‘ഇന്ദ്രന്‍സിനും വിനായകനും അവാര്‍ഡ് കൊടുത്തത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല’

നായകൻ വിനായകൻ: തലശ്ശേരിയിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങിയ ശേഷം വിനായകൻ സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. നടി കെപിഎസി ലളിത, നടൻ മുകേഷ്, റാണി ജോർജ്, സംവിധായകൻ കമൽ, എ.എൻ.ഷംസീർ എംഎൽഎ, മന്ത്രി എ.കെ.ബാലൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സമീപം.

മികച്ച നടന്മാര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനും, വിനായകനും ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. പാലക്കാട് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിനായകന്റെ സാനിധ്യത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 

'ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോളത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല, പിന്നീട് പറയാം' മന്ത്രി പറഞ്ഞു. വിനായകന് അവാര്‍ഡ് കൊടുത്തതോടെ താരത്തിനല്ല അഭിനയത്തിനാണ് അംഗീകാരമെന്ന് സര്‍ക്കാര്‍ തെളിയിച്ചു. ഇന്ദ്രന്‍സിന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരം നിര്‍ണ്ണയങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ശരിയുടെ നിലപാടുമായി മുന്നോട്ട് പോവുകയാണ്.' മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് ആവശ്യമെന്ന് തോന്നിയാല്‍ പട്ടികജാതി വിഭാഗക്കാര്‍ക്കു വേണ്ടി ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്നും ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ നൈപുണ്യം നല്‍കുന്നുണ്ടെന്നും ഇത്തരത്തില്‍ മികവുപുലര്‍ത്തിയ 1500 പേര്‍ക്ക് വിദേശത്ത് തൊഴില്‍ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഡോ. ബിജു, കെ കെ കൊച്ച്, സി ജെ കുട്ടപ്പന്‍, നടന്‍ വിനായകന്‍, ദളിത് ചിന്തകന്‍ കെ എം സലിംകുമാര്‍, ഡോ. പി കെ ബാലകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, നാടന്‍പാട്ട് കലാകാരി പ്രസീത ചാലക്കുടി, ബാല നടന്‍ ചേതന്‍, കായികതാരങ്ങളായ ബബിത, സൂര്യമോള്‍, പൊറാട്ട് നാടക കലാകാരന്‍ മണ്ണൂര്‍ ചന്ദ്രന്‍, കവി ജിതേഷ് തക്കിടിപ്പുറം, നാടന്‍പാട്ട് കലാകാരന്മാരായ ജനാര്‍ദനന്‍ പുതുശേരി, പ്രണവം ശശി എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.