മൈ സ്റ്റോറി വിജയിച്ചു കാണണമെന്ന് ആഗ്രഹിച്ചു: സജിത മഠത്തിൽ

ഡബ്ല്യൂസിസിയ്ക്കെതിരെ മൈ സ്റ്റോറി സംവിധായിക റോഷ്നി ദിനകർ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് സജിത മഠത്തിൽ. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയിൽ വരുന്നില്ലെന്നുമാണ് സംവിധായികയോട് പറഞ്ഞതെന്നും സജിത മഠത്തിൽ വ്യക്തമാക്കി. 

'മൈ സ്റ്റോറി വിജയിച്ചു കാണാൻ ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ. എന്റെ ഫെയ്സ്ബുക്ക് പേജിൽ ചിത്രത്തെ പ്രമോട്ട് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. വ്യക്തിപരമായി ഒരു സ്ത്രീ സംവിധാനം ചെയ്യണമെന്നും ആ സിനിമ വിജയിച്ചു കാണണമെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാൻ.' സജിത മഠത്തിൽ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

സംഭവിച്ചത് ഇതാണ്

സിനിമയുടെ പ്രൊഡക്ഷൻ ഇടയ്ക്ക് വച്ച് നിന്നു പോയപ്പോൾ സംവിധായിക റോഷ്നി ദിനകർ വിളിച്ചിരുന്നു. ഡബ്ല്യൂസിസി രൂപീകരിച്ച് കുറച്ചു സമയത്തിനുള്ളിലായിരുന്നു അത്. പ്രൊഡക്ഷൻ നിന്നുപോയെന്നും പൃഥ്വിരാജിന്റെയും പാർവതിയുടെയും ഡേറ്റിന് പ്രശ്നമുണ്ടെന്നുമൊക്കെയാണ് പറഞ്ഞത്. അവരെ സഹായിക്കണമെന്ന് പറയുകയും ചെയ്തു. അന്ന് ഞാൻ പറഞ്ഞത്, പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡബ്ല്യൂസിസിക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയിൽ വരുന്നില്ലെന്നുമാണ്.

അത്തരം കാര്യങ്ങൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പോലുള്ള സംഘടനകളെയാണ് സമീപിക്കേണ്ടത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ കൂടെയുണ്ടാകുമെന്നാണ് പറഞ്ഞത്. അവർ ഒരു പരാതി എഴുതി തരണമെന്നോ അത് ഡബ്ല്യൂസിസി വാങ്ങിക്കില്ലെന്നോ അന്ന് പറഞ്ഞിട്ടില്ല. അത്തരം ഒരു ചർച്ചയും അന്ന് നടന്നിട്ടില്ല. 

സിനിമ വലിയ വ്യവസായം

ഒരു സിനിമയിലെ ആർട്ടിസ്റ്റുകൾ ചിത്രത്തിന്റെ പ്രമോഷന് പോകുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുന്നത് ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല. അത് അവർ മനസിലാക്കേണ്ടതുണ്ട്. ഡബ്ല്യൂസിസി രൂപീകരിച്ചിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. സിനിമ വ്യവസായത്തിലെ മറ്റെല്ലാ കാര്യങ്ങളും ഏറ്റെടുത്ത് പണിയെടുക്കാൻ ഡബ്ല്യൂസിസിക്ക് പറ്റില്ല. സിനിമ വ്യവസായം സ്ത്രീ സൗഹൃദ ഇടമായി വളർത്തുക എന്ന വലിയ സ്പനത്തിനായാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നു പറയുക എന്നതാണ് അതിന്റെ ആദ്യപടി. ഉപ്പും മുളകും നായികയെ നേരിൽ കാണുകയും ആവശ്യമായ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.