ഹനീഫ് അദേനി–മമ്മൂട്ടി ചിത്രം ‘അമീർ’; 25 കോടി ബജറ്റ്

ഗ്രേറ്റ്ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അമീർ’. 25 കോടി മുതൽമുടക്കിലൊരുങ്ങുന്ന സിനിമ ദുബായിലാകും പൂർണമായും ചിത്രീകരിക്കുക. വിനോദ് വിജയന്‍ ആണ് സംവിധാനം.

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. കൺഫഷൻസ് ഓഫ് എ ഡോൺ എന്നാണ് സിനിമയുടെ ടാഗ്‍ലൈൻ. (ടൈറ്റില്‍ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് കോളിൻസ് ലിയോഫിൽ.)

ചിത്രത്തിൽ മമ്മൂട്ടി അധോലോക നായകനായാകും എത്തുകയെന്ന് റിപ്പോർട്ട് ഉണ്ട്. മലയാളത്തിൽ നിന്നും കൂടാതെ അന്യഭാഷയിൽ നിന്നും പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കും. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്​ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.

ഗ്രേറ്റ്ഫാദറിലൂടെ സംവിധാനരംഗത്തെത്തിയ ഹനീഫ് അദേനിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. നിലവിൽ നിവിൻ പോളിയെ നായകനാക്കി മിഖായേൽ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് അദ്ദേഹം. മമ്മൂട്ടിക്കൊപ്പം മൂന്നാംതവണയും ഒന്നിക്കുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ വാനോളം.

ബിഗ് ബി, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്കു ശേഷം ഗോപിസുന്ദർ ഒരുക്കുന്ന തകർപ്പൻ പശ്ചാത്തലസംഗീതമാകും സിനിമയുടെ മറ്റൊരു മുതൽക്കൂട്ട് ആകുക. മാസ് എന്റർടെയ്നറായ സിനിമയുടെ കരുത്തിനൊപ്പം നിൽക്കുന്നതാകും സംഗീതവും.

സിനിമയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇച്ചായീസ് പ്രൊഡക്​ഷൻസും ആന്റോ ജോസഫും ചേർന്നാണ് നിർമാണം.