സിനിമകളില്‍ വനിതാ സെല്‍ പ്രഖ്യാപിച്ച്‌ ആഷിക്ക് അബു

തൊഴില്‍ ചൂഷണങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും നേരിടുന്നതിന് സ്ത്രീകള്‍ക്കായി ഇനി ആഭ്യന്തര പരാതി സെല്‍ ഉണ്ടായിരിക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. തങ്ങള്‍ ഭാവിയില്‍ നിര്‍മിക്കുന്ന സിനിമകളില്‍ കമ്മിറ്റി (ഐസിസി ഇന്റേണല്‍ കംപ്ലെയ്ന്റ് കമ്മിറ്റി) പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക്ക് അബു ഐസിസിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാമെന്നും ആഷിക്ക് അബു പറയുന്നു.

അമ്മ ഭാരവാഹികള്‍ക്കെതിരെ ഡബ്ല്യുസിസി അംഗങ്ങള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായെന്ന് നടി അര്‍ച്ചന പത്മിനി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് താന്‍ നേരിട്ട് പരാതി നല്‍കിയെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന ആരോപണവും അര്‍ച്ചന ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആഷിക്ക് അബു പുതിയ കുറിപ്പുമായി എത്തിയത്.

ആഷിക്ക് അബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍ ഭാവിയില്‍ നിര്‍മിക്കുന്ന സിനിമകളില്‍ ICC (Internal Complaint Committee) പ്രവര്‍ത്തിക്കുന്നതായിരിക്കും. എല്ലാ വിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങളും വിശിഷ്യാ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങളും ചൂഷണങ്ങളും ഈ കമ്മിറ്റിക്ക് മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യാം. സുരക്ഷിത തൊഴിലിടം, എല്ലാവര്‍ക്കും !