അവസരങ്ങൾ നഷ്ടമാകുന്നുണ്ട്: ജോയ് മാത്യു

നടിയെ ആക്രമിച്ച വിഷയവുമായി ബന്ധപ്പെട്ട് നിലപാടുകൾ എടുത്തതിനാൽ അവസരങ്ങൾ നഷ്ടമാകുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മ സംഘടനയുടെ ഭരണഘടന പൊളിച്ചെഴുതണമെന്നും ജോയ് മാത്യു വ്യക്തമാക്കി.

‘അപ്രിയ സത്യങ്ങൾ പറയുന്നു, പലർക്കും ഇഷ്ടമല്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തുന്നു. എനിക്ക് അത് പറയാതിരിക്കാനും കഴിയില്ല. ഞാൻ ജനിച്ച് വീണത് സിനിമാക്കാരനായല്ലല്ലോ? ഞാൻ പ്രതികരിച്ച് പോകും, അത് ചില ആളുകൾക്ക് ഇഷ്ടമാകില്ല. ആ ഇഷ്ടക്കേട് അവർ കാണിക്കും. എന്നാൽ അതൊന്നും എന്റെ സാമൂഹ്യബോധത്തെയോ കലാപരമായ പ്രവർത്തനങ്ങളെയോ മാറ്റിനിർത്തില്ല.’-ജോയ് മാത്യു പറഞ്ഞു.

‘ഒന്ന്, രണ്ട് സിനിമാ അവസരങ്ങൾ നഷ്ടപ്പെട്ടെന്നും തോന്നലുണ്ട്. ആ സിനിമകളിൽ കരാ‍ർ ഒപ്പിട്ടിരുന്നു, പക്ഷേ പിന്നെ വിളിച്ചില്ല. അല്ലാതെ തന്നെ എനിക്ക് സിനിമകൾ ഉണ്ട്. നമ്മളൊരു സംഘടനയിൽ പ്രവർത്തിക്കുമ്പോൾ ആ സംഘടനയുടേതായ ബൈലോ അനുസരിച്ചാണ് പ്രവർത്തിക്കാൻ കഴിയൂ. നിങ്ങൾക്ക് വേണമെങ്കിൽ രാജിവച്ച് പുറത്തുവന്നിട്ട് വിളിച്ച് പറയാം. അതിനേക്കാൾ നല്ലത്, ആ സംഘടനയിൽ നിന്നുകൊണ്ട് തന്നെ അതിനെ നേരെയാക്കുന്നതല്ലേ? ഒരു സംഘടനയെ പൊളിക്കാൻ എളുപ്പമാണ്, എന്നാൽ ഇങ്ങനെയൊരു സംഘടനയെ ഉണ്ടാക്കിയെടുത്ത് അത് നടത്തിക്കൊണ്ട് പോകുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. അതിനെ കണ്ടില്ലെന്ന് നടിക്കരുത്’.–ജോയ് മാത്യു പറഞ്ഞു.

‘അവിടെ തന്നെ നമ്മുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച്, അത് കേൾക്കാന്‍ അവരും തയ്യാറാകണം. അതുകൊണ്ടാണ് അവിടെ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയാത്തത്. ഏത് സംഘടനയിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകണം.’

‘ഞാൻ അഭിനയിക്കുന്ന അഞ്ചോ എട്ടോ സിനിമകൾ പുറത്തുവരാനുണ്ട്. മമ്മൂട്ടിയുടെ അങ്കിളിന് ശേഷം അടുത്ത സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലാണ്. മൂന്നാർ എന്നാണ് സിനിമയുടെ പേര്. നായികാപ്രാധാന്യമുള്ള സിനിമയായിരിക്കും. അത് ആരാണെന്ന് തീരുമാനിച്ചിട്ടില്ല.’–ജോയ് മാത്യു പറഞ്ഞു.