‘പിക്‌സേലിയ’ കൊല്‍ക്കത്ത ചലച്ചിത്ര മേളയിൽ

രതീഷ് രവീന്ദ്രന്‍ സംവിധാനം ചെയ്ത ‘പിക്‌സേലിയ’ കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മേളയിലെ ഔദ്യോഗിക ചിത്രമായി ഇന്ത്യന്‍ മല്‍സര വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ആര്‍.കെ. എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡോക് ആര്‍ട്ട് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ രഞ്ജിത് കരുണാകരന്‍, ഷര്‍മിള നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നേരത്തെ ചിത്രം ലണ്ടന്‍ ഇന്റര്‍നാഷണല്‍ മോഷന്‍ പിക്‌ചേഴ്‌സ് അവാര്‍ഡ്‌സിലേയ്ക്കും യോഗ്യത നേടിയിരുന്നു. 

മലയാള സിനിമയ്ക്ക് അഭിമാന നേട്ടം സമ്മാനിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നതും സംവിധായകന്‍ രതീഷ് രവീന്ദ്രന്‍ തന്നെ. ഫിലിമോക്രസിയുടെ സഹകരണത്തോടെ ഒരുങ്ങുന്ന സ്വതന്ത്ര സിനിമയാണ് പിക്‌സേലിയ. ചിത്രത്തിന്റെ ഛായാഗ്രഹണം സഖ്യദേബ് ചൗധരി നിര്‍വഹിക്കുന്നു. എഡിറ്റിങ് കിരണ്‍ ദാസ്.