മമ്മൂട്ടി ചിത്രം ഉണ്ട; അണിയറയിൽ വമ്പൻ ടീം

സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് മമ്മൂട്ടിയുടെ പുതിയ പ്രോജക്ട് ആയ ഉണ്ട. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയതു മുതൽ ആരാധകർ ആവേശത്തിലാണ്. നേരത്തെ സിനിമയുടെ പ്രാരംഭഘട്ടത്തിൽ േപരുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ വന്നിരുന്നു.

പേരു കേട്ടവരെല്ലാം കളിയാക്കലും വിമര്‍ശനവുമായാണ് ഇതിനെ വരവേറ്റത്. എന്നാൽ ഇതൊന്നും അണിയറപ്രവർത്തകരെ ബാധിച്ചില്ലെന്നുവേണം കരുതാൻ. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് വേഷമാണ് മമ്മൂട്ടിക്ക്.

നിമിഷനേരം കൊണ്ടാണ് പോസ്റ്റര്‍ തരംഗമായി മാറിയത്. നേരത്തെ പേരായിരുന്നു ആഘോഷമെങ്കില്‍ ഇത്തവണ പോസ്റ്ററാണെന്ന് മാത്രം. പേര് പോലെ തന്നെ വ്യത്യസ്തമായ പ്രമേയമായിരിക്കും. ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയിൽ വമ്പൻതാരങ്ങളാണ് അണിയറയിൽ പ്രവർത്തിക്കുന്നത്.

∙മമ്മൂട്ടി, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങൾ. മമ്മൂട്ടി  പൊലീസ് വേഷത്തിലെത്തുന്നു.

∙ജിഗർതാണ്ട, അമ്മകണക്കു, കെവി.ആനന്ദ്–സൂര്യ പ്രോജ്ക്ട് (സൂര്യ 37) എന്നിവയുടെ ഛായാഗ്രാഹകനായ ഗാവെമിക് ആണ് കാമറ.

∙ദംഗൽ, ബജ്റാവോ മസ്താനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശാം കൗശല്‍ ആണ് ചിത്രത്തിന്റെ ആക്​ഷൻ ഡയറക്ടർ. 

∙പ്രശാന്ത് പിള്ള സംഗീതം. തിരക്കഥ ഹർഷാദ്. ചിത്രസംയോജനം നിഷാദ് യൂസഫ്.

∙സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയർ, അർജുൻ അശോകൻ, ലുക്മാൻ എന്നിവരാണ് മറ്റുതാരങ്ങൾ.

∙തമിഴിലെ പ്രശസ്ത നിർമാതാക്കളായിരുന്ന ജെമിനി സ്റ്റുഡിയോസ്, മൂവി മിൽ (കൃഷ്ണൻ സേതുകുമാർ) എന്നിവരാണ് നിർമാണം. വിതരണം ജെമിനി സ്റ്റുഡിയോസ്.

ബോളിവുഡ് താരങ്ങളും അണിനിരക്കാന്‍ പോകുന്ന ഈ ചിത്രം ഉത്തരേന്ത്യന്‍ ലൊക്കേഷനുകളില്‍ ആണ് ചിത്രീകരിക്കുക. കാസർക്കോട്, മംഗലാപുരം‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. 

കൈനിറയെ ചിത്രങ്ങളുമായി മമ്മൂട്ടി

നിലവിൽ തെലുങ്ക് ചിത്രം യാത്ര, തമിഴ് ചിത്രം പേരൻപ് എന്നിവയാണ് മമ്മൂട്ടിയുടേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്നത്. ഒക്ടോബറില്‍ പേരന്‍പെത്തും, വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്കെത്തിയത് ഈ ചിത്രത്തിലൂടെയാണ്. പിന്നാലെയായി തെലുങ്ക് ചിത്രമായ യാത്രയെത്തും. 

പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ, മാമാങ്കം എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന സിനിമകൾ.

അനൗൺസ് ചെയ്ത ചിത്രങ്ങൾ

കോട്ടയം കുഞ്ഞച്ചൻ 2, ബിലാൽ, അമീർ