അഭിമന്യു ആകാൻ മിനോൺ; സിനിമാ പ്രഖ്യാപനത്തിൽ പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിന്റെ ജീവിതകഥ സിനിമയാകുന്നു. ‘നാന്‍ പെറ്റ മകന്‍’ എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിക്കുന്നത് സജി പാലമേലാണ്. 

സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സിപിഎം പൊളിറ്റ് ബ്യൂറോയംഗം എം.എ.ബേബി നിര്‍വഹിച്ചു. അഭിമന്യുവിന്റെ അഛന്റേയും അമ്മയുടെയും സാന്നിധ്യത്തിലായിരുന്നു സിനിമാപ്രഖ്യാപനം. അഭിമന്യുവിന്റെ ആവേശഭരിത ജീവിതത്തിനു അഭ്രപാളിയില്‍ ചാരുതയേകുന്നത് മിനോണാണ്.  അഛനായെത്തുന്നത് ഇന്ദ്രന്‍സും.

ഇന്ദ്രന്‍സ് ,പന്ന്യന്‍ രവീന്ദ്രന്‍ ,ലെനിന്‍ രാജേന്ദ്രന്‍ , നടി സരയു, സീനാ ഭാസ്‌ക്കര്‍ ,വട്ടവടയിലെ ഗ്രാമവാസികള്‍ , മഹാരാജാസിലെ അഭിമന്യുവിന്റെ സഹപാഠികള്‍ എന്നിവരുടെ സാനിധ്യത്തിലാണ് ലോഞ്ചിങ്ങ് നടന്നത്. നിറകണ്ണുകളോടെ ചടങ്ങിന് സാക്ഷിയായ അഭിമന്യുവിന്റെ മാതാപിതാക്കള്‍,ആശ്വാസവാക്കുകളുമായി അടുത്തെത്തിയവര്‍ക്കു മുന്നില്‍ കണ്ണീര്‍ക്കടലായി.

റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. നവംബറില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ സജി പാലമേല്‍ അറിയിച്ചു. മഹാരാജാസിലും ,വട്ടവടയിലുമായാകും ചിത്രീകരണം.