കൂവിയവരോടും തല്ലിപൊളിക്കാൻ വന്നവരോടും നന്ദി: അരുൺ ഗോപി

ദിലീപിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നു കഴിഞ്ഞ വർഷം റിലീസ് ചെയ്ത രാമലീല. ഈ സിനിമ തനിക്കൊരു രണ്ടാം ജന്മമായിരുന്നെന്ന് ദിലീപ് തന്നെ പിന്നീട് പറയുകയുണ്ടായി. അരുൺ ഗോപിയുടെ ആദ്യസംവിധാനസംരംഭത്തിലൊരുങ്ങിയ ചിത്രം റിലീസ് ആയിട്ട് ഒരു വർഷം തികയുകയാണ്.

കണ്ണുനീരിന്റെ നനവോടെ അല്ലാതെ ആ ദിവസം  ഓർക്കാനാകില്ലെന്ന് അരുൺ ഗോപി കുറിച്ചു. സിനിമയെ വിമര്‍ശിച്ചവർക്കും തള്ളിപ്പറഞ്ഞവർക്കും നന്ദിയുണ്ടെന്നും ഒരുവർഷം തികയുന്ന ദിവസം അരുൺ പറയുന്നു.

അരുൺ ഗോപിയുടെ കുറിപ്പ് വായിക്കാം–

സെപ്റ്റംബർ 28!! കണ്ണുനീരിന്റെ നനവോടെ അല്ലാതെ ഓർക്കാനാകാത്ത ദിവസം..!! കരിദിന ആഹ്വാനങ്ങൾക്കും തിയറ്റർ തല്ലിപൊളിക്കുമെന്നുള്ള ആക്രോശങ്ങൾക്കും നടുവിലേക്ക് രാമലീല എന്ന കന്നിചിത്രവുമായി ചങ്കിടിപ്പോടെ വന്ന ദിവസം...!! 

 

പക്ഷെ ദൈവവും പ്രേക്ഷകരും കൈവിട്ടില്ല. സ്വപ്ന തുല്യമായ തുടക്കം നൽകി അവർ ഞങ്ങളെ അനുഗ്രഹിച്ചു..!! നന്ദി പറഞ്ഞാൽ തീരാത്ത കടപ്പാടുകൾക്കു നടുവിൽ ഇതാ ഒരു വർഷം, രാമലീല കാണരുതെന്ന് വിളിച്ചുകൂവിയ ചാനലുകൾക്കും തല്ലിപൊളിക്കാൻ ആക്രോശിച്ചവർക്കും ബഹിഷ്കരിക്കാൻ നിർബന്ധ ബുദ്ധിയോടെ നിന്നവരോടും, എല്ലാരോടും നന്ദി മാത്രം, മനസ്സ് അനുഗ്രഹിച്ചു നൽകിയ ഈ വിജയത്തിന് !!! സ്നേഹപൂർവ്വം....അരുൺ ഗോപി.

സിനിമ ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ രാമലീലയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പുറത്തുവന്നിരുന്നു. ട്രോളന്മാർക്ക് നന്ദി പറഞ്ഞ് രസകരമായ ചില ട്രോൾ പോസ്റ്റുകളും അരുൺ ഗോപി പങ്കുവച്ചിട്ടുണ്ട്.