കാളിയന്‍ ഒരുങ്ങുന്നു; ഞെട്ടിക്കാൻ പൃഥ്വിരാജ്

പൃഥിരാജ് നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാളിയൻ. നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമ കൂടിയായ ഇത് വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥയാണ് പറയുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി അണിയറപ്രവർത്തകര്‍ രംഗത്ത്.

ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഗ്രാഫിക് സ്‌കെച്ചിങ് പൂര്‍ത്തിയായി കഴിഞ്ഞെന്നും ഇപ്പോള്‍ ചിത്രത്തിന്റെ പ്രി- വിഷ്വലൈസേഷന്‍ ഡിജിറ്റല്‍ സ്റ്റോറി ബോര്‍ഡ് തയാറാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ് എന്നും കാളിയന്‍ ടീം അറിയിച്ചു.

കാളിയന്‍ അണിയറപ്രവർത്തകരുടെ കുറിപ്പ് വായിക്കാം–

പൃഥ്വിരാജ് നായകനാവുന്ന എപ്പിക്‌ സിനിമ കാളിയനിലെ കഥാപാത്രങ്ങൾക്ക് ഗ്രാഫിക് രൂപമായി. വേണാടിന്റെ ചരിത്രത്തിലെ അത്യപൂർവ്വമായ ഒരു കഥാസന്ദർഭമാണ് കാളിയനിൽ പുനർജ്ജനിക്കുന്നത്. ചരിത്രത്തോടും കഥാസന്ദർഭത്തോടും നീതി പുലർത്താനാവും വിധം കഥാപാത്രങ്ങളെ വരച്ചുണ്ടാക്കാൻ ഇന്ത്യയിലെയും വിദേശത്തെയും മികച്ച അനിമേഷൻ - വിഷ്വലൈസിങ് വിദഗ്ധരുടെ സംഘത്തെയാണ് നിർമാതാക്കളായ മാജിക് മൂൺ പ്രൊഡക്ഷൻസ് ഏർപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തും മുംബൈയിലുമായി മാജിക് മൂൺ പ്രൊഡക്​ഷൻസിന്റെ ഇൻ ഹൗസ് ടീമുകളായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് സംവിധായകൻ എസ്. മഹേഷ് ആവശ്യമായ നിർദേശങ്ങൾ നൽകുന്നു.

സിനിമയുടെ പ്രീ വിഷ്വലൈസേഷൻ ഡിജിറ്റൽ സ്റ്റോറിബോർഡ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.  തിരുവനന്തപുരത്ത് എം ഫാക്ടറി മീഡിയയുടെ സാങ്കേതിക പങ്കാളിത്തവുമുണ്ട്. ആറ് മാസം കൊണ്ട് ഇവ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമാതാവ് രാജീവ് നായർ പറഞ്ഞു.

ഇതു കഴിഞ്ഞാലുടൻ അഭിനേതാക്കൾക്കായുള്ള ഒഡിഷനും പരിശീലനവും നടത്തും.

കഥാപാത്രങ്ങളുടെ രൂപഭാവങ്ങൾക്കിണങ്ങിയ അഭിനേതാക്കളെ കണ്ടെത്താൻ കാരക്ടർ സ്കെച്ചും മറ്റ് പ്രീ വിഷ്വലൈസേഷൻ പ്രവർത്തനങ്ങളും സഹായകമാകുമെന്ന് സംവിധായകൻ എസ്. മഹേഷ് അഭിപ്രായപ്പെട്ടു.

കാളിയന്റെ ടൈറ്റിൽ ലോഞ്ച് തന്നെ ചലച്ചിത്ര മേഖലയിൽ തരംഗം സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രി പ്രൊഡക്​ഷൻ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നും സംവിധായകൻ പറഞ്ഞു.

സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന കാളിയന്റെ രചയിതാവ് ബി.ടി അനിൽകുമാറാണ്. വിഖ്യാത സംഗീതത്രയങ്ങളായ ശങ്കർ എഹ്സാൻ ലോയ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധായകരാകുന്നു എന്ന പ്രത്യേകതയും കാളിയനുണ്ട്. ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനർ ഷജിത് കൊയേരിയാണ് കാളിയന്റെ ശബ്ദസംവിധായകൻ. തമിഴ് നടൻ സത്യരാജും കാളിയനിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു