‘സ്ഫടികം 2വിൽ ഐപിഎസ് ഉദ്യോഗസ്ഥയായി സണ്ണി ലിയോൺ’

ഏകദേശം നാല് വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സ്ഫടികം 2 അനൗൺസ് ചെയ്തതെന്നും ഒരുകാരണവശാലും ചിത്രവുമായി പിന്നോട്ടില്ലെന്നും സംവിധായകൻ ബിജു കട്ടക്കൽ. സ്ഫടികത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായി സണ്ണിലിയോണ്‍ എത്തുന്നത് സത്യമാണെന്നും ഐപിഎസ് ഉദ്യോഗസ്ഥയായാകും അവർ അഭിനയിക്കുകയെന്നും ബിജു അഭിമുഖത്തിൽ വെളിപ്പെടുത്തി.

‘സ്ഫടികം 2 ഒരു ദിവസം കൊണ്ട് ഉണ്ടായ സിനിമയല്ല, ഏകദേശം നാല് വർഷത്തെ അധ്വാനമുണ്ട് സിനിമയ്ക്ക് പിന്നിൽ. പഴയ സ്ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തൻ റെയ്ബാനെന്ന ആശയവുമായി വന്നത്. റെയ്ബാന്‍ ആർക്കും ഉപയോഗിക്കാവുന്ന ഗ്ലാസ് അല്ലേ? സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.’

‘ആരോപണങ്ങൾ ഉണ്ടാകട്ടെ, സിനിമ തിയറ്ററിൽ വരുമ്പോഴാണ് യഥാര്‍ത്ഥത്തിൽ ഇതിലെന്താണെന്ന് ആളുകൾ തിരിച്ചറിയൂ. ഇപ്പോൾ മോഹൻലാലിന്റെ പേര് വച്ച് ചിത്രം അനൗൺസ് ചെയ്തിരുന്നെങ്കിൽ വിവാദങ്ങൾ ഉണ്ടാകില്ലായിരുന്നു. യങ് സൂപ്പർസ്റ്റാർ എന്നാണ് ഞാൻ പോസ്റ്ററിൽ പറഞ്ഞിരുന്നത്’.

‘ഇതെന്റെ പുതുപുത്തൻ റെയ്ബാൻ ആണെന്നതാണ് ഭദ്രൻ സാറിനുളള മറുപടി. സിനിമ എന്തായാലും നടക്കും. നമ്മളെ തടയാനാകില്ല. രണ്ടാം ഭാഗവുമായി തന്നെ മുന്നോട്ടുപോകും.’

‘സണ്ണി ലിയോൺ തീർച്ചയായും സിനിമയിൽ ഉണ്ടാകും. കഥാപാത്രത്തിന് പ്രധാന്യമുള്ള വേഷമാണ് സണ്ണിയുടേത്. സണ്ണി ലിയോൺ ഐപിഎസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. സിൽക്ക് സ്മിതയുടെ മകളുടെ വേഷമാണ്. അന്ന് സ്ഫടികം വന്നപ്പോഴും സിൽക്കിന്റേത് നല്ലൊരു കഥാപാത്രമായിരുന്നു. സണ്ണിയുടേതും അങ്ങനെ തന്നെ. സ്ഫടികം 2 ഇരുമ്പൻ മാസും ക്ലാസുമായിരിക്കും.’–ബിജു പറഞ്ഞു.

യുവേഴ്‌സ് ലവിങ്ലി'  എന്ന ചിത്രത്തിന്റെ സംവിധായകനാണ് ബിജു. സ്ഫടികം 2 ഇരുമ്പന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന പുതിയ ചിത്രത്തില്‍ ആട് തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥയാണ് പറയുക എന്നും ചിത്രത്തില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ അറിയിച്ചിരുന്നു. 

എന്നാൽ സ്ഫടികം രണ്ടാം ഭാഗം ഒരുക്കാൻ ആർക്കും അവകാശമില്ലെന്നും ആരെങ്കിലും മുന്നോട്ടുവന്നാൽ തന്നെയും ചെയ്യാനാകില്ലെന്നും ഭദ്രൻ മനോരമ ഓൺലൈനോട് വെളിപ്പെടുത്തിയിരുന്നു.

പ്രതിഷേധങ്ങള്‍ തുടരുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നതില്‍ നിന്നു പിന്മാറില്ല എന്നു തന്നെയാണ് സംവിധായകന്റെ നിലപാട്.