ദിലീപിന്റെ അഞ്ജലി, ആസിഫിന്റെ ഫിദ

ദിലീപ് നായകനായ കിങ് ലയറിനു ശേഷം മഡോണ സെബാസ്റ്റ്യൻ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണു ഇബ്‌ലിസ്. ആസിഫലിയാണു നായകൻ. തമിഴിൽ സജീവമായ മഡോണ, വിജയ് സേതുപതിക്കൊപ്പം  അഭിനയിച്ച കവൻ വലിയ വിജയമായിരുന്നു. പാ പാണ്ടി, ജുങ്ക എന്നിവയാണു സമീപകാല റിലീസുകൾ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഒരുക്കിയ വി.എസ്. രോഹിതാണു ഇബ്‌ലിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഇബ്‌ലിസിൽ‍ ഫിദയായി എത്തുന്ന മഡോണ സംസാരിക്കുന്നു 

മലയാളത്തിലെ ഇടവേളകൾ 

തമിഴിലും തെലുങ്കിലും നല്ല തിരക്കാണ്. നല്ല ചിത്രങ്ങൾ കിട്ടിയാൽ തീർച്ചായും മലയാളത്തിൽ അഭിനയിക്കും. മലയാള സിനിമകൾ ചെയ്യുന്നതു കുറച്ചിട്ടില്ല. നല്ല വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളാണെങ്കിൽ  ഉറപ്പായും ചെയ്യും. ഏറ്റവും നല്ല തിരക്കഥകൾ ഉണ്ടാകുന്നതു മലയാളത്തിലാണ്. കഥ കേൾക്കുമ്പോൾ നമ്മളെ അതിലേക്കു ആകർഷിക്കുന്ന എന്തെങ്കിലും  വേണം. വെറുതെ സിനിമകൾ ചെയ്യുന്നതിനോടു യോജിപ്പില്ല. 

ജുങ്ക, വീണ്ടും വിജയ് സേതുപതിക്കൊപ്പം  

നല്ല കമന്റ്സാണു ജുങ്കയ്ക്കു കിട്ടുന്നത്. വിജയ് േസതുപതിക്കൊപ്പം  മൂന്നാമത്തെ ചിത്രമാണ്. ഒരുമിച്ചു കൂടുതൽ സിനിമകൾ ചെയ്യുമ്പോൾ  അഭിനയിക്കാൻ എളുപ്പമാണ്. ജുങ്ക നല്ല കോമഡിയാണ്. കോമഡി നിറഞ്ഞ ഒരു മാസ് സിനിമയാണത്. 

സ്വന്തം ബാൻഡായ എവർ ആഫ്റ്റർ, സംഗീതം

ബൂഗി എന്ന വിഡിയോയാണു അവസാനം  ചെയ്തത്. ഇനിയും ഒട്ടേറെ പാട്ടുകൾ ചെയ്യുന്നുണ്ട്. എനിക്ക് പാട്ട്  മാറ്റി നിർത്താൻ കഴിയില്ല. സിനിമയ്ക്കൊപ്പം  പാട്ടും കൊണ്ടുപോകണമെന്നാണ് ആഗ്രഹം. ഇപ്പോൾ സമയം കുറവാണെന്നതാണു  പ്രശ്നം. മിക്കപ്പോഴും യാത്രയിലായിരിക്കും. വല്ലപ്പോഴുമാണു കോലഞ്ചേരിയിലെ  വീട്ടിലെത്തുന്നത്. ആദ്യം ചെയ്ത വെറുതേ എന്ന വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇബ്‌ലിസ് 

ഫിദ എന്നാണു കഥാപാത്രത്തിന്റെ  പേര്. ഫിദയെക്കുറിച്ചു പരിധി വിട്ടു ഇപ്പോൾ പറയാൻ കഴിയില്ല. നമ്മുടെ ലോകത്ത് ജീവിക്കുന്ന ഫിദയ്ക്കു ഫിദയുടേതായ മറ്റൊരു ലോകമുണ്ട്. സിനിമയിലുള്ള ഫാന്റസി കഥാപാത്രത്തിനുമുണ്ട്. സംവിധായകൻ വി.എസ്. രോഹിത് കഥ പറഞ്ഞപ്പോൾ വളരെ വ്യത്യസ്തത ഫീൽ ചെയ്തിരുന്നു. കഥയിൽ എഴുതി വച്ചിരിക്കുന്ന ആശയം സ്ക്രീനിലെത്തിക്കാൻ രോഹിതിനു  കഴിയുമെന്നു  തോന്നി. അത്ര നല്ല ആശയമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്. 

പ്രേമത്തിലെ സെലിൻ 

മലയാളികൾക്കു സെലിൻ ഏറെ ഇഷ്ടപ്പെട്ട  കഥാപാത്രമാണെന്നതിൽ സന്തോഷമുണ്ട്. അത്തരം കാരക്ടർ കിട്ടുക ഭാഗ്യമാണ്. ഫിദ, സെലിനെപ്പോലെ സ്വീകരിക്കപ്പെടുമോയെന്നു തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. 

അന്യഭാഷകൾ 

തമിഴിനു പുറമെ കന്നഡയിലും തെലുങ്കിലും  സിനിമകൾ ചെയ്യുന്നുണ്ട്. കന്നഡയിൽ കിച്ച സുധീപ് നായകനാകുന്ന കോട്ടിഗൊബ 3 എന്ന സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. തെലുങ്ക് സിനിമയ്ക്കു പേരിട്ടിട്ടില്ല.