Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയനും ഞാനും നിങ്ങളും

harikrishnan-mohanlal

ലോകമെങ്ങുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ‘ഒടിയൻ’ എന്ന ബ്രഹ്മാണ്ഡ സിനിമയിലേക്കിനി ഒരു മാസം മാത്രം. ആ സിനിമ നൽകിയ അനുഭവങ്ങളെക്കുറിച്ച്, സൗഹൃദത്തിന്റെ സൗന്ദര്യങ്ങളെക്കുറിച്ച്, സിനിമയുടെ പിറവിയെക്കുറിച്ച്  ‘ഒടിയന്റെ’ രചയിതാവ് ഹരികൃഷ്ണൻ എഴുതിത്തുടങ്ങുന്നു. ഒരു തിരക്കഥാകൃത്ത് തന്റെ സിനിമാനുഭവങ്ങൾ മുന്നേ പങ്കുവയ്ക്കുന്നത് മലയാളത്തിലാദ്യമാണ്. മോഹൻലാലുമായുള്ള  ഗാഢസൗഹൃദത്തെക്കുറിച്ചുള്ള  ആദ്യ ഭാഗം പറയുന്ന ഹരികൃഷ്ണന്റെ എഫ്ബി പോസ്റ്റ് ഇതോടൊപ്പം. തുടർന്നുള്ള ഭാഗങ്ങൾ ആദ്യം മനോരമ ഒാൺലൈനിൽ വായിക്കുക....

‘ഒരിടത്തൊരിടത്തൊരു ഒടിയൻ ഉണ്ടായിരുന്നു എന്നു പറഞ്ഞുതന്നെ, വേണമെങ്കിൽ തുടങ്ങാവുന്ന ഇക്കഥയ്ക്ക് ഒരു രാജാവുണ്ട്. പാലക്കാട്ടെ പാടവരമ്പുകൾ ഒരിക്കൽ രാവിരുട്ടിന്റെ കമ്പളം വിരിച്ചുവച്ചു വരവേറ്റിരുന്ന രാത്രിയുടെ ആ രാജാവിനെ ഞാൻ ആദ്യം നേരിൽ കണ്ടത് കൊച്ചിയിൽ ആ വീട്ടിൽവച്ചാണ്. 

ഒടിയന്റെ തിരക്കഥ വായിച്ചുകൊടുക്കുകയായിരുന്നു. ഞാൻ കൂടെ, സംവിധായകൻ ശ്രീകുമാർ മേനോൻ. ഇരുട്ടിന്റെ കഥ കേൾക്കാൻ പുറത്ത് ഉച്ചവെയിലും കാതോർക്കുന്നുവെന്നു ഞാൻ വെറുതെ ഒാർമിച്ചു. ഞാൻ ജീവിതത്തിൽ സങ്കൽപ്പിച്ച ഏറ്റവും വലിയ കഥയായിരുന്നു അത്. 

കണ്ണടച്ചു കഥ കേൾക്കുന്നതിനിടെ അദ്ദേഹത്തിന്റെ കൈവിരലുകളിൽ ചില ചലനങ്ങൾ വന്നുതുടങ്ങി. ഏതു കൂട്ടത്തിനിടയിലിരുന്നും തനിക്കുമാത്രം കേൾക്കാവുന്ന എതോ പാട്ടിനൊത്തു പതിവായി താളം പിടിക്കുന്ന ആ വിരലുകളിൽ ഇപ്പോൾ ഒടിയൻ മാണിക്കൻ എന്ന കഥാപാത്രം മിടിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് എനിക്കു മനസ്സിലായി.  എത്ര പെട്ടെന്ന്, എത്ര അനായാസം, ഈ പരകായപ്രവേശം! ‌ ഒരു അതുല്യനടനു മാത്രം സാധ്യമാവുന്നത്! 

മോഹൻലാൽ എന്ന നടൻ ഒടിയനു വേണ്ടി നടത്തിയ ആദ്യത്തെ ട്രാൻസ്ഫോർമേഷൻ അതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. ഒടിയൻ മാണിക്കൻ എന്ന കഥാപാത്രത്തിനുവേണ്ടി അദ്ദേഹം പിന്നീട് ശരീരം കൊണ്ടുചെയ്ത സമർപ്പണത്തിന്റെ (മലയാള സിനിമാചരിത്രത്തിൽ ഒരു അഭിനേതാവിന്റെ എക്കാലത്തെയും വലിയ ശരീര സമർപ്പണം കൂടിയാണല്ലോ അത്!) ആമുഖമായിരുന്നു ആ ഉച്ചയിൽ ഞങ്ങൾ കണ്ടത്. ആ സമർപ്പണത്തോടുള്ള ഹൃദയാഭിവാദ്യത്തോടെയല്ലാതെ എനിക്കീ കഥ പറഞ്ഞുതുടങ്ങാൻ വയ്യ.

ആദ്യം കണ്ടത് കോഴിക്കോട്ടെ മഹാറാണി ഹോട്ടലിലാണ്. െഎ.വി. ശശിയുടെ ഏതോ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞുനടന്നുവരികയായിരുന്നു ലാൽ. അതിനകംതന്നെ പ്രശസ്തമായ ആ ചരിഞ്ഞുനടത്തത്തിന്റെ ചന്തം ഞങ്ങൾ കൂട്ടുകാർ കണ്ടുനിന്നു.  അതിനകം ഞാൻ കണ്ട തിരശ്ശീലകളിൽ ആടിയവരെയെല്ലാം നിഷ്പ്രഭനാക്കിയ ആളുടെ ആദ്യ കാഴ്ച. അതെ, എന്റെ ജീവിതത്തിലെ ആദ്യത്തെ നടനെ കാണുകയായിരുന്നു ഞാൻ.  (എന്തൊരു അത്ഭുതം! ഇപ്പോഴും എന്റെ ആദ്യത്തെ നടൻ മറ്റാരുമല്ലല്ലോ ) 

ദശാബ്ദങ്ങൾക്കിപ്പുറം , കഴിഞ്ഞ ദിവസം എന്റെ ഒടിയനെ കൊച്ചിയിൽ ജോൺകുട്ടിയുടെ എഡിറ്റിങ് സ്റ്റുഡിയോവിൽ വച്ച് വലിയ കംപ്യൂട്ടർ സ്ക്രീനിൽ കാണുമ്പോൾ ഒാർത്തു, ആ മഹാറാണിക്കാഴ്ച. ചില ആദ്യങ്ങൾക്കു ജീവിതത്തോളം വിലയുണ്ട്. കാലത്തിന് ആവാത്തതെന്ത്? 

പിന്നീട് അദ്ദേഹം എന്റെ ജീവിതത്തിന്റെതന്നെ ചങ്ങാതിയായി.  എന്തും പറയാവുന്നവിധം ഹൃദയത്തിന്റെ അടുത്തെത്തി.  കുറേ വർഷങ്ങൾക്കുമുൻപ് , ലാൽ പാലക്കാട്ടെ എന്റെ വീട്ടിൽ വന്നിരുന്നു. അന്നുച്ചയ്ക്ക് ലാലിന് ഊണു വിളമ്പിക്കൊടുത്തശേഷം അമ്മ എന്നോടു പറഞ്ഞു: – നീ ജീവിതത്തിൽ എനിക്കുതന്ന ഏറ്റവും നല്ല സമ്മാനം.

കൂട്ടരേ, ചങ്ങാത്തത്തിന്റെ ഇക്കഥ തീരുന്നില്ല...