ഡൽഹി ചലച്ചിത്രോത്സവത്തില്‍ തിളങ്ങി ‘കോട്ടയം’

ഏഴാമത് ഡൽഹി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ തിളങ്ങി ‘കോട്ടയം’ എന്ന ചിത്രം. മേളയിൽ മികച്ച അഭിപ്രായം നേടിയ സിനിമയ്ക്ക് ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.ലുക്കാ ചുപ്പിയുടെ ഛായാഗ്രാഹകൻ ബിനു ഭാസ്കറാണ് സംവിധായകൻ. ബിനു തന്നെ ഛായാഗ്രഹണവകുപ്പിന്റെ മേധാവിയും. ഇതൊഴിച്ചാൽ ബാക്കിയെല്ലാവരും തന്നെ ഈ സിനിമയുമായി സഹകരിച്ചു തുടങ്ങുമ്പോൾ പുതുമുഖങ്ങളോ തുടക്കക്കാരോ ആയിരുന്നു.

ഒരുകൂട്ടം പുതുമുഖങ്ങളുടെ, അതും പുതുതലമുറയുടെ വികാരവിചാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഘം, അണിയിച്ചൊരുക്കിയ ‘കോട്ടയം’ മോൺട്രിയോൾ രാജ്യാന്തര ചലച്ചിത്രമേളയിലൂടെയാണ് സ്ക്രീനിലെത്തുന്നത്. അഭിനേതാക്കളിൽ മാത്രമല്ല പുതുമുഖങ്ങൾ, അണിയറക്കാരിലും ഈ നവത്വം ഉറപ്പിച്ചുവെന്നതാണ് നിർമാതാക്കളെടുത്ത് ഏറ്റവും വലിയ റിസ്ക്. 

മലയാളത്തിനെന്നല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അന്യനല്ലെങ്കിലും സംഗീത് ശിവന്റെ ‘അരങ്ങേറ്റത്തിനും’ കോട്ടയം വഴിയൊരുക്കുന്നു - അഭിനേതാവെന്ന നിലയിൽ. അനീഷ് ജി. മേനോനെക്കൂടി സ്ക്രീനിൽ മുമ്പ് കണ്ടിട്ടുണ്ടാകും. 

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അതാകട്ടെ സത്യം തേടിയുള്ള ഒരു യാത്രകൂടിയാകുന്നു. കോട്ടയത്തു നിന്നു തുടങ്ങുന്ന യാത്ര ഇടുക്കിയും തമിഴ്നാടും ബംഗാളും അസമും കടന്ന് അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തിയിൽ എത്തിനിൽക്കുന്നു. പ്രണയത്തിലും കുടുംബത്തിന്റെ പാരമ്പര്യത്തിലുമൊക്കെ തുടങ്ങിയ വിഷയം കുടിയേറ്റവും ഭൂമി കയ്യേറ്റവുമൊക്കെയായി നാടിന്റെ യഥാർഥ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. അവിടെന്നങ്ങോട്ട് പ്രേക്ഷകന്റെ മനസിൽ ഈ യാത്ര തുടരുമെന്നു തന്നെയാണ് സംവിധായകൻ ബിനു ഭാസ്കറിന്റെ വിശ്വാസം.

മത്തച്ചനായി സിനിമയിൽ നിറഞ്ഞുനിൽക്കുന്ന സംഗീത് ശിവൻ സംവിധാനവും തിരക്കഥയെഴുത്തുംപോലെ തന്നെ അഭിനയവും അനായാസമായി വഴങ്ങുമെന്നു വിളിച്ചറിയിക്കൂകുകൂടിയാണ് കോട്ടയത്തിലൂടെ. മത്തച്ചന്റെ വലംകൈയായ ജോണിയെയാണ് അനീഷ് അവതരിപ്പിക്കുന്നത്.  നർത്തകിയും യോഗ അധ്യാപികയുമായ അന്നപൂർണി ദേവരാജ (സാറ), നാടകപ്രവർത്തകനായ ഷഫീഖ് (ബധിരനും മൂകനുമായ മനീഷ്), മോഡലും നാഗാലാൻഡിൽ അധ്യാപികയുമായിരുന്നു നിസാൻ (അപാലി), രാജേഷ് പിള്ളയുടെ സഹസംവിധായകനായിരുന്ന രവി മാത്യു (എസ്. പി. രവി മാത്യു) അഭിനേത്രിയും നർത്തകിയുമായ നിമ്മി റാഫേൽ (സി.ആർ.പി. എഫ്. ഓഫിസർ ആനി) എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന തുടക്കക്കാർ. 

ഭാരതത്തിൽ കഴിഞ്ഞവർഷം മുപ്പത്തിയാറായിരത്തിലേറെ മാനഭംഗങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും നാലിലൊന്ന് കുറ്റവാളികൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നുംകൂടി കണക്കിലെടുക്കുമ്പോൾ കോട്ടയം ഏറ്റെടുക്കുന്നത് ഈ ലിംഗവിവേചനംകൂടിയാണ്. എന്തുകൊണ്ട് കേരളത്തിലേക്ക് കുടിയേറ്റമുണ്ടാകുന്നുവെന്നും കുറ്റകൃത്യങ്ങളുണ്ടാകുന്നുണ്ടെങ്കിൽ അതിനു കാരണമെന്തെന്നുംകൂടി ചൂണ്ടിക്കാണിക്കുന്നു. ആരാണ് ഉത്തരവാദികളെന്നും…യാത്രകളിലൂടെയാണ് ഇതിനു ദൃശ്യഭാഷ ഒരുക്കുന്നത്. നിത്യേന കാണുന്നതും കേൾക്കുന്നതും മാത്രമല്ല സത്യമെന്നും അവയ്ക്കു പിന്നിലെ യഥാർഥ സത്യങ്ങൾ കണ്ടെത്താൻ കണ്ണും കാതും കൂടുതലായി തുറന്നിരിക്കണമെന്നും ‘കോട്ടയം’ സാധാരണ പ്രേക്ഷകനെ ഓർമിപ്പിക്കുന്പോൾ, സത്യം തേടിയുള്ള യാത്രയിലൂടെ അണിയറക്കാർ തിയറ്ററിലേക്കു പ്രതീക്ഷിക്കുന്നവരിൽ യാത്രകൾ ഹരമാകുന്ന പുതിയ തലമുറയുമുണ്ട്. രാജ്യത്തിനു പുറത്തുള്ള പ്രേക്ഷകരെ സംബന്ധിച്ചിടത്തോളമാകട്ടെ അവർ ഇതുവരെ കണ്ടിട്ടില്ലാത്ത ഇന്ത്യയാണ് ‘കോട്ടയ’ത്തിലൂടെ തെളിയുന്നത്.