ഞാനൊരു മത്സരത്തിന്റെ ഭാഗമല്ല: പൃഥ്വിരാജ്

സിനിമയിൽ മത്സരത്തിന്റെ ഭാഗമല്ല താനെന്നും ഒന്നാമനാകാൻ ആഗ്രഹമില്ലെന്നും പൃഥ്വിരാജ്. ഒട്ടും കഷ്ടപ്പെടാതെ സിനിമയിൽ എത്തിയ നടനാണ് താനെന്നും കഴിവുള്ള ഒരുപാട് പേർ ഇനിയും അവസരം കിട്ടാതെ വെളിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാനൽ  പരിപാടിയിൽ ആരാധകന്റെ ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. എളുപ്പമുള്ള വഴിയേക്കാൾ പ്രയാസമുള്ള വഴി തിരഞ്ഞെടുക്കാനുള്ള കാരണമായിരുന്നു ആരാധകന്റെ ചോദ്യം.

പൃഥ്വിയുടെ വാക്കുകൾ

ഒട്ടും പ്രയാസപ്പെടാതെ സിനിമയിൽ അവസരം കിട്ടിയ ആളാണ് ഞാൻ. എന്നേക്കാൾ കഴിവുളള അർഹതയുള്ള സൗന്ദര്യമുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇന്ന് സിനിമയുടെ വെളിയിൽ ഉണ്ട് എന്നെനിക്ക് അറിയാം.

ഒരു സംവിധായകന്റെ അടുത്തും അഭിനയിക്കണമെന്ന ആഗ്രഹം ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ ഒട്ടും കഷ്ടപ്പെടാതെ സിനിമയിൽ എത്തി. ആദ്യമായി അഭിനയിച്ച സിനിമ വലിയ വിജയമായി. അന്നത്തെ കാലത്ത് വലിയ വലിയ സംവിധായകരും നിർമാതാക്കളും എന്നെവച്ച് സിനിമ എടുക്കാൻ തുടങ്ങി. 

എന്നെ ഇഷ്ടപ്പെടുന്ന ആരാധനക്കൂട്ടമുണ്ടായി. ഇതിനൊന്നും ഒട്ടും കഷ്ടപ്പെടേണ്ടി വന്നിട്ടില്ല. എനിക്ക് എന്താണ് െചയ്യാൻ പറ്റുക. ഇതെല്ലാം സൗജന്യമായി തന്ന സിനിമയ്ക്ക് ഞാൻ എന്തെങ്കിലും തിരിച്ചുചെയ്യണം. എന്റെ താരമൂല്യമാണ് ലക്ഷ്യമെങ്കിൽ എത്തരം സിനിമകൾ പ്ലാൻ ചെയ്യണമെന്ന് എനിക്ക് അറിയാം. അതു മനസ്സിലാക്കാനുള്ള പ്രായവും പക്വതയും അനുഭവവും എനിക്ക് ഉണ്ട്.

എന്നിലെ ഹൃദയം എന്നോടുപറയുന്നത് പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണ്. അതിൽ കൂടെ പോലുള്ള ചില സിനിമകൾ വിജയമാകും. രണം പോലുള്ള സിനിമകൾ വിജയിക്കില്ല, എനിക്ക് അറിയാം. പക്ഷേ പരിശ്രമിക്കാൻ തയാറാകണം. പത്തുവർഷം കഴിഞ്ഞ് അന്ന് അത് പരീക്ഷിച്ചുനോക്കിയില്ലല്ലോ എന്ന് ഓർത്താല്‍ വിഷമമാകും. ഇതാണ് നിങ്ങൾ ഉദ്ദേശിച്ച പ്രയാസപ്പെട്ട വഴിയെങ്കിൽ എനിക്ക് അത് പ്രയാസമല്ല.

ഞാനൊരു മത്സരത്തിന്റെ ഭാഗമല്ല. എനിക്ക് മത്സരിക്കാൻ താൽപര്യമില്ല. ഒന്നാമതാകണമെന്നോ വലിയ ശമ്പളം മേടിക്കണമെന്നോ ആഗ്രഹമില്ല. ഇഷ്ടപ്പെട്ട സിനിമകൾ ഇഷ്ടപ്പെട്ട രീതിയിൽ ചെയ്യാൻ സാധിക്കണം. അത്തരം സിനിമകൾ ചെയ്യണമെങ്കിൽ ഒരുതാരമെന്ന നിലയിൽ എന്താണ് ഇൻഡസ്ട്രിയില്‍ ചെയ്യേണ്ടതെന്നും എനിക്ക് അറിയാം. അതിന് അതിന്റെ പ്രയാസങ്ങളുണ്ട്. അതെനിക്ക് പ്രശ്നമല്ല, കാരണം എളുപ്പത്തിൽ സിനിമയിൽ വന്ന ആളല്ലേ ഞാൻ.