Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുണ്ടക്കൽ ശേഖരനെ നിർദേശിച്ചത് മോഹൻലാൽ: ദേവാസുരം അറിയാക്കഥ

mohanlal-ranjith

മലയാളത്തിന്റെ പ്രിയ ദേവാസുരം 25 വര്‍ഷം പിന്നിടുമ്പോള്‍ ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്. 25 വർഷം മുൻപ് പിറന്ന ഒരു കഥ എങ്ങനെയാണ് ദേവാസുരം എന്ന മലയാള സിനിമയിലെ നാഴികക്കല്ലുകളിലൊന്നായി മാറിയത്? മംഗലശേരി നീലകണ്ഠൻ ആരായിരുന്നു? അങ്ങനെ അനുഭവങ്ങളുടെ ആ ഒാർത്തെടുക്കലിൽ അപ്രതീക്ഷിതമായി എത്തിയ ഒരു ചോദ്യം. ആ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയും ചര്‍ച്ചയാകുകയാണ്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത് ‘ദേവാസുരകാലം’ എന്ന പരിപാടിയിലാണ് രഞ്ജിത്ത് മനസ്സ് തുറക്കുന്നത്.

ദേവാസുരകാലം; ‘ദേവാസുര’ത്തിന് 25 വര്‍ഷം ​| Devasuram | Mohanlal | Ranjith | IV Sasi | 25 Years

ദേവനും അസുരനും ഒരുമിച്ചെത്തിയ മംഗലശേരി നീലകണ്ഠൻ എന്ന മാടമ്പി കഥാപാത്രം ചെയ്യാൻ പുതുതലമുറയിലെ ആർക്കാണ് സാധിക്കുക. നർത്തകിയും അഭിനേത്രിയും ദേവാസുരത്തിന് പ്രചോദനമായ മുല്ലശ്ശേരി രാജുവിന്‍റെ പേരമകളുമായ നിരഞ്ജനയുടെ ആ ചോദ്യത്തിന് രഞ്ജിത്തിന്റെ മറുപടി ഇങ്ങനെ.

‘ ഇൗ ചോദ്യത്തിന് ഒരു ഉത്തരം എന്റെ കയ്യിലില്ല. ഇൗ ചോദ്യത്തിന് ഒരു ഉത്തരത്തെ കുറിച്ച് ചിന്തിക്കാൻ പോലും എനിക്ക് കഴിയില്ല. അതൊരിക്കലും ഇൗ തലമുറയിലെ താരങ്ങൾക്ക് കഴിവ് കുറവുണ്ടായത് കൊണ്ടല്ല. പക്ഷേ മംഗലശേരി നീലകണ്ഠൻ എന്ന പേരിന് ഒരു മുഖമേ യോജിക്കൂ. അത് മോഹൻലാലിന്റെയാണ്. അതുമാത്രമല്ല ദേവാസുരം ഇൗ കാലഘട്ടത്തിന്റെ ചിത്രമല്ല. അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ– രഞ്ജിത്ത് പറയുന്നു.

‘മരിച്ചു പോയ നടൻ അഗസ്റ്റിനാണ് ഐ.വി. ശശിയോട് എന്റെ കയ്യിൽ ഇങ്ങനെയൊരു കഥ ഉണ്ടെന്ന് പറയുന്നത്. അന്ന് ദേവാസുരം എന്ന പേരുപോലും തീരുമാനിച്ചിട്ടില്ല. ശശിയേട്ടൻ വിളിച്ചപ്പോൾ ഞാൻ ഉഴപ്പി മാറാൻ നോക്കി. അന്ന് അദ്ദേഹം കോഴിക്കോട് മഹാറാണി ഹോട്ടലിൽ താമസിക്കുകയാണ്, അദ്ദേഹം വിടാൻ ഭാവമില്ലെന്ന് അറിഞ്ഞതോടെ ഞാൻ പോയി കാണുകയും ഈ സിനിമ ജനിക്കുകയുമായിരുന്നു’.–രഞ്ജിത് പറഞ്ഞു.

ചിത്രം കണ്ട ശേഷം രാജുവേട്ടൻ പറഞ്ഞത്, ‘മംഗലശേരി നീലകണ്ഠൻ എന്നേക്കാൾ മര്യാദക്കാരും മാന്യനനുമാണെന്നാണ്’.–രഞ്ജിത് പറഞ്ഞു.

‘മുണ്ടക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രമായി നെപ്പോളിയനെ നിർദേശിച്ചത് മോഹൻലാൽ ആണ്. ലാൽ ഈ തിരക്കഥ പൂർണമായും വായിച്ചു കഴിഞ്ഞ ശേഷം എന്നോട് ചോദിച്ചു, ‘ആരായിരിക്കും ഈ ശേഖരൻ.’ കണ്ടുശീലിച്ചിട്ടുള്ള മുഖങ്ങളിൽ നിന്നും മാറി ചിന്തിക്കാമെന്ന് ഞാൻ ശശിയേട്ടനോട് പറഞ്ഞിട്ടുണ്ടെന്ന് ലാലിനോട് പറഞ്ഞു. അങ്ങനെയെങ്കിൽ ഞാനൊരാളെ നിർദേശിക്കാമെന്ന് ലാൽ പറഞ്ഞു. അങ്ങനെ ലാൽ ആണ് ആ കാസ്റ്റിങ് നടത്തിയത്.

‘ദേവാസുരത്തിന്റെ പൂജ മദ്രാസിൽവച്ചായിരുന്നു. അവിടെ വെച്ചാണ് നെപ്പോളിയനെ കാണുന്നത്. അപ്പോൾ എന്റെ മനസ്സിലും അത് പൂർണമായി. വേറൊരു തമാശ ഉണ്ട്. വില്ലന്‍ കുടുംബത്തിന്റെ പേരായ മുണ്ടക്കൽ എന്നത് എന്റെ അച്ഛന്റെ തറവാട്ടുപേരാണ്. അന്ന് അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ വഴക്കുകേട്ടേനെ.’

‘ആയിരം ആളുകൾ ഫ്രെയിമിൽ വരുക ശശിയേട്ടന്റെ മാത്രം പ്രത്യേകതയാണ്. ഞാൻ സിനിമകൾ സംവിധാനം ചെയ്യുന്ന ആളാണ്. എന്നാൽ നൂറുപേരിൽ കൂടുതൽ വന്നാൽ എനിക്ക് തന്നെ ബുദ്ധിമുട്ടാണ്. ഫ്രെയിമിൽ ഒരുലക്ഷം ആളുണ്ടെങ്കിലും അതിൽ ഒരു ത്രിൽ അനുഭവിക്കുന്ന ആളാണ് ശശിയേട്ടൻ. ദേവാസുരത്തിന്റെ ക്ലൈമാക്സ് മനോഹരമായതും ആ കഴിവുകൊണ്ടാണ്. പരിയാനമ്പറ്റ എന്ന ക്ഷേത്രത്തിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. അതിൽ അഭിനയിച്ചതു മുഴുവൻ അവിടെ തന്നെയുള്ള ആളുകളാണ്.’

‘ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ എന്നോട് ആവശ്യപ്പെടുന്നത് മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ്. ഏത് തരത്തിലുള്ള സിനിമ എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ദേവാസുരത്തിന്റെ രണ്ടാം ഭാഗത്തിലേയ്ക്ക് എത്തുന്നത്.’-രഞ്ജിത് പറഞ്ഞു.

കോഴിക്കോട് സ്വദേശിയായ മുല്ലശ്ശേരി രാജുവിന്റെയും പത്നി ലക്ഷ്മി രാജഗോപാലിന്റെയും പ്രണയത്തെ ആസ്പദമാക്കി എഴുതിത്തുടങ്ങിയ സിനിമയാണ് ദേവാസുരം. എന്നാൽ അതിലേക്ക് കച്ചവടസിനിമയ്ക്കാവശ്യമായ ചേരുവകൾ കൂടി ചേർത്തപ്പോൾ സിനിമ ചരിത്രവിജയമായി. മുല്ലശ്ശേരി രാജുവിന്റെ കൊച്ചു മകളും അഭിനേത്രിയുമായ നിരഞ്ജനയാണ് തന്റെ മുത്തശ്ശനേയും മുത്തശ്ശിയേയും കുറിച്ചുള്ള സിനിമ ഉരുത്തിരിഞ്ഞു വന്നതിന്റെ വഴികളെക്കുറിച്ച് രഞ്ജിത്തിനോട് സംസാരിച്ചത്.