ഡിങ്കനാകാൻ ദിലീപ് ബാങ്കോക്കിലേക്ക്

സിനിമാ ഷൂട്ടിങ്ങിനായി ദിലീപിനു വിദേശയാത്ര നടത്താം. യാത്രയ്ക്കുള്ള ദിലീപിന്‍റെ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ചു. ഈ മാസം 15 മുതൽ ജനുവരി അഞ്ചു വരെ ബാങ്കോക്കിലേക്കു പോകാനാണ് അനുവാദം ചോദിച്ചത്. പ്രൊഫസർ ഡിങ്കൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിനാണ് യാത്ര.

യാത്രയ്ക്ക് അനുമതി നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി നിരസിച്ചു. യാത്ര അനുവദിച്ചാൽ വിചാരണ നീണ്ടുപോകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, വിചാരണയ്ക്കു സ്പെഷൽ കോടതി രൂപീകരിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. യാത്രയ്ക്കു ശേഷം തൊട്ടടുത്ത ദിവസം പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

യാത്രയ്ക്കു മുൻപ് യാത്ര സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കണം. എവിടെ താമസിക്കുന്നു, ബാങ്കോക്കിൽ എവിടെയൊക്കെ യാത്ര ചെയ്യുന്നു, കൂടെയുള്ളത് ആരൊക്കെ എന്നിവയാണ് അറിയിക്കേണ്ടത്.

പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് മറ്റുതാരങ്ങൾ. നിർമാണം സനൽ തോട്ടം.