കിഫ് ചലച്ചിത്രമേളയിലേക്ക് സായാഹ്നങ്ങളിൽ ചില മനുഷ്യർ

കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (കിഫ്) മലയാളിയായ പ്രവീൺ സുകുമാരൻ സംവിധാനം ചെയ്ത സായാഹ്നങ്ങളിൽ ചില മനുഷ്യർ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ ഭാഷാചിത്രങ്ങൾക്കായുള്ള മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. നവംബർ 10 മുതൽ 17 വരെ കൊൽക്കത്തയിലാണ് കിഫ് മേള നടക്കുന്നത്.   

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ഇയ്യോബിന്റെ പുസ്തകം, ഇരട്ടജീവിതം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്ത സുർജിത്ത് ഗോപിനാഥ്, പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകനും നടനുമായ പി.ആർ ജിജോയ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമി, ബൈജു ബാല, മധു ഉമാലയം, രോഹിത് രാംദാസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. 

ഗുരുതരമായ അസുഖം ബാധിച്ച പ്രശസ്തനായ ഫിലോസഫി പ്രൊഫസർ തന്റെ ജീവിതത്തിന്റെ അവസാന ദിവസങ്ങൾ ചെലവഴിക്കാൻ ഒരു താഴ്വരയിൽ എത്തുന്നതും അദ്ദേഹത്തിന്റെ സ്വത്വാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. താഴ്‌വരയിലെ ജീവിതത്തിൽ അദ്ദേഹത്തിന് കൂട്ടാകുന്നത് ഒരു പഴയ വിദ്യാർത്ഥിയാണ്. ഇവർക്കിടയിൽ രൂപപ്പെടുന്ന സവിശേഷമായ ബന്ധവും ചിത്രം ചർച്ച ചെയ്യുന്നു. 

ദേശീയ പുരസ്കാര ജേതാവായ അപ്പു പ്രഭാകറാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അഗ്നോസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ശ്രീകല പ്രവീണാണ് ചിത്രത്തിന്റെ നിർമാണം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ അധ്യാപകനായിരുന്ന പ്രവീണിന്റെ രണ്ടാമത്തെ ചിത്രമാണിത്.