സത്യൻ അന്തിക്കാട് ചിത്രത്തിൽ ഫഹദിന്റെ നായിക നിഖില

ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ നിഖില വിമൽ നായികയാകുന്നു. ലവ് 24 ഇൻടു സെവൻ, അരവിന്ദന്റെ അതിഥികൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നിഖില.

ഗസറ്റിൽ പരസ്യം ചെയ്ത് പേര് മാറ്റിയ ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പിആർ ആകാശ് എന്ന പേര് പ്രകാശ് എന്ന് മാറ്റിയ ചെറുപ്പക്കാരനായി ഫഹദ് എത്തുന്നു. ശ്രീനിവാസനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെപിഎസി ലളിത, സബിതാ ആനന്ദ്, മറിമായം മഞ്ജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.

സിനിമയിൽ നിഖിലയെ കൂടാതെ മറ്റുരണ്ട് സ്ത്രീകഥാപാത്രങ്ങൾ കൂടിയുണ്ട്. ഈ രണ്ടു വേഷവും അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായിരിക്കും.

ജോമോന്റെ സുവിശേഷങ്ങള്‍'ക്ക് ശേഷം ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് സിനിമ നിർമ്മിക്കുന്നത്. ജൂലൈ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം. പുതിയ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്.

പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു ചിത്രം കൂടിയാണിത്. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തുന്നു.