ടൊവീനോ ‘സംവിധായകനാകുന്നു’, നായകൻ ശ്രീനിവാസൻ !

മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസ് സംവിധായകനാകുന്നു. നായകനാകുന്നത് ശ്രീനിവാസൻ. ജീവിതത്തിലല്ല, സിനിമയിലാണ് ടൊവീനോയുടെ ഇൗ സംവിധായകവേഷം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന 'ആന്റ് ദ് ഓസ്കാർ ഗോസ് ടു' എന്ന സിനിമയിൽ ഒരു സംവിധായകന്റെ വേഷത്തിലാണ് ടൊവീനോ എത്തുന്നത്. 

ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയ സലീം അഹമ്മദിന്റെ നാലാമത്തെ ചിത്രമാണ് 'ആന്റ് ദ് ഓസ്കാർ ഗോസ് ടു'. ലൊസാഞ്ചൽസ്, കാനഡ, ബോംബെ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സലീം അഹമ്മദ് തന്നെയാണ്. 

ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് മധു അമ്പാട്ടാണ്. ബിജിബാൽ സംഗീതം നൽകുന്ന സിനിമയുടെ സൗണ്ട് ഡിസൈൻ ചെയ്യുന്നത് റസൂൽ പൂക്കുട്ടിയാണ്. അനു സിത്താര, മാലാ പാർവതി, സിദ്ധിഖ്, സലിംകുമാർ, ലാൽ, അപ്പാനി ശരത്, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, കവിതാ നായർ, അനു ജോസഫ്, ദിനേശ് പ്രഭാകർ, ബാബു ജോസ്, വെട്ടുകിളി പ്രകാശ്, നിക്കി അലോസ്കി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. 

കലാസംവിധാനം: സന്തോഷ് രാമൻ

എഡിറ്റർ: വിജയ് ശങ്കർ

ചമയം: രഞ്ജിത്ത് അമ്പാടി

വസ്ത്രാലങ്കാരം: മെഷർ ഹംസ

പൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന

സഹനിർമാതാവ്: സുധീഷ് ടി.പി

നിർമാണം: അലൻസ് മീഡിയ