സിനിമ കളിച്ചു നടന്നവനെ നാട്ടുകാർ നന്നാക്കിയ കഥ

പഠിക്കേണ്ട കാലത്ത് പഠിച്ചില്ലെങ്കിൽ നിങ്ങൾ ഏതൊക്കെ പ്രതിസന്ധിയിൽപ്പെട്ടു പോകും എന്നു നിങ്ങൾക്കു സങ്കൽപ്പിക്കാൻ പോലുമാകില്ല. ആ കഥയാണ് എറിയാട് പോണത്ത് പി.കെ.ബിജു എന്ന മുപ്പത്തിയൊൻപതുകാരൻ പറയുന്നത്. പത്താംക്ലാസ് തോറ്റപ്പോൾ അധികം കാത്തുനിൽക്കാത ബിജു ആശാരിപ്പണിക്കിറങ്ങി. പണി മാത്രമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇടയ്ക്ക് നാടകം സംവിധാനം ചെയ്യുന്ന കിറുക്കു കൂടിയുണ്ടായിരുന്നു. സ്കൂളുകൾക്കും ക്ലബ്ബുകൾക്കുംവേണ്ടി നാടകങ്ങൾ കഥയെഴുതി സംവിധാനം ചെയ്തു. ഇടയ്ക്ക് രണ്ടു ഹ്രസ്വചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 

കഴിഞ്ഞവർഷം ചെയ്ത ‘ലോങ് ജേർണി’ എന്ന നാടകം തട്ടയിൽ കയറ്റാൻ‌ 50,000 രൂപ ചെലവായി. ഇത്രയും തുക ചെലവാകുന്നുവെങ്കിൽ കുറച്ചുകൂടി പണമെടുത്ത് എന്തുകൊണ്ട് ഒരു സിനിമ സംവിധാനം ചെയ്തുകൂടാ എന്ന തോന്നലുണ്ടായത് ഏതു നിമിഷത്തിലാണെന്ന് ബിജുവിന് ഓർത്തെടുക്കാനാവുന്നില്ല. ബാപ്പയുടെ മൃതദേഹത്തിൽ ജീവൻ തിരിച്ചുവരാൻവേണ്ടി കാത്തിരുന്ന മകന്റെ വാർത്ത പണ്ട് വായിച്ച ഓർമയിൽനിന്ന് ബിജു ‘ഓത്ത്’ എന്ന കഥ ഒരുക്കി; തിരക്കഥ തയാറാക്കി. 

വീട്ടുടമസ്ഥനെന്താ  ഈ വീട്ടിൽ കാര്യം? 

നാട്ടിലെ കലാകാരന്മാരോടും പരിചയത്തിലുള്ള സാങ്കേതിക പ്രവർത്തകരോടും കാര്യം പറഞ്ഞു. കാര്യം ഇത്രേയുള്ളൂ; പണം തരില്ല. വന്നഭിനയിക്കണം, സഹകരിക്കണം. നായികാ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നടിയെമാത്രം കണ്ണൂരിൽനിന്നു വരുത്തി. 

വരന്തരപ്പിള്ളി മുപ്ലിയത്ത് ഒരു വീട്ടിൽ ചിത്രീകരണം വച്ചു. ആ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പത്തു ദിവസമായിരുന്നു ചിത്രീകരണം നിശ്ചയിച്ചത്. വീടു മാത്രമല്ല, അടുക്കളയിലുണ്ടായിരുന്നതു വരെ നടീനടന്മാർ ‘നിലനിൽപ്പി’നായി ഉപയോഗപ്പെടുത്തി. മീൻചട്ടി ആദ്യദിവസംതന്നെ കാലിയാക്കിയെങ്കിൽ അവസാനം ഒരു സീനിനായി മീൻചട്ടിയുടെ അടിയിലെ കരിവരെ മുഖത്തു തേച്ചു. 

എന്റെ ഐഡിയ ആയിപ്പോയി 

അഞ്ചു ദിവസംകൊണ്ടു തീർന്നു. ചിത്രീകരണമല്ല; കയ്യിലെ പണം. കാര്യബോധമില്ലാതെ ചാടി പുറപ്പെട്ടതിന്റെ ഫലം. ‘‘എന്റെ ഐഡിയ ആയതുകൊണ്ട് ആരോടും ഒന്നും പറയാനും പറ്റാത്ത അവസ്ഥ’’ – ആ നിസഹായാവസ്ഥ ബിജു ഓർക്കുന്നു. പക്ഷേ, ബിജുവിന് തന്റെ നാട്ടുകാരെ വിശ്വാസമായിരുന്നു. താൻ സിനിമ ചെയ്യുകയാണെന്നും സംഭാവന തന്നാലേ പൂർത്തിയാക്കാനാവൂ എന്നും കാണിച്ച് നോട്ടിസ് അടിച്ച് നാട്ടിലെ എല്ലാ വീടുകളിലുമെത്തിച്ചു. 

നാട്ടുകാരുടെ പ്രതികരണം കണ്ടപ്പോൾ, തനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം വട്ടായതാണോ എന്ന് ഏതോ സിനിമയിൽ ആരോ ചോദിച്ച ചോദ്യമാണ് ബിജുവിന് ചോദിക്കാൻ തോന്നിയത്. 100 രൂപ മുതൽ 2000 രൂപ വരെ പ്രതിഫലം തന്നവരുണ്ട്. എന്തായാലും ചിത്രീകരണം മു‍ടങ്ങാതെ മുന്നോട്ടുപോയി. 

വിദ്യാഭ്യാസമുള്ള ഒരുത്തനുമില്ലേ നമ്മുടെ കൂട്ടത്തിൽ? 

സിനിമ ചെയ്തു കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു, രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് അയയ്ക്കാൻ. അതിന്റെ നൂലാമാലകളൊന്നും അറിയാത്തതുകൊണ്ട് ഒന്നും ആലോചിക്കാതെ അയച്ചു. പഠിക്കേണ്ട സമയത്ത് പഠിക്കാത്തതിന്റെ കേട്. അപ്പോഴാണ് മറുപടി വരുന്നത്, സിനിമയ്ക്ക് ഇംഗ്ലിഷ് അടിക്കുറിപ്പുകൾ നിർബന്ധമാണെന്ന്. ചേട്ടന് ഇതിനെപ്പറ്റിയൊന്നും വലിയ ധാരണയില്ല അല്ലേ എന്ന് കൂട്ടുകാർ ബിജുവിനെ ഒന്നു നോക്കി. 

ആരെഴുതും ഇംഗ്ലിഷ്? എല്ലാവരും മുഖത്തോടുമുഖം നോക്കി. പറവൂരിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നതെന്നു തോന്നിയ ഒരു സ്ഥാപനത്തിൽ കയറിച്ചെന്ന് പറഞ്ഞു, ‘‘ഒരുവിധം ഒരു സിനിമ ചെയ്തിട്ടുണ്ട്. മേളയ്ക്ക് അയയ്ക്കണമെങ്കിൽ ഡയലോഗ് ഇംഗ്ലിഷിലാക്കി തരണം. 2000 രൂപ തരും.’’ സ്ഥാപന മേധാവി മൂന്ന് അധ്യാപകരെ വിളിച്ചുവരുത്തി. സ്ക്രിപ്റ്റ് മൂന്നു ഭാഗമാക്കി മൂന്നാളും ഇരുന്നു പണി തുടങ്ങി. പറഞ്ഞ സമയത്ത് അവർ ഇംഗ്ലിഷ് സാഹിത്യം കൈമാറി. ‘‘നമുക്ക് ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് തെറ്റുണ്ടോ എന്നു നോക്കേണ്ട സമയം ലാഭമായി.’’ 

ടാസ്കി വിളിയെടാ, ടാസ്കി 

അടിക്കുറിപ്പുകളെല്ലാം എഴുതിച്ചേർത്ത് സിനിമ ആക്കിയപ്പോഴാണ് അറിയുന്നത്, സിനിമ മേളയ്ക്ക് സമർപ്പിക്കേണ്ട അവസാന തീയതി ആയിരിക്കുന്നു എന്ന്. ടാക്സി വിളിച്ച് തിരുവനന്തപുരത്തിനു വിടാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് എത്തി അപേക്ഷ കൊടുത്തപ്പോഴാണ് അവർ പറയുന്നത്, അപേക്ഷ കയ്യിൽ വാങ്ങിക്കില്ല; കൊറിയർ ആയോ പോസ്റ്റൽ ആയോ വേണമെന്ന്. തൊട്ടടുത്ത കൊറിയർ സർവീസിൽ പോയി അവിടെ കാര്യം പറഞ്ഞു. അവർ അപ്പോൾതന്നെ സിനിമയുമായി കൊറിയർ ബോയെ വിട്ടുകൊടുത്തു. ബിജുവും കൂട്ടരും ചലച്ചിത്ര അക്കാദമി വരെ കൂടെ പോയി. 

നീയേ കണ്ടുള്ളു, നീ മാത്രേ കണ്ടുള്ളൂ 

‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ 12 സിനിമകളിൽ ആദ്യത്തേതായി ‘ഓത്ത്’ എന്നു കാണുന്നുണ്ട് എന്ന് ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞപ്പോൾ ബിജു പണിസ്ഥലത്തായിരുന്നു. എവിടെ കണ്ടു? ഫെയ്സ് ബുക്കിൽ. സംഗതി മറ്റാരോടും പറയണ്ട എന്ന് സുഹൃത്തിനോടു പറഞ്ഞു.തൊട്ടുപിന്നാലെ അഭിനന്ദനവുമായി മറ്റൊരു സിനിമാ പ്രവർത്തകന്റെ വിളികൂടി വന്നപ്പോൾ, ബിജു മനസ്സിലാക്കി; സംഗതി കൈവിട്ടിരിക്കുന്നുവെന്ന്. കയ്യും കാലും വിറ തുടങ്ങി. കൂലിയിൽ 200 രൂപ കുറച്ചോളൂ, എനിക്കിനി പണിയെടുക്കാനാവില്ല എന്നുപറഞ്ഞ് ബിജു സ്ഥലംവിട്ടു. നോക്കിവന്നപ്പോൾ സംഗതി ശരിയാണ്. ജയരാജ്, ആഷിക് അബു എന്നീ സംവിധായകരുടെ ചിത്രങ്ങൾക്കൊപ്പമാണ് പി.കെ.ബിജുവിന്റെ ചിത്രവും. സൗബിൻ സാഹിറിന്റെ ‘പറവ’യും ഈ ഗണത്തിലുണ്ട്. 

 

ബിലാല് പഴയ ബിലാല് തന്നെ 

പണി മുടക്കി നാടകം കളിച്ചു നടന്നപ്പോഴും പിന്തുണ നൽകിയ അമ്മ അംബുജാക്ഷിക്കു മകനു കിട്ടിയ അംഗീകാരത്തിൽ വലിയ സന്തോഷമുണ്ട്. ഭാര്യ ഷിജി മക്കളായ അക്ഷര, കാവ്യ എന്നിവരുടെ കാര്യവും അങ്ങനെ തന്നെ. തിരുവനന്തപുരത്ത് മേളയ്ക്കു പോകുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങൾ വാങ്ങി നൽകാമെന്ന് കൂട്ടുകാർ ഏറ്റിരിക്കുകയാണ്. ‘‘അവിടെ ചെന്ന് നാടിന്റെ പേര് ഞാനായിട്ട് മോശമാക്കരുത് എന്ന് അവർക്കും താൽപര്യമുണ്ട്.’’