തലയ്ക്കടിച്ച് ഫഹദ്; വരത്തൻ ടീസർ

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘വരത്തൻ’ ടീസർ പുറത്ത്. ആക്​ഷന്‌ പ്രാധാന്യം നൽകുന്ന സിനിമയാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാഗമൺ, ദുബായ് എന്നിവിടങ്ങളായിരുന്നു പ്രധാനലൊക്കേഷൻ.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമൽനീരദ് ചിത്രത്തില്‍ നായിക. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് എത്തുന്നത്.

സിനിമ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹർഷൻ എഡിറ്റിങ്. സംഗീതം സുഷിൻ ശ്യാം.