ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍; മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

കൊച്ചി: ലോകത്തിലെ  ഏറ്റവും വലിയ ഫിലിം കാര്‍ണിവല്‍  ഇന്‍ഡിവുഡ് ഫിലിം കാര്‍ണ്ണിവലിന്റെ 4-ാം സീസണോടനുബന്ധിച്ച് മികച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നു. ദൃശ്യ -പത്ര മാധ്യമങ്ങള്‍, വാര്‍ത്ത ഏജന്‍സികള്‍, റേഡിയോ ജോക്കി, മികച്ച ഫോട്ടോഗ്രാഫര്‍, മികച്ച ക്യാമറാമാന്‍, എഡിറ്റിങ്, പ്രോഗ്രാം വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. 

ഡിസംബര്‍ 1 മുതല്‍ 5 വരെ ഹൈദരാബാദ് ഹൈടെക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലുമായി ബന്ധപ്പെട്ട് നിങ്ങള്‍ ചെയ്ത വാര്‍ത്തകളും, വിഡിയോകളും, pr@indywood.co.in എന്ന ഇ–മെയിലിലൂടെ അറിയിക്കുക. 2018 ജനുവരി 5-ാം തീയതി വൈകിട്ട് 5 മണി വരെ വാര്‍ത്തകള്‍ അയക്കാവുന്നതാണ്. 

രാജ്യത്തെ  സിനിമ മാധ്യമ പ്രവര്‍ത്തന മേഖലയിലെ  അനന്ത സാധ്യകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായാണ് പുരസ്‌കാരങ്ങളെന്ന് ഇന്‍ഡിവുഡ് സ്ഥാപക ഡയറക്ടര്‍ സോഹന്‍ റോയ് വ്യക്തമാക്കി. 

സിനിമ മേഖലയുടെ വളര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയപങ്കുണ്ട്.  ഫിലിം ജേര്‍ണലിസത്തിന്റെ  വളര്‍ച്ചയ്ക്കായാണ് ഇന്‍ഡിവുഡ് മികച്ച മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം രൂപ വീതം ക്യാഷ് പ്രൈസും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും. 

ഇതിനു പുറമേ 2 പ്രോല്‍സാഹന പുരസ്‌കാരങ്ങളും നല്‍കും.

10 ബില്യണ്‍ യുഎസ് ഡോളര്‍ പദ്ധതിയായ ഇന്‍ഡിവുഡിലൂടെ 2020 ഓടെ രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള 10000 മള്‍ട്ടിപ്‌ളെക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2കെ ഹോം തിയറ്ററുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്‌കൂളുകള്‍, 8കെ/4കെ സിനിമ സ്റ്റുഡിയോകള്‍, 100 അനിമേഷന്‍/വിഎഫ്എക്‌സ് സ്റ്റുഡിയോകള്‍ തുടങ്ങിയ ലോകോത്തര നിലവാരമുളള സംവിധാനങ്ങളാണ് വിഭാവനം ചെയ്യുന്നത്.

5 ദിവസങ്ങളിലായി നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളടക്കം ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. 

ഫിലിം കാര്‍ണിവലിനോടനുബന്ധിച്ച് ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ് സംഘടിപ്പിക്കുന്ന പ്രദര്‍ശനവുമുണ്ടാകും. 300-ാളം പ്രദര്‍ശകര്‍ ഇതിന്റെ ഭാഗമാകും. ലോകമെമ്പാടും നിന്നുള്ള 5000ത്തിലധികം മാര്‍ക്കറ്റിംഗ് പ്രതിനിധികളും, 500-ാളം നിക്ഷേപകരും കാര്‍ണിവലില്‍ പങ്കെടുക്കുന്നുണ്ട്. ആകെ 115 അന്താരാഷ്ട്ര സിനിമകള്‍ കാര്‍ണിവലില്‍ പ്രദര്‍ശിപ്പിക്കും.

വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും, കാര്‍ണിവലിനോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.  

അലിഫ് (ഓള്‍ ലൈറ്റ്സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള) നു പുറമേ, സിനിമ വ്യവസായം, യുവകലാപ്രതിഭകള്‍ക്ക് അവസരമൊരുക്കുന്ന ടാലന്റ് ഹണ്ട്, ഫാഷന്‍ ഷോകള്‍, നിക്ഷേപക സംഗമം, സിനിമ ശില്‍പശാലകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഇന്‍ഡിവുഡ് അക്കാദമി പുരസ്‌കാരങ്ങള്‍, പ്രവാസി രത്ന പുരസ്‌കാരം, ഗോള്‍ഡന്‍ ഫ്രെയിം പുരസ്‌കാരം, സാംസ്‌കാരിക ചടങ്ങുകള്‍, തുടങ്ങി 20ലധികം പരിപാടികള്‍ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായി സംഘടിപ്പിക്കും