‘നിന്റെ മുഖത്തു നോക്കിയിട്ടാണല്ലേ ഇൗ സിനിമയ്ക്ക് പേരിട്ടത്’ മമ്മൂട്ടി ആസിഫ് അലിയോട് പറഞ്ഞത്

ഇബ്‌ലീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ഒന്നാണെന്ന് നടൻ ആസിഫ് അലി. ‘പുതിയ പടമേതാണെന്നു ചോദിച്ചാൽ ഇബ്‌ലീസാണെന്നു ഞാൻ പറയും. കേൾക്കുന്നവർ ഉടനെ അതു നിനക്ക് പറ്റിയ പേരാണെന്നു മറുപടി പറയും. വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടപ്പെട്ട പേരാണ് ഇത്’ ആസിഫ് പറയുന്നു.

‘മമ്മൂക്ക ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിനു വന്നപ്പോൾ ഇവന്റെ മുഖത്തു നോക്കിയാണോ ചിത്രത്തിന് ഇബ്‌ലീസ് എന്നു പേരിട്ടതെന്നു ചോദിച്ചു. എന്റെ ലുക്കിലും സ്വഭാവത്തിലുമൊക്കെ ഇബ്‌ലീസുമായി ഒരു സാമ്യമുണ്ടെന്നു എനിക്ക് തോന്നാറുണ്ട്. മുസ്‌ലിം കുടുംബങ്ങളിലൊക്കെ ഇൗ പേര് വളരെയധികം ഉപയോഗിക്കപ്പെടുന്നുണ്ട്. കുറച്ചു വാത്സല്യത്തോടെ കുട്ടികളെയൊക്കെ ഇങ്ങനെ വിളിക്കാറുണ്ട്’ ആസിഫ് പറഞ്ഞു.

‘മറ്റേതു സംവിധായകൻ ഇൗ കഥ പറഞ്ഞാലും എനിക്ക് വിശ്വാസമാകില്ലായിരുന്നു. പക്ഷെ രോഹിത്തിനെ എനിക്ക്  നന്നായി അറിയാം. സിനിമയെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവ് അഡ്വഞ്ചേഴ്സ് ഒാഫ് ഒാമനക്കുട്ടൻ എന്ന ചിത്രത്തിലൂടെ എനിക്ക് മനസ്സിലായതാണ്. സിനിമയെ മെയ്ക്കിങ്ങിൽ മികച്ചതാക്കാൻ രോഹിത്തിന് സാധിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.’ ആസിഫ് പറഞ്ഞു. 

‘ഒരു നായയെ സിനിമയിൽ മുഴുവൻ എങ്ങനെ അഭിനയിപ്പിക്കുമെന്ന് ഞങ്ങൾക്കും സംശയമുണ്ടായിരുന്നു. പക്ഷെ അത്ഭുതമെന്നു പറയട്ടെ ഒരാഴ്ച കൊണ്ട് നായ ഷൂട്ടിങ്ങ് എന്താണെന്നു മനസ്സിലാക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്തു. നായയുടെ ഭാഗത്തു നിന്ന് നമുക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. നായയെ കൊണ്ട് സാധിച്ചില്ലെങ്കിൽ ഏങ്ങനെ ചെയ്യാമെന്നതിനെക്കുറിച്ച് മറ്റൊരു പ്ലാൻ നമുക്കുണ്ടായിരുന്നു. പക്ഷെ അതിന്റെ ആവശ്യം വന്നില്ല.’ ആസിഫ് കൂട്ടിച്ചേർത്തു.