ബ്രഹ്മാണ്ഡം; കോടികൾ ഒഴുക്കിയ ശങ്കറിന്റെ 2.0 ടീസർ പുറത്ത്

ഇന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന യന്തിരൻ 2 (2.0) ആദ്യ ടീസർ പുറത്ത്. കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സും ആക്​ഷൻസുമാണ് ടീസറിന്റെ പ്രധാനആകർഷണം. കൂടാതെ ചിട്ടി റോബോട്ട് ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. എ.ആർ റഹ്മാന്റെ പശ്ചാത്തലസംഗീതം മറ്റൊരു ആകർഷണമാണ്.

നേരത്തെ 2.0യുടെ ടീസർ സമൂഹമാധ്യമത്തിലൂടെ ചോർന്നിരുന്നു. 2.0ലെ ഫൂട്ടേജിലെ ചില ഭാഗങ്ങളാണ് അജ്ഞാതർ ചോർത്തി ഇന്റർനെറ്റിലിട്ടത്. ഇത് വൈറലാവുകയും ചെയ്തു. ഇതേ ടീസർ തന്നെയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് ടീസറിൽ നിന്നും വ്യക്തമാകുന്നത്. മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമ. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാർ എത്തുന്നു. ദ് വേൾഡ് ഈസ് നോട്ട് ഒൺളി ഫോർ ഹ്യൂമൻസ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

രജനി നായകനാകുന്ന യന്തിരൻ 2വിൽ അക്ഷയ് കുമാർ ആണ് വില്ലൻ വേഷത്തിലെത്തുന്നത്. 2010ൽ പുറത്തിറങ്ങിയ യന്തിരന്റെ തുടർച്ചയാണ് 2.0. രജനി ഡബിൾ റോളിലാണ് എത്തുന്നത്. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവരാണ് മറ്റുതാരങ്ങൾ.

രജനിക്ക് അക്ഷയ് കുമാർ വില്ലനായി എത്തുന്നു എന്നതാണ് യന്തിരൻ 2വിന്റെ പ്രധാന ആകർഷണ ഘടകം. ഒരു ബോളിവുഡ് സൂപ്പർതാരം രജനിക്ക് വില്ലനായി എത്തുന്നത് തന്നെ ആദ്യം. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു

മുത്തുരാജ് ആണ് കലാസംവിധാനം. യന്തിരന്റെ ആദ്യഭാഗത്തിൽ സാബു സിറിൽ ആയിരുന്നു ആർട് ഡയറക്ഷൻ. ആന്റണിയാണ് എഡിറ്റിങ്. വിഷ്വൽ ഇഫക്റ്റ്സ് ശ്രീനിവാസ് മോഹൻ കൈകാര്യം ചെയ്യും. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്.

ത്രീഡിയിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാർക്, അയൺമാൻ, അവഞ്ചേഴ്സ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്സ് കമ്പനിയായ ലെഗസി ഇഫക്റ്റ്സ് ആണ് സിനിമക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ട്രാൻസ്ഫോർമേഴ്സ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച ആക്ഷൻ ഡയറ്കടർ കെന്നീ ബേറ്റ്സ് ആണ് യന്തിരൻ 2വിന്റെ ആക്‌ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. വിഎഫ്എക്സ് ലൈഫ് ഓഫ് പൈ ടീമായ ജോൺ ഹഗ്സ്, വാൾട്. നവംബർ 29ന് ചിത്രം തിയറ്ററുകളിലെത്തും.