വിജയ് ഫാൻസിന്റെ സിനിമ; ചങ്ക് തകർന്ന് മലയാള സംവിധായകൻ

തെന്നിന്ത്യൻ സിനിമാലോകത്ത് തന്നെ ഇതാദ്യമായാകും ഒരു തമിഴ് സിനിമ പോസ്റ്ററോ പബ്ലിസിറ്റിയോ ഇല്ലാതെ റിലീസ് ചെയ്യുന്നത്. തന്റെ സിനിമയായ "മൂന്ന്റു രസികർ" കള്‍ക്ക് സംഭവിച്ച ദുരിതത്തിൽ തകർന്നിരിക്കുകയാണ് സംവിധായകനായ ഷെബി ചൗഘട്ട്. കമൽഹാസന്റെ വിശ്വരൂപം 2 സിനിമയ്ക്കൊപ്പമായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്.

ഷെബിയുടെ കുറിപ്പ് വായിക്കാം–

‘2015 അവസാനം ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം മൂന്നാം വർഷമാണ് റിലീസിനെത്തുന്നത്. അതും പല തവണ റിലീസുകൾ മാറ്റിവെച്ച ശേഷം. റിലീസിനു പറ്റിയ നല്ല സമയത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു സിനിമയുടെ നിർമാതാവ്. എന്നിട്ട് ആറ്റുനോറ്റിരുന്ന് തിരഞ്ഞെടുത്തത് ഉലകനായകന്റെ വിശ്വരൂപം 2 ന്റെ റിലീസ് ദിവസം.

തമിഴ്നാട് പോലെ വലിയൊരു ഏരിയയിൽ പ്രമോഷനു വേണ്ടി നിർമാതാവ് മുടക്കിയതാവട്ടെ മൂന്നര ലക്ഷം രൂപ.സ്വന്തം മകനടക്കം മൂന്നു പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയെക്കുറിച്ച് അദ്ദേഹത്തിന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നിരിക്കാം.

ആത്യന്തികമായി ഒരു സിനിമയുടെ നഷ്ടം സഹിക്കേണ്ടി വരുന്നത് ഈ പറഞ്ഞ നിർമ്മാതാവ് മാത്രമായിരിക്കാം. എന്നാൽ മാസങ്ങളോളം ഒരു സിനിമയൊരുക്കാൻ കഷ്ടപ്പെടുന്ന സംവിധായകന്റെ നഷ്ടം ഇതിനേക്കാൾ എത്രയോ വലുതാണ്. തന്റെ സൃഷ്ടി വെളിച്ചം കാണുമ്പോൾ അത് ആരും അറിയാതെ പോകുന്നത് ഏറെ വേദനാജനകമല്ലേ? നല്ല ഒരു സിനിമയുടെ വിജയത്തിന് നല്ലൊരു നിർമാതാവിന്റെ കൂടി പിന്തുണ വേണം. അത് പണം മുടക്കുന്നതിൽ മാത്രമല്ല, ഈ സിനിമയോടൊപ്പം താനുണ്ട് എന്ന് മൊത്തം ക്രൂവിനെയും ബോദ്ധ്യപ്പെടുത്തുന്ന ശക്തമായ പിന്തുണ.’–ഷെബി പറഞ്ഞു.

പൊള്ളാച്ചിക്കടുത്തുള്ള ഗ്രാമത്തിൽ നിന്ന്‌ വിജയ്‌യെ നേരിട്ടു കാണാൻ ചെന്നൈയിലെത്തുന്ന മണി എന്ന കടുത്ത വിജയ് ആരാധകന്റെയും അവൻ നഗരത്തിൽ കണ്ടുമുട്ടുന്ന രണ്ട് വിജയ് ഫാൻസിന്റെയും കഥയാണ് മൂൺട്ര് രസികർകൾ. ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തിരിക്കുന്നത് ദളപതി വിജയ്‌യുടെ ചെന്നൈയിലെ വീട്ടിലാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.

പ്രേംയാസ്, റോഷൻ ബഷീർ, പ്രമുഖ നിർമാതാവ് ആൽവിൻ ആന്റണിയുടെ മകൻ ആൽവിൻ ജോൺ എന്നിവരാണ് പ്രധാനതാരങ്ങൾ. കൂടാതെ പവർസ്റ്റാർ ശ്രീനിവാസൻ, തലൈവാസൽ വിജയ്, നിഴൽകൾ രവി, റിയാസ്ഖാൻ, പത്മരാജ് രതീഷ്, മിപ്പു സാമി, ക്രെയിൻ മനോഹർ, മണിമാരൻ, അരുൾ മണി, സേരൻരാജ്, സ്വാതി, മീര, ശ്രീരഞ്ജിനി, ബാലാംബിക തുടങ്ങിയവരും അഭിനയിക്കുന്നു.