ആ മാപ്പ് പൃഥ്വിക്ക് വേണ്ടിയല്ല; ‘രാജപ്പന്‍’ വിവാദത്തിൽ ഐശ്വര്യ ലക്ഷ്മി

സിനിമയിൽ മൂന്നു സിനിമകളുടെ പ്രായം മാത്രമേ ഉള്ളൂവെങ്കിലും അതിലേറ‌െ കണ്ടുശീലിച്ചതിന്‍റെ പരിചയമുണ്ട് മലയാളികൾക്ക് ഐശ്വര്യ ലക്ഷ്മിയോട്. സിനിമയിൽ തഴക്കം വരും മുൻപ് സൈബര്‍ ഇടങ്ങളിലെ ആക്രമണത്തിന് ഈ യുവതാരവും ഇരയായിട്ടുണ്ട്. മായാനദിയിലെ ചില രംഗങ്ങളും സിനിമയിലെത്തും മുൻപ് പൃഥ്വിരാജിനെക്കുറിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പുമൊക്കെ വിമർശനങ്ങൾക്കിടയാക്കി.

പൃഥ്വിരാജിനെ രാജപ്പൻ എന്നു വിളിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റ്. പഴയ പോസ്റ്റ്  ആരോ കുത്തിപ്പൊക്കി. വിവാദമായതോടെ ഐശ്വര്യ മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തി. ആ പ്രായത്തിൽ താരാരാധനയുടെ പുറത്ത് ചെയ്ത കാര്യമാണതെന്നു വിശദീകരിച്ചായിരുന്നു മാപ്പ്.

ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് ഐശ്വര്യ. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്. സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് സ്ത്രീകൾക്ക് ചിലർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ചിലർക്കിഷ്ടമില്ലാത്തതു പറഞ്ഞാൽ വ്യക്തിഹത്യ ആരംഭിക്കുമെന്നും ഐശ്വര്യ പറയുന്നു. 

‘ആ കമൻറ് പോസ്റ്റ് ചെയ്യുമ്പോൾ ഞാൻ സിനിമയിൽ എത്തിയിട്ടു പോലുമില്ല. അതുപോലൊരു പരാമർശം ഇപ്പോൾ ഞാൻ നടത്തില്ല. പൃഥ്വിരാജിനെ ബഹുമാനിക്കുന്നു. പക്ഷേ ഞാൻ പറഞ്ഞതിൽ അദ്ദേഹത്തിനെന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നുന്നില്ല. പറഞ്ഞത് ശരിയായില്ല, പക്ഷേ ആ ക്ഷമാപണം പൃഥ്വിരാജിനു വേണ്ടിയായിരുന്നില്ല..’ ഐശ്വര്യ വ്യക്തമാക്കി. 

‘നിങ്ങള്‍ ഒരു സിനിമാതാരമാണെങ്കിൽ മറ്റൊന്നിനെക്കുറിച്ചും അഭിപ്രായം പറയരുതെന്നാണ് ചിലർ കരുതുന്നത്. മറ്റൊന്നിനെക്കുറിച്ചും നിങ്ങൾക്ക് അഭിപ്രായമുണ്ടാകാൻ പാടില്ല'', ഐശ്വര്യ തുടർന്നു: ''ഓൺലൈനിൽ എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുണ്ടായിരുന്നു. എല്ലാ ചിത്രങ്ങൾക്കു താഴെയും യൂട്യൂബിലെ എല്ലാ അഭിമുഖങ്ങൾക്കു താഴെയും ഒരേ കമൻറ് കോപ്പി പേസ്റ്റ് ചെയ്യും. ഇതൊക്കെ ചെയ്യുന്നതിനു പിന്നില്‍‌ എന്താണ് കാരണമെന്ന് എനിക്ക് അറിയണമായിരുന്നു. ആ കമൻറുകൾ ശരിക്കും വേദനിപ്പിക്കുന്നവ ആയിരുന്നു.

ആ കമൻറുകൾക്ക് ഞാന്‍ പ്രതികരിച്ചു തുടങ്ങി. പിന്നീട് അയാൾ‌ ‌എന്നോട് സംസാരിച്ചു. മായാനദിയിൽ ഞാൻ ചെയ്ത ചില രംഗങ്ങളുടെ പേരിൽ എന്നോട് വെറുപ്പാണെന്നാണ് അയാൾ നൽകിയ വിശദീകരണം. ഇത് എന്‍റെ ജോലി മാത്രമാണെന്ന് ഞാനയാളോട് പറഞ്ഞു. അവിടെ വെച്ച് അയാളുമായുള്ള സംഭാഷണം നിര്‍ത്തി. പക്ഷേ ഞാൻ അമ്പരന്നു, ഇതെന്‍റെ ജീവിതമാണ്. ഏതു തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്. അഭിനന്ദിക്കുന്നതും വിമർശിക്കുന്നതുമൊക്കെ ഒരാളുടെ ‌അവകാശമാണ്. പക്ഷേ, ഞാൻ ചെയ്ത ഒരു സീനിൻറെ പേരിൽ അത്രത്തോളം എത്തുന്നതായിരുന്നു വ്യക്തിഹത്യ..’

പൃഥ്വിരാജിനെ രാജപ്പൻ എന്ന് അഭിസംബോധന ചെയ്തായിരുന്നു ഐശ്വര്യയുടെ കമന്റ്. ബോളിവുഡ് നടൻ അർജുൻ കപൂറും പൃഥ്വിരാജും നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. കമന്റ് ചർച്ചയായതോടെ പൃഥ്വിരാജ് ഫാൻസ് നടിക്കെതിരെ ഹേറ്റ് ക്യാംപെയിൻ ആരംഭിച്ചു. നടിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലും ചീത്തവിള‍ികളുടെ പ്രളയമായിരുന്നു. ഇതോടെ ഐശ്വര്യ കമന്റ് ബോക്സ് ഡിസേബിൾ ചെയ്തു. പിന്നാലെയായിരുന്നു മാപ്പ്.