‘ആ സീനില്‍ ധർമജൻ ചേട്ടൻ ശരിക്കും കരയുകയായിരുന്നു’

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി മണിയെ സ്നേഹിക്കുന്നവർക്ക് കണ്ണീരണിയാതെ കാണാനാകില്ല. വൈകാരികമായ ഒരു ജീവിതയാത്രയാണ് ചാലക്കുടിക്കാരൻ ചങ്ങാതി സമ്മാനിക്കുന്നതെന്ന് സിനിമ കണ്ടവര്‍ പറയുന്നു. മണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സെന്തിൽ കൃഷ്ണ സിനിമ പുറത്തിറങ്ങിയതിന് ശേഷമുള്ള അനുഭവങ്ങൾ മനോരമ ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുന്നു.

കാത്തിരിപ്പുകൾക്കൊടുവിൽ സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. സെന്തിലിന് ലഭിക്കുന്ന പ്രതികരണങ്ങൾ എന്തെല്ലാമാണ്?

സാധാരണ ഒരു സിനിമ ഇഷ്ടമായാൽ എല്ലാവരും വന്ന് സന്തോഷത്തോടെയാണ് കെട്ടിപ്പിടിക്കുന്നത്. പക്ഷെ ചാലക്കുടിക്കാരൻ ചങ്ങാതി കണ്ടിറങ്ങിയവർ കരഞ്ഞുകൊണ്ടാണ് വന്നുകെട്ടിപിടിച്ചത്. പ്രേക്ഷകരോടൊപ്പമാണ് സിനിമ കണ്ടത്. എന്റെ അടുത്ത സീറ്റിലിരുന്ന ഒരു അമ്മൂമ്മ സിനിമ തുടങ്ങി ആദ്യത്തെ ഒരു അഞ്ച് ആറ് സീൻ കഴിയുന്നതുവരെ അവർ എന്റെ സ്ക്രീനിലും എന്റെ മുഖത്തും മാറിമാറി നോക്കി. കുറച്ചുകഴിഞ്ഞ് എന്നെ നോക്കിയില്ല. പക്ഷെ സിനിമ കഴിഞ്ഞവർ എന്റെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. എന്നിട്ട് കെട്ടിപിടിച്ച് കരയുകയായിരുന്നു. എനിക്ക് ലഭിച്ച ഏറ്റവും വൈകാരികമായ പ്രതികരണമതായിരുന്നു.

മണിചേട്ടന്റെ സിനിമയുടെ പുറത്തുള്ള ഒരുപാട് സുഹൃത്തുക്കളും ഏറെ വൈകാരികതയോടെയാണ് പ്രതികരിച്ചത്. മണിയെ വീണ്ടും കാണാൻ സാധിച്ചു എന്ന അവരുടെ വാക്കുകൾ തന്നെയാണ് ഏറ്റവും വലിയ സന്തോഷം.

മണിയുടെ സുഹൃത്ത് കൂടിയാണ് സംവിധായകൻ വിനയൻ. ചിത്രീകരണ സമയത്തെ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരുന്നു?

ചിത്രീകരണ സമയത്തൊക്കെ അദ്ദേഹം പറയുമായിരുന്നു. എനിക്ക് മണിയുടെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. നമ്മുടെയടുത്ത് മണിയുണ്ട്. നിന്റെ ദേഹത്ത് മണി ആവേശിച്ചത് പോലെയുണ്ടെന്ന്. ചിലരംഗങ്ങളിൽ ആ സാന്നിധ്യം എനിക്കും തോന്നിയിരുന്നു. ഞാനിത് സിനിമ ഇറങ്ങുന്നതിന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ ഇത് പറഞ്ഞപ്പോൾ എന്റെ സുഹൃത്തുക്കൾ ചുമ്മാതെ തള്ളാതെടാ എന്ന് കളിയാക്കി. പക്ഷെ സിനിമ കണ്ടതിന് ശേഷം അവരും അങ്ങനെ തന്നെയാണ് പറയുന്നത്.

സിനിമയിൽ ഒരു സുപ്രധാനരംഗം രാത്രിയിലായിരുന്നു ഷൂട്ട് ചെയ്തത്. അതുകഴിഞ്ഞ് എല്ലാവരും പാക്ക്അപ്പ് പറഞ്ഞു. അതിനുശേഷം വിനയൻ സാറും ടിനിടോം ചേട്ടനും കൂടി മണിചേട്ടന്റെ കാര്യം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അതേ കോസ്റ്റ്യൂമിൽ തന്നെ കയറിച്ചെന്നു. പെട്ടന്ന് സാർ മണി.. എന്നു പറഞ്ഞ് ചാടി എഴുന്നേറ്റു. അതൊക്കെ മറക്കാനാകാത്ത അനുഭവമായിരുന്നു.

കലാഭവൻ മണിയെ നേരത്തെ അനുകരിച്ചിട്ടുണ്ടോ?

ഇല്ല, ഞാനിതുവരെ മണിചേട്ടനെ അനുകരിച്ചിട്ടില്ല. സിനിമയ്ക്കുവേണ്ടിയാണ് അദ്ദേഹത്തിന്റെ ഹിറ്റ് നമ്പറുകളായ കുരങ്ങനും എലിയുടെ പ്രർഥനയുമൊക്കെ പഠിച്ചത്. മണിയായി അഭിനയിക്കുന്നയാൾ കറുപ്പായിരിക്കണം, പൊക്കം വേണം എന്നുമാത്രമേ വിനയൻ സാർ നിബന്ധന വെച്ചിരുന്നുള്ളൂ. ഒരിക്കലും മണിചേട്ടനെ അനുകരിക്കുന്നയാളാകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. 

പുള്ളിമാൻ എന്ന ചിത്രത്തിൽ ചേട്ടനോടൊപ്പം അഭിനയിച്ചപ്പോൾ എന്നെങ്കിലും ഇതുപോലെയൊക്കെ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. മണി ചേട്ടനെ തന്നെ അവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. 

മണിയുടെ സുഹൃത്തുക്കളോടൊപ്പമുള്ള അഭിനയത്തെക്കുറിച്ച്?

സലിംകുമാർ ചേട്ടനും ധർമ്മജൻ ചേട്ടനുമൊക്കെ മണിചേട്ടനുമായി വർഷങ്ങളായി ഹൃദയബന്ധം സൂക്ഷിക്കുന്നവരാണ്. സലിം ചേട്ടന് ആദ്യം സംശയമുണ്ടായിരുന്നു എനിക്ക് മണിചേട്ടനെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ സാധിക്കുമോയെന്ന്. പക്ഷെ സിനിമ പൂർത്തിയായപ്പോൾ അദ്ദേഹം ഒരുപാട് അഭിനന്ദിച്ചു. വിനയൻ സാറിനോട് അത് പറയുകയും ചെയ്തു.

സിനിമയുടെ ക്ലൈമാക്സ് രംഗം വല്ലാത്തൊരു അനുഭവമായിരുന്നു. എല്ലാവർക്കും അറിയാവുന്നതുപോലെ മണിചേട്ടന്റെ അവസാനനിമിഷങ്ങളായിരുന്നു. ആംബുലൻസിൽവെച്ചുള്ള രംഗമായിരുന്നു. ആ സീനിൽ ധർമ്മജൻ ചേട്ടൻ ശരിക്കും കരയുകയായിരുന്നു. കൂടെയുള്ള എല്ലാവരും കരച്ചിലടക്കാൻ പാടുപെട്ടു. വിനയൻ സാർ കട്ട് പറഞ്ഞശേഷവും ആ രംഗങ്ങൾ ചിത്രീകരിച്ച ശേഷം വല്ലാത്തൊരു അവസ്ഥയായിരുന്നു. ഞാൻ ആംബുലൻസിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞും എല്ലാവരും മണിചേട്ടനെ ഓർത്ത് കരയുകയായിരുന്നു.