Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫിയെടുത്തില്ല, ലൈവും വന്നില്ല; രാജീവ് രവി പറവൂരിൽ തന്നെ ആയിരുന്നു

rajeev-ravi-flood

മഹാപ്രളയത്തിന്റെ പിടിയിൽ കേരളം കുടുങ്ങിയപ്പോൾ ദുരിതബാധിതമേഖലകളിൽ സജീവമായി രംഗത്തുണ്ടായിരുന്നവർ ഏറെയാണ്. ഇക്കൂട്ടത്തിൽ ചലച്ചിത്ര പ്രവർത്തകരുടെ പങ്ക് വളരെ വലുതായിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിക്കാതെ നിശബ്ദനായി രക്ഷാദൗത്യം നടത്തിയ ഒരാളെ കുറിച്ച് വൈകിയെത്തിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ ലോകത്തിന്റെ കയ്യടി നേടുന്നത്. പ്രമുഖ സംവിധായകനായ രാജീവ് രവിയെകുറിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

പ്രളയസമയത്ത് പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളിലാണ് ഏത് സമയവും ഈ മനുഷ്യനെന്ന് രാജീവിനെ അടുത്തറിയുന്നവര്‍ പറയുന്നു. ബോംബെയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നുമൊക്കെ സഹായവുമെത്തുന്ന സിനിമാപ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നത് രാജീവാണ്. ഇതെകുറിച്ച് മാധ്യമപ്രവര്‍ത്തകനായ രവിവര്‍മ്മ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ ലോകം ഏറ്റെടുക്കുന്നത്. ‘ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രാജീവിന് പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു. ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല.’ അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

”ഇന്നലെ അച്യുതന്‍ കുട്ടി വന്നു. അച്യുതന്‍ കുട്ടി സത്യജിത്‌റായ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കുന്നു. പൊതു വിഷയം സിനിമയും സിനിമാക്കാരും ആയി. രാജീവ് രവിയുടെ സിനിമകളും പ്രവര്‍ത്തന രീതിയും വിഷയമായി.

അച്യുതന്‍ കുട്ടി: ആ മനുഷ്യന്‍ പറവൂരിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇതുവരെ മാറിയിട്ടില്ല. ഒരുപാട് സഹ സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോഴും ട്രക്കുകള്‍ അത്യാവശ്യ സാധനങ്ങളുമായി എത്തുന്നു.

കൊല്‍ക്കത്തയില്‍ നിന്നും ബോബെയില്‍ നിന്നുമൊക്കെ സിനിമാ വിദ്യാര്‍ത്ഥികളും മറ്റും എത്തിയിരുന്നു. പലരും ഇപ്പോഴും തിരിച്ചു പോയിട്ടില്ല. പ്രവര്‍ത്തനത്തില്‍ ആണ്. സിനിമാ കലക്ടീവിന്റെ പേരിലാണ് സംഭാവനകള്‍. [രാജീവിന്റെ ബാന്നര്‍ ആണത് ] ഒരു വടവൃക്ഷം പോലെ, നിശബ്ദമായി രാജീവ്. ട്രക്കുകള്‍ അയച്ചത് രാജീവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന്…. അച്യുതന്‍ കുട്ടി പറഞ്ഞു കൊണ്ടിരുന്നു ……….

ഇന്ത്യയിലെ മികച്ച സിനിമാറ്റോഗ്രാഫര്‍മാരില്‍ ഒരാളായ രാജീവിന് പക്ഷെ സെല്‍ഫി എടുക്കാന്‍ വലിയ പിടിയില്ലെന്നു തോന്നുന്നു. ഫേസ് ബുക്കില്‍ ഒന്നും കാണുന്നില്ല.”