Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയനെ വിമർശിക്കുന്നവരോട് ശ്രീകുമാർ മേനോൻ പറയുന്നു

odiyanresponse-shrikumar

അമിത പ്രതീക്ഷയോടെ ഒടിയൻ കാണാനെത്തി നിരാശരായവുരുടെ വികാരത്തെ മാനിക്കുന്നുവെന്ന് സംവിധായകൻ ശ്രീകുമാർ മേനോന്‍. ‘ഒടിയൻ ഒരു മാസ് ആക്‌ഷൻ‍ എന്റര്‍ടെയിനറായി പ്രതീക്ഷിച്ച് പോയവർ നിരാശപ്പെട്ടതായുള്ള കമന്റുകൾ എന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അങ്ങനെ നിരാശപ്പെട്ടവരുടെ വികാരം ന്യായമാണ്.’–സംവിധായകൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘പ്രേക്ഷകരുടെ പ്രതികരണം അറിയാൻ രാവിലെ തന്നെ ഞാൻ തിയറ്ററുകളിൽ എത്തിയിരുന്നു. ഇതിനോടകം കുറേ തവണ ഈ സിനിമ ഞാൻ കണ്ടതാണ്. തിയറ്ററിൽ പ്രേക്ഷകരുടെ ശരീരഭാഷയും മുഖഭാവവുമാണ് ഞാന്‍ നോക്കിയത്. എവിടെയൊക്കെയാണ് ആളുകൾക്ക് ബോറടിക്കുന്നത് അങ്ങനെ മനസ്സിലാക്കാൻ കഴിയും.’ എറണാകുളം കവിത തിയറ്ററിൽ പുലർച്ചെ നാലര മണിക്കുള്ള ഫാൻസ് ഷോ കാണാനായിരുന്നു ശ്രീകുമാർ മേനോൻ എത്തിയത്.

‘ഒടിയൻ ഒരു മാസ് ആക്‌ഷൻ‍ എന്റര്‍ടെയിനറായി പ്രതീക്ഷിച്ച് പോയവർ നിരാശപ്പെട്ടതായുള്ള കമന്റുകൾ എന്റെ ശ്രദ്ധയിൽപെട്ടിരുന്നു. അങ്ങനെ നിരാശപ്പെട്ടവരുടെ വികാരം ന്യായമാണ്. പക്ഷെ ചിത്രം കണ്ട പലരും പറഞ്ഞത്, ഒരുപാട് ഉളളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിനിമയാണ് ഇതെന്നാണ്.’

‘ഒടിയന്റെ മാജിക്കിനേക്കാളും കൂടുതല്‍ ഒടിയനെന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിലേക്കുളള യാത്രയാണ് ചിത്രം പറയുന്നത്. ഒടിയന്റെ എൻട്രി മുതൽ പ്രേക്ഷകരും ആ യാത്രയുടെ ഭാഗമാകുകയാണ്.’

‘തിയറ്ററുകളിൽ ഞാൻ കണ്ട ഭൂരിപക്ഷം പേരും ഒടിയന്റെ വൈകാരിക ജീവിതത്തിനൊപ്പം നടന്നു തുടങ്ങിയിരുന്നു. കുടുംബപ്രേക്ഷകര്‍ക്കും യുവത്വത്തിനും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണിത്. 65കാരനും മുപ്പതുകാരനുമായാണ് ലാലേട്ടൻ എത്തുന്നത്. അതുപോലെ ആറാം തമ്പുരാനിൽ കണ്ടതുപോലെയുള്ള മഞ്ജു വാരിയറെയും ഒടിയനിൽ കാണാം.’

‘പരസ്യമേഖലയിൽ നിന്നും വന്ന ആളായതിനാൽ ഈ ചിത്രത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തിയറ്ററിൽ നിന്നും ഞാൻ ശേഖരിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ തിയറ്ററിലും എന്റെ റിസര്‍ച്ച് ടീം ഉണ്ട്. അവര്‍ സിനിമയുടെ അഭിപ്രായം ശേഖരിക്കുന്നുണ്ട്.’– ശ്രീകുമാര്‍ പറഞ്ഞു.

‘നൂറുകോടി കലക്‌ഷനെ വിമർശിച്ചവരും തെറി പറഞ്ഞവരുമുണ്ട്. ഇവരുടെ പ്രതികരണത്തിൽ ഞാൻ ഞെട്ടിപ്പോയി. അതിന്റെ ഉത്തരവാദിത്തം അറിഞ്ഞുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു പ്രസ്താവന പുറത്തിറക്കിയത്. കാരണം ആന്റണി പെരുമ്പാവൂർ, മോഹൻലാൽ എന്നിവരുടെ പേരുകളും ഇതിൽ ചേർന്നുകിടപ്പുണ്ട്. അതുകൊണ്ട് തന്നെ യാഥാർഥ്യമില്ലാതെ ഇതുപറയില്ലെന്ന് ഈ വിമർശിക്കുന്നവർ ആലോചിക്കണമായിരുന്നു’.

‘സ്വാഭാവികമായും ഇങ്ങനെയൊരു വാർത്ത കേട്ടാൽ നമ്മൾ മലയാളികള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. തമിഴ് സിനിമയ്ക്കും ഹിന്ദി സിനിമയ്ക്കും നൂറുകോടി കിട്ടിയാൽ നമ്മൾ ആഹ്ലാദിക്കും. പക്ഷേ അതു നമ്മുടെ സിനിമയ്ക്ക് ലഭിക്കുമ്പോൾ മാത്രം സംശയം. ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്. വളരെ വളരെ സത്യസന്ധമായി പറഞ്ഞതാണത്. ഇനി വരും ദിവസങ്ങളിലെ കണക്കുകൾ കേൾക്കുമ്പോഴും അങ്ങനെയൊക്കെ പറഞ്ഞെന്ന് വരാം.’

‘ചിലർ അതിന്റെ കണക്കുവിവരങ്ങൾ വെളിപ്പെടുത്താൻ പറഞ്ഞിരുന്നു. രജനികാന്തിന്റെ 2.0 500 കോടി കലക്ട് ചെയ്തുവെന്ന് പറയുമ്പോൾ നമ്മൾ നിർമാതാക്കളോടോ ശങ്കറിനോടോ പറയുന്നില്ലല്ലോ അതിന്റെ കണക്കുവിവരങ്ങൾ വെളിപ്പെടുത്താൻ. ഇവിടുത്തേത് വിചിത്രമായ പ്രവണതയാണ്. കള്ളം പറഞ്ഞ് മാർക്കറ്റ് ചെയ്യേണ്ട കാര്യം എനിക്കില്ല’.-ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.