Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും തെറ്റിദ്ധരിച്ചു, പുറത്തുപറയാൻ പറ്റാത്ത സംഭവങ്ങൾ ഉണ്ടായി: ഭദ്രൻ

bhadran-mammootty

ഭദ്രന്‍- മമ്മൂട്ടിയും അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു അയ്യര്‍ ദ് ഗ്രേറ്റ്. എന്നാൽ ഈ സിനിമയിൽ ഉണ്ടായ ആർക്കുമറിയാത്ത ചില സംഭവങ്ങൾ വെളിപ്പെടുത്തുകയാണ് ഭദ്രൻ. മമ്മൂട്ടിക്കുണ്ടായ ഒരു തെറ്റിദ്ധാരണ മൂലം അദ്ദേഹം വേണ്ട വിധത്തില്‍ സിനിമയോട് സഹകരിച്ചില്ലെന്നും പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളും സിനിമയുടെ അണിയറയില്‍ നടന്നെന്നും സംവിധായകന്‍ പറയുന്നു. ഒരു മാസികയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

‘കൊയമ്പത്തൂരിലെ ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരന്റെ മകന് ശക്തമായ ഇടിമിന്നലേറ്റു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ആ പയ്യന്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറി. പെട്ടന്നൊരു ദിവസം അവന്‍ ഒരു പ്രവചനം നടത്തി. തന്റെ വീടിനടുത്ത് താമസിക്കുന്ന ഒരു പയ്യനെ ഒരു കൂട്ടം ആളുകള്‍ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലും എന്നായിരുന്നു അത്. ആരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അത് സംഭവിച്ചു.’

Mammootty predicting a plane crash - Bhagawan (Iyer the Great) Movie Scenes

‘ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാന്‍ തിരക്കഥ എഴുതാന്‍ മലയാറ്റൂര്‍ രാമകൃഷ്ണനെ സമീപിച്ചത്. പണം വാങ്ങി, പറഞ്ഞപ്പോലെ അദ്ദേഹം മൂന്ന് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയാക്കിത്തന്നു, മുന്‍കൂര്‍ ജാമ്യം പോലെ ഒരു കാര്യം പറഞ്ഞു, മറ്റ് ചില പ്രശ്നങ്ങള്‍ കാരണം തിരക്കഥയില്‍ അദ്ദേഹത്തിന് വേണ്ടത്ര വിധം ശ്രദ്ധ ചെലുത്താനായില്ലെന്ന്.’

‘വായിച്ചു നോക്കിയപ്പോള്‍ ശരിയാണ്, എന്റെ പ്രതീക്ഷയ്ക്കൊത്ത് അത് ഉയര്‍ന്നില്ല. ഒരുപാട് കഠിനാധ്വാനം ചെയ്താണ് തിരക്കഥ സിനിമയ്ക്ക് വേണ്ട രീതിയില്‍ മാറ്റിയത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ ഇഫക്ട്സുകള്‍ മലയാള സിനിമയില്‍ ആദ്യമായി അവതരിപ്പിച്ചത് ഈ ചിത്രത്തിലായിരുന്നു.’

‘നടന്‍ രതീഷ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. സിനിമയ്ക്ക് വേണ്ട പണം രതീഷ് മറ്റു ചില ആവശ്യങ്ങള്‍ക്കായി മറിച്ചു. . അവസാനം സിനിമ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥ വന്നു.’

‘അതിനിടെ ഭദ്രന്‍ പണം ധൂര്‍ത്തടിക്കുന്ന സംവിധായകന്‍ ആണെന്ന് നിര്‍മാതാക്കളുടെ ഇടയില്‍ ശ്രുതി പരന്നു. ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാട് തെറ്റിദ്ധരിച്ചു. പിന്നീട് അദ്ദേഹം വേണ്ട രീതിയില്‍ സഹകരിച്ചില്ല. അവസാനം മറ്റു ചിലര്‍ ഇടപെട്ട് സംവിധായകന്റെ സ്ഥാനത്ത് നിന്ന് എന്നെ നീക്കം ചെയ്യാനുള്ള ശ്രമം വരെ നടന്നു. പുറത്തു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും ആ സിനിമയുടെ അണിയറയില്‍ നടന്നു. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്നേക്കുറിച്ചുള്ള അഭിപ്രായം മാറി. ചിത്രം സൂപ്പര്‍ ഹിറ്റായി. തമിഴ്നാട്ടില്‍ 150 ദിവസത്തിലധികം ചിത്രം ഓടി.’- ഭദ്രന്‍ പറഞ്ഞു.

പാറൂ കമ്പൈൻസിന്റെ ബാനറിൽ രതീഷ് ആയിരുന്നു നിർമാണം. ചിത്രത്തിന്റെ എഡിറ്റിങിന് എം.എസ് മണിക്ക് ദേശീയപുരസ്കാരം ലഭിച്ചിരുന്നു. 1990ൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. ലോകസിനിമകളിലൂടെ കണ്ട് പരിചയിച്ച സിക്സ്ത് സെൻസ് അഥവാ ആറാം ഇന്ദ്രിയം പ്രമേയമാക്കി എടുത്ത സിനിമ കൂടിയായിരുന്നു അയ്യർ ദ് ഗ്രേറ്റ്.

related stories