‘ഞാനും ചൂഷണത്തിന് ഇരയാണ്’; റിമയോട് മംമ്ത

സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാതെയല്ല താൻ സംസാരിച്ചതെന്ന് മംമ്ത. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയോട് പ്രതികരിച്ച റിമയോട് മറുപടി പറയുകയായിരുന്നു മംമ്ത. 

ബഹുമാനക്കുറവും, ആക്ഷേപവും ആക്രമണവുമെല്ലാം വിശ്വസിച്ച പുരുഷന്മാരില്‍ നിന്നു താനും നേരിട്ടിട്ടുണ്ടെന്നും ഉള്ളില്‍ നിലവിളിക്കുന്ന സ്ത്രീകള്‍ക്കെതിരെ തിരിയാതിരിക്കുകയെന്നും പ്രതികരിക്കുന്നതിനു മുമ്പ് സ്ത്രീകൾ ചിന്തിക്കണമെന്നും റിമയോട് മറുപടിയായി താരം പറഞ്ഞു.

‘നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് അവബോധമുണ്ട്. ഞാന്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്നതിനാല്‍ എനിക്കത് മനസ്സിലാകാതിരിക്കില്ല. സ്വാഭാവികമായി അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നൊരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നത്.’ 

‘അതുകൊണ്ട് തന്നെ സ്ത്രീയെ അബലകളെന്ന് ചിത്രീകരിക്കാനും വായ് അടപ്പിക്കാനും വളരെ എളുപ്പമാണ് ഇവിടെ. ഞാന്‍ വിശ്വസിച്ച ചില പുരുഷന്മാരില്‍ നിന്ന് എനിക്കും മോശം അനുഭവങ്ങളും ചൂഷണവും ഉണ്ടായിട്ടുണ്ട്. പുരുഷന്‍ അപരിചിതനോ, പരിചയമുള്ള ആളാണോ എന്നതിന് പ്രസക്തിയില്ല സ്ത്രീയെ സംബന്ധിച്ച് ഫലം ഒന്ന് തന്നെയാണ്. പ്രിയപ്പെട്ട സ്ത്രീകളെ, തന്റെ ഉള്ളില്‍നിന്ന് നിലവിളിക്കുന്ന സ്ത്രീകള്‍ക്ക് എതിരെ തിരിയരുത്. പ്രതികരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക.’

‘ചുരുക്കത്തില്‍, എനിക്ക് ഇല്ലാത്തത് എമ്പതിയോ ഐക്യുവോ അല്ല.. എനിക്ക് ഇല്ലാത്തത് തെറ്റ് ചെയ്തവരോടുള്ള ക്ഷമയാണ്. ബലാത്സംഗിയെന്ന് തെളിഞ്ഞാല്‍ നീതിപീഠത്തോട് ആവശ്യപ്പെടേണ്ടത് അവരെ തൂക്കിലേറ്റാനാണ്. രണ്ടാമതൊരു അവസരം കൊടുക്കരുത്. സ്ത്രീകളെ നിങ്ങള്‍ പ്രതികരിക്കുകയും ശബ്ദമുണ്ടാക്കുകയും വേണം, ചരിത്രം ആവര്‍ത്തിക്കാന്‍ സമ്മതിക്കരുത്. പരസ്പരം പോരാടുന്നതിന് മുന്‍പ് നിയമവ്യവസ്ഥയ്ക്ക് നേരെ വിരല്‍ച്ചൂണ്ടുക’.–മംമ്ത പറഞ്ഞു.

‘കുറ്റാരോപിതൻ തെറ്റുകാരനാണെന്ന് തെളിഞ്ഞാൽ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം, അത് അയാൾ നടനാണെങ്കിലും അല്ലെങ്കിലും. സാധാരണക്കാർ പീഡനത്തിന് ഇരയാക്കപ്പെടുമ്പോൾ എവിടെയാണ് നമ്മുടെ ശബ്ദം. സിനിമാതാരങ്ങൾ ഉൾപ്പെടുമ്പോൾ മാത്രം ഇത് വലിയ പ്രശ്നമാകുന്നു. ഇവിടെയുള്ള ജനങ്ങളുടെ പ്രശ്നമാണിത്. സിനിമാ ഇൻഡസ്ട്രിയുടെ മാത്രമല്ല.’–മംമ്ത വ്യക്തമാക്കുന്നു.

മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും മംമ്തയുടെ ഈ മറുപടിക്ക് പകരമായി റിമ പറഞ്ഞു.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍ക്കൂടി ആണെന്നും അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നുമുള്ള മംമ്തയുടെ പ്രസ്താവനയാണ് വിവാദമായി മാറിയത്.