Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശങ്കർ ചിത്രം 2.0യ്ക്കെതിരെ മൊബൈൽ കമ്പനികൾ

2-ponit-zero-trouble

ര‍ജനികാന്ത്–ശങ്കർ കൂട്ടുകെട്ടിൽ റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം 2.0യ്ക്കെതിരെ മൊബൈൽ കമ്പനികൾ. ഫോൺ ഉപയോഗം ചിത്രത്തിൽ മോശമായി കാണിക്കുന്നുവെന്നാണ് പരാതി. സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ്(സി.ഒ.എ.ഐ) പരാതിയുമായി എത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ, മൊബൈൽ ടവറുകൾ, മൊബൈൽ സർവീസ് എന്നിവയെ മോശമാക്കുന്ന ആന്റി സയന്റിഫിക്ക് പ്രമേയമാണ് ചിത്രത്തിന്റേതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

മൊബൈൽ ഫോൺ റേഡിയേഷൻ പക്ഷിമൃഗാദികൾക്കും മനുഷ്യനും വലിയ ഭീഷണി ഉയർത്തുവെന്ന സന്ദേശമാണ് ചിത്രത്തിലൂടെ പറയുന്നതെന്നും ഇത് തീർത്തും തെറ്റാണെന്നുമാണ് ഇവർ ആരോപിക്കുന്നത്.

2.0 - Official Trailer [Tamil] | Rajinikanth | Akshay Kumar | A R Rahman | Shankar | Subaskaran

സിനിമയ്ക്കു നൽകിയിരിക്കുന്ന സെൻസർ സെർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഇവർ സെൻസർ ബോർഡിനോട് ആവശ്യപ്പെടുന്നു. ചിത്രത്തിന്റേതായി റിലീസ് ചെയ്തിരിക്കുന്ന ടീസർ, ട്രെയിലർ, മറ്റുപ്രമോഷനൽ വിഡിയോകളും റദ്ദ് ചെയ്യാൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

സിനിമയുടെ റിലീസ് തടയണമെന്നും എത്രയും പെട്ടന്നുതന്നെ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നുമാണ് സി.ഒ.എ.ഐയുടെ ആവശ്യം.

മൊബൈൽ ഫോൺ റേഡിയേഷന്റെ പരിണിതഫലങ്ങളെക്കുറിച്ചാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. മൊബൈൽ ഫോൺ റേഡിയേഷനിലൂടെ മ്യൂട്ടേഷൻ സംഭവിക്കുന്ന പക്ഷികളുടെ പരിണാമവും തുടർന്ന് അവർ അക്രമാരികളായി തീരുകയും ചെയ്യുന്നതാണ് സിനിമയെന്നും പറയുന്നു. മ്യൂട്ടന്റ് ബേഡ് ആയി അക്ഷയ് കുമാർ എത്തുന്നു. ദ് വേൾഡ് ഈസ് നോട്ട് ഒൺളി ഫോർ ഹ്യൂമൻസ് എന്ന സിനിമയുടെ ടാഗ് ലൈനും ഇതിന് അടിവരയിടുന്നു. 

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ലോകമൊട്ടാകെ 10,000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ഇന്ത്യൻ റിലീസിന് ശേഷമാകും വിദേശ ഭാഷകളിൽ ചിത്രം പുറത്തിറങ്ങുകയുള്ളൂ. ഹിന്ദിയിൽ കരൺ ജോഹറാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും.