Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്ക നൽകാൻ കഴിയില്ല: വേദനയോടെ പൊന്നമ്മ ബാബു

ponnamma

‘ഞാൻ പറഞ്ഞത് ഇത്ര വലിയ കാര്യമാണോ?’ നടി സേതുലക്ഷ്മിയുടെ മകന് വൃക്ക നല്‍കാമെന്നറിയിച്ചത് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതില്‍ പൊന്നമ്മ ബാബുവിന് ഇപ്പോഴും അദ്ഭുതമാണ്. ‘ചേച്ചിയുടെ ചെവിയിൽ പറഞ്ഞ കാര്യമാണ്.  പറഞ്ഞത് വലിയ കാര്യമാണെന്നോ മഹാമനസ്കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വൃക്ക ദാനം ചെയ്യാൻ പറ്റില്ലെന്ന് പരിശോധനകള്‍ക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു. അതില്‍ അൽപം വിഷമമുണ്ട്’- മനോരമ ന്യൂസ് ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽ പൊന്നമ്മ ബാബു പറഞ്ഞു.

‘അന്നു ചേച്ചിയോടു പറഞ്ഞപ്പോഴേ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഷുഗറും കൊളസ്ട്രോളും ഒക്കെ ഉണ്ടെങ്കിൽ കിഡ്നി ദാനം ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. കിഡ്നി നല്‍കാൻ തയാറായി ഒരു ചെറുപ്പക്കാരൻ എത്തിയിട്ടുണ്ട്. ഒരു ചെക്കപ്പ് കഴിഞ്ഞു. ഇനി രണ്ടു ചെക്കപ്പ് കൂടി ബാക്കിയുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. തിരുവനന്തപുരത്ത് വെച്ചാകും ശസ്ത്രക്രിയ. എല്ലാത്തിനും ഞാൻ ചേച്ചിക്കൊപ്പമുണ്ടാകും. സാമ്പത്തികമായി കഴിയുന്നതുപോലെ സഹായിക്കും. സുഹൃത്തുക്കളും സഹായിക്കാൻ ഒപ്പമുണ്ട്.

ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോൾ സഹിച്ചില്ല. ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാൻ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വർഷങ്ങളായുള്ള പരിചയമാണ്.  മകൾക്കൊപ്പം ഞാൻ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകൾക്ക് കാൻസറായിരുന്നു. അവർ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓർത്തപ്പോൾ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്നു മതി എനിക്ക് ജീവിക്കാൻ. ഒന്നുകൊണ്ടു മറ്റൊരു ജീവൻ രക്ഷിക്കാമെങ്കിൽ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ. 

ചേച്ചിയുടെ ചെവിയിൽ പറഞ്ഞ കാര്യമാണ്. വാർത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയല്‍, സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാൻ മുന്നോട്ടുവന്നില്ല.’ 

പ്രശസ്തിക്ക് വേണ്ടിയാണെന്ന പ്രചാരണം

‘അത്തരം പ്രചാരണങ്ങളിൽ വിഷമമില്ല. കുറച്ചുപേര്‍ വിളിച്ചുചോദിച്ചു. ഞാൻ അതിനെയെല്ലാം പോസിറ്റീവ് ആയാണ് കാണുന്നത്. ഞാനെന്താണു പറഞ്ഞത്, എന്താണു ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാം. ഞാനെന്റെ മക്കളോടോ ഭര്‍ത്താവിനോടോ ഒന്നും ചോദിക്കാതെയാണ് ചേച്ചിയെ വിളിച്ചു സഹായിക്കാമെന്നു പറയുന്നത്. 

ഗതികെട്ടാണ് ചേച്ചിക്ക് ക്യാമറക്കുമുന്നിൽ വന്ന് അങ്ങനെ അപേക്ഷിക്കേണ്ടി വന്നത്. ഇപ്പോഴും അതു പറയുമ്പോൾ എനിക്ക് കരച്ചിൽ വരും.  അതു ചിലർ മനസ്സിലാക്കുന്നില്ല. അതുൾക്കൊള്ളാൻ ആളുകൾ തയാറാകാത്തതിൽ വിഷമമുണ്ട്. എന്നെ അറിയാവുന്നവർ പറഞ്ഞു, അങ്ങനെ പറയാനുള്ള മനസ്സ് കാണിച്ചല്ലോ എന്ന്. അതു മതി, ആ സന്തോഷം മാത്രം മതിയെനിക്ക്.’

related stories