നു.

രണ്‍ജിപണിക്കർ 

പ്രസിഡന്റ്

ജി എസ് വിജയൻ 

ജനറൽ സെക്രട്ടറി

ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ

16.01.2018 ല്‍ ഫെഫ്ക ആഷിക്കിന് അയച്ച കത്ത്

ലുക്ക്സാം ക്രിയേഷൻസ് നിർമിച്ച് താങ്കൾ സംവിധാനം നിർവഹിച്ച സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയുടെ പ്രതിഫല തർക്കവുമായി ബന്ധപ്പെട്ട് ജൂൺ 18ന് ഫെഫ്ക ഡയറക്ടേർസ് യൂണിയന് പരാതി നൽകിയിരുന്നത് ഓർക്കുന്നുണ്ടാകുമല്ലോ

പ്രസ്തുത വിഷയത്തിൽ സംഘടന അടിയന്തര ശ്രദ്ധയോടെ ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തപ്പോൾ അഞ്ചാം നാൾ ജൂൺ 23ന് നന്ദി അറിയിച്ച് താങ്കൾ സംഘടനയ്ക്ക് കത്തയച്ചു. സാൾട്ട് ആൻഡ് പെപ്പറിന്റെ അന്യഭാഷ അവകാശം കൈമാറിയപ്പോൾ നിർമാതാവിൽ നിന്ന് ലഭിക്കാനുള്ള സംഖ്യ വാങ്ങിത്തരണമെന്ന് അപേക്ഷിച്ച് 7.1.2012ൽ വീണ്ടും താങ്കൾ സംഘടനയെ സമീപിച്ച് പതിവ് പോലെ സംഘടന ഇടപെടുകയും പണം വാങ്ങിത്തരുകയും ചെയ്തു.

ഇത്തരത്തിലുള്ള സാമ്പത്തിക പരാതിക്ക് പരിഹാരം കാണുമ്പോൾ തൊഴിൽദാതാക്കളിൽ നിന്നോ പുറത്തുള്ളവരിൽ നിന്നോ അംഗങ്ങൾക്ക് പണം ലഭ്യമാക്കുന്ന സാഹചര്യങ്ങളിൽ സ്വമേധയാ ട്രേഡ് യൂണിയന്റെ പ്രവർത്തന ഫണ്ടിലേക്ക് അംഗങ്ങൾ രസീത് മുഖേന സംഭാവനകൾ നൽകിവരാറുണ്ട്.

ഇത്തരത്തിൽ കിട്ടുന്ന സംഭാവന മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ, സൗജന്യ മെഡിക്കൽ ഇൻഷുറൻ, ചികിത്സാ സഹായം, മരണാന്തര സഹായം തുടങ്ങി സംഘടന നടത്തിവരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയാണ് ചെയ്യാറുള്ളത്.

അത്തരത്തിലുള്ള ഒരു സംഭാവന സംഘടനയുടെ പേരിൽ ചെക്കായി നൽകിയ ശേഷം അന്നത്തെ ഫെഫ്ക ഡയറ്കടേർസ് യൂണിയൻ പ്രസിഡന്റ് ശ്രീ സിബി മലയിലിനോട് ഫോണിലൂടെ ഈ വിഷയത്തെ ചൊല്ലി താങ്കൾ ക്ഷോഭിച്ച് സംസാരിച്ച സാഹചര്യത്തിൽ പ്രസ്തുത വിഷയം അന്നത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി ചർച്ച ചെയ്യുകയും സ്വമേധയ അല്ലാതെ നിർബന്ധമായി അംഗങ്ങളിൽ നിന്ന് പണം സ്വീകരിക്കുന്ന കീഴ്‌വഴക്കം സംഘടനയ്ക്ക് ഇല്ലാത്ത സ്ഥിതിക്ക് പ്രസ്തുത വിവരം കാണിച്ച് ഒരു കത്തും ഒപ്പം താങ്കൾ സംഘടനയ്ക്ക് നൽകിയ ചെക്കും കൂടി 26.6.2012 രജിസ്റ്റേഡായ തിരിച്ച് അയക്കുകയും താങ്കൾ അത് സ്വീകരിക്കുകയും ചെയ്തു.

പിന്നീട് താങ്കൾ 2012 നവംബർ 12ന് നടന്ന സംഘടന തിരഞ്ഞെടുപ്പിൽ പങ്കെടുത്ത് രണ്ട് വർഷക്കാലം ഫെഫ്ക ഡയറക്ടേർസ് യൂണിയൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. അന്നൊന്നും സംഘടനയോട് യാതൊരു വിധത്തിലുള്ള വിയോജിപ്പും താങ്കള്‍‌ പ്രകടിപ്പിച്ചിരുന്നില്ല.

പക്ഷേ അഞ്ച് വർഷങ്ങൾക്ക് ശേഷം താങ്കൾ 26 ജൂലൈ 2017ല്‍ മാധ്യമത്തിന് നൽകി അഭിമുഖത്തിൽ ഫെഫ്ക താങ്കൾക്ക് വേണ്ടി ചെയ്ത കാര്യം മറച്ചുവെയ്ക്കുകയും സംഘടനക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

സാൾട്ട് ആൻഡ് പെപ്പറിന്റെ അന്യഭാഷ അവകാശം വാങ്ങിയ ശ്രീ പ്രകാശ് രാജ് താങ്കളെ കാശ് തരാതെ തന്ത്രപരമായി പറ്റിച്ചെന്നും ഫെഫ്ക ഇടപെട്ട് പ്രശ്നം തീർത്ത വകയിൽ 20 ശതമാനത്തോളം രൂപ കമ്മീഷനായി വാങ്ങിയെന്നും വസ്തുതയ്ക്ക് നിരക്കാത്ത ഗുരുതര ആരോപണമാണ് സംഘടനയ്ക്കെതിരെ താങ്കൾ ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ഗുണ്ടാ ഗ്യാങിന് കൊടുത്തിരുന്നെങ്കിൽ രണ്ട് ശതമാനം മാത്രം കമ്മിഷൻ കൊടുത്താൻ മതിയായിരുന്നുവെന്ന് പരിഹസിക്കുകയും ചെയ്തു.

താങ്കൾ ഫെഫ്കയ്ക്ക് നൽകിയ പരാതിയിൽ ശ്രീ പ്രകാശ് രാജ് ആയിരുന്നില്ല പ്രതിസ്ഥാനത്ത്, ഫെഫ്ക ഇടപെട്ടതും പണം വാങ്ങിതന്നതും നിർമാതാവിൽ നിന്നാണ്. സംഘടനയെ ബലിയാടിക്കൊണ്ടുള്ള താങ്കളുടെ കുത്സിത പ്രവർത്തി എന്തിനാണെന്ന് മനസ്സിലാകുന്നില്ല. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന അസത്യ പരാമർശങ്ങൾ വേറെയും പ്രസ്തുത അഭിമുഖത്തിൽ നടത്തുകയുണ്ടായി.

മലയാള ചലച്ചിത്രലോകം പലതരത്തിലുള്ള അധിക്ഷേപങ്ങൾ നേരിട്ട ആ കാലത്ത് അംഗങ്ങൾക്കിടയിലെ ഐക്യവും സാഹോദര്യവും നിലനിർത്താൻ പ്രതിജ്‍ഞാബദ്ധമായ സംഘടനാ നേതൃത്വം കൂടുതൽ വിവാദങ്ങളിലേക്ക് പോകാതെ താങ്കൾ സ്വയം തിരുത്തുമെന്ന് കരുതി കാത്തിരുന്നു.

പക്ഷേ നാളിത്രയായിട്ടും താങ്കൾ പറഞ്ഞ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണത്തിന് ഒരു തിരുത്തും ഉണ്ടായില്ല. ആവശ്യഘട്ടങ്ങളിൽ സംഘടനയുടെ സേവനം അനുഭവിക്കുകയും പിന്നീട് അതെല്ലാം ബോധപൂർവം മറച്ചുവെച്ച് സമൂഹമധ്യത്തിൽ യാതൊരു പ്രകോപനവുമില്ലാതെ സംഘടനയെ അപമാനിക്കുകയും ചെയ്തതിന്റെ വിശദീകരണം താങ്കൾ രണ്ടാഴ്ചയ്ക്കുള്ളിൽ രേഖാമൂലം ഓഫീസിൽ നൽകണമെന്ന് ഇതിനാൽ അറിയിക്കുന്നു.

വിശ്വസ്തതയോടെ ജി.എസ് വിജയൻ, ജനറൽ സെക്രട്ടറി