Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’ രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരുന്നു: മോഹൻലാൽ

mohanlal



ദിലീപ് അറസ്റ്റിലായ സമയത്ത് ‘അമ്മ’ സംഘടന രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടായിരുന്നെന്ന് മോഹൻലാൽ. ‘അമ്മ’ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം വിളിച്ചുകൂട്ടിയ വാർത്ത സമ്മേളനത്തിലാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്.

മോഹൻലാലിന്റെ വാക്കുകൾ–

അമ്മ പ്രസിഡന്റ് ആകുന്നതിന് മുമ്പേ നാൽപത് വർഷമായി മാധ്യമങ്ങളോട് ബന്ധമുള്ള ആളാണ് ഞാൻ. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. 25 വർഷമായി അമ്മ സംഘടന തുടങ്ങിയിട്ട്. എന്നാൽ കഴിഞ്ഞ ജനറൽബോഡി യോഗത്തിൽ മാധ്യമങ്ങളെ വിളിക്കാതിരുന്നത് തെറ്റായിപ്പോയി. പെട്ടന്നുള്ള പ്രകോപനത്തിൽ ഉണ്ടായ തീരുമാനമാണ്. അത് നവമാധ്യമങ്ങളിലൂടെ തത്സമയം ടെലികാസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഇനി അങ്ങനെയൊരു വീഴ്ച ഉണ്ടാകില്ലെന്ന് ഞാൻ നിങ്ങളോട് ഉറപ്പുപറയുന്നു.

25 വർഷം മുമ്പാണ്ടായിരുന്ന ബൈലോ മാറ്റും. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കും. സിനിമ ഇല്ലാതിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. എല്ലാവർക്കും അവസരം കൊടുക്കും. അതൊക്കെ പുതിയ തീരുമാനങ്ങൾ ആയിരിക്കും. ഡബ്യുസിസി ഒരു കത്തയച്ചിരുന്നു. അത് എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്ത് യോഗം എന്നാണെന്ന് തീരുമാനമെടുക്കും.

ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് പെട്ടന്നൊരു അവൈലബിൾ കമ്മിറ്റി കൂടുന്നു. ദിലീപിന്റെ പ്രശ്നം വന്നപ്പോൾ എന്ത് ചെയ്യണം എന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ദിലീപിന്റെ കാര്യത്തിലെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. അമ്മ രണ്ടായി പിളരുമെന്ന് വരെ അപ്പോൾ സാഹചര്യമുണ്ടായി. പലരും പല അഭിപ്രായങ്ങൾ പറഞ്ഞു. ഫെഫ്കയിൽ നിന്നും പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നും അദ്ദേഹത്തെ മാറ്റി. അങ്ങനെയാണ് ദിലീപിനെ മാറ്റുന്നത്. പക്ഷേ മാറ്റിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത് നിയമത്തിൽ അങ്ങനെ ഇല്ല.

അങ്ങനെ അടുത്ത ജനറൽ ബോഡിയിൽ ഇക്കാര്യം അവതരിപ്പിച്ചു. അവിടെ പല ചോദ്യങ്ങൾ ഉയർന്നു. അദ്ദേഹം കുറ്റക്കാരനല്ലല്ലോ എന്ന് പലരും പറഞ്ഞു. എല്ലാവരും ദിലീപിന് പിന്തുണ നൽകി. ആരും എതിർത്തില്ല. അങ്ങനെയാണ് ദിലീപിനെ തിരഞ്ഞെടുത്തത്. നിയമപരമായി ദിലീപിനെ പുറത്താക്കിയില്ലായിരുന്നു, അദ്ദേഹത്തിന് കത്തയച്ചില്ല, പെട്ടന്നുണ്ടായ തീരുമാനത്തിൽ വാക്കാൽ പുറത്താക്കുകയായിരുന്നു. ദിലീപ് അമ്മയിലേക്ക് തിരിച്ച് വരുന്നില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം സാങ്കേതികപരമായും നിയമപരമായും അമ്മയ്ക്ക് പുറത്താണ്.’–മോഹൻലാൽ പറഞ്ഞു.

‘അമ്മ ഷോയിലെ സ്കിറ്റ് അതിലുളള സ്ത്രീകൾ തന്നെ കഥ എഴുതി ചെയ്തതാണ്. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്ന കൊണ്ടാണ് പലരും അതിനെ വിമർശിക്കുന്നത്.’–മോഹന്‍ലാൽ പറഞ്ഞു.

‘സംഘടനകളിൽ ആർക്കും മത്സരിക്കാമായിരുന്നു. ആരും പക്ഷേ മുന്നോട്ട് വന്നില്ല. ഡബ്യുസിസിയിെല അംഗങ്ങൾ അമ്മയിലെയും കുട്ടികളാണ്. അവർ മത്സരിക്കുന്നതിന് ആരും തടസ്സമല്ലായിരുന്നു. പാർവതിയെ മത്സരത്തിൽ നിന്ന് പിൻവലിച്ചെന്ന് പറയുന്നതൊക്കെ ശരിയാണോ എന്ന് എനിക്ക് അറിയില്ല.’–മോഹന്‍ലാൽ പറഞ്ഞു.

‘നാലു പേരിൽ രണ്ടുപേർ മാത്രമേ രാജി വച്ചുള്ളൂ, ഭാവനയും രമ്യ നമ്പീശനും മാത്രമാണ് സംഘടനയ്ക്കു രാജിക്കത്ത് നൽകിയത്. ബാക്കി രണ്ടുപേരുടെ കത്ത് ഇന്ന് 11.30 വരെ ലഭിച്ചിട്ടില്ല. രാജി വച്ചവർ തിരിച്ചുവന്നാൽ അതു അമ്മ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. അവരെന്തുകൊണ്ട് രാജി വച്ചെന്നു വിശദീകരിക്കേണ്ടവരും. ഞങ്ങളുടേത് 487 പേരുടെ സംഘടനയാണല്ലോ.

‘ദിലീപ് അവസരങ്ങൾ തടഞ്ഞുവെന്ന ആരോപണം നടി പരാതിയായി ഇതുവരെ കത്തു നൽകിയിട്ടില്ല. പുരുഷമേധാവിത്വം എന്നു പറയരുത്. അവർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സംഘടനയ്ക്ക് അകത്തു പറയാം. പുറത്തു പറഞ്ഞിട്ട് ഞങ്ങൾക്ക് സംഘടനയ്ക്ക് അകത്തു പറയാനാകില്ലെന്നു പറഞ്ഞിട്ട് എന്തു കാര്യം?.

നിഷ സാരംഗിന്റെ വിഷയത്തിൽ അമ്മ അവർക്കൊപ്പം തന്നെയാണ്. വിഷയം അറിഞ്ഞപ്പോൾ ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ചിരുന്നു.’– മോഹൻലാൽ വ്യക്തമാക്കി.

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനെടുത്ത തീരുമാനവും അതേ ചൊല്ലിയുണ്ടായ ഭിന്നതകളും വിവാദങ്ങൾ്ക്കും ഇടയിലായിരുന്നു മോഹൻലാലിന്റെ വാർത്താ സമ്മേളനം.

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനായി അമ്മ സംഘടന കൂടിക്കാഴ്ചയ്ക്ക്‌ അവസരമൊരുക്കണമെന്ന് നടിമാരായ രേവതി, പദ്മപ്രിയ, പാര്‍വതി, റിമ എന്നിവർ അമ്മയ്ക്ക് കത്തയച്ചിരുന്നു.

related stories