മമ്മൂട്ടിയുടെ അബ്രഹാം നൂറാംദിനം; ആഘോഷം പൊടിപൊടിച്ച് ആരാധകർ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ബ്ലോക്ബസ്റ്റർ ചിത്രം അബ്രഹാമിന്റെ സന്തതികൾ നൂറാം വിജയം ആഘോഷിച്ച് അണിയറപ്രവർത്തകർ.  മൂന്നു തിയറ്ററുകളിലാണ് ചിത്രം 100 ദിവസം തികച്ചത്. മിഖായേലിന്റെ സെറ്റിൽ സംവിധായകൻ ഹനീഫ് അദേനിയും കൂട്ടരും ചിത്രത്തിന്റെ നൂറാം ദിനം ആഘോഷിച്ചു. ഹനീഫ് ആയിരുന്നു അബ്രഹാമിന്റെ സന്തതികളുടെ തിരക്കഥ.

നേരത്തേ 15 തിയറ്ററുകളില്‍ ചിത്രം 80 ദിവസം മറികടന്നിരുന്നു. എന്നാല്‍ പുതിയ റിലീസുകളോടെ തിയറ്ററുകള്‍ മൂന്നായി ചുരുങ്ങുകയായിരുന്നു. ചില തിയറ്ററുകളില്‍ 100-ാം ദിനത്തോടനുബന്ധിച്ച് ആരാധകര്‍ പ്രത്യേക ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടയത്ത് ആഷ തിയറ്ററിൽ മമ്മൂട്ടി ആരാധകർ വൻ ആഘോഷമാണ് സംഘടിപ്പിച്ചത്. ലോകമൊട്ടാകെ ചിത്രം 22,000 ഷോയും പൂർത്തീകരിച്ചു. കേരളത്തില്‍ മാത്രം 18,000 ഷോകള്‍ പൂര്‍ത്തിയാക്കി. 

സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകാര്യതയാണ് അബ്രഹാമിന് ലഭിച്ചത്. സിനിമയുടെ ആഗോള കലക്ഷനിൽ മോഹൻലാലിന്റെ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണ് അബ്രഹാമിന്റെ സന്തതികളെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല

ഡെറിക് അബ്രഹം എന്ന പൊലീസ് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്‍. നവാഗതനായ ഷാജി പാടൂര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.