പേട്ടാ ട്രെയിലർ, സെമ്മാ മാസ് ഡാ!

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം പേട്ടയുടെ ട്രെയിലർ എത്തി. രജനികാന്തിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന മാസ് ഡയലോഗുകളും സംഘട്ടനരംഗങ്ങളും തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. പതിവിൽ നിന്നും വ്യത്യസ്തമായി ഒരു കൂൾ ലുക്കിലാണ് സ്റ്റൈൽ മന്നൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

വിജയ് സേതുപതി, ശശികുമാർ, നവാസുദ്ദീൻ സിദ്ദിഖി, തൃഷ, സിമ്രൺ, ബോബി സിംഹ എന്നിങ്ങനെ വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. കാളി എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം വളരെ കളർഫുൾ ലുക്കിലാണ് രജനികാന്ത് എത്തുന്നത്. ട്രെയിലറിലെ 'പാക്കരത്ക്ക് ചിന്ന പയ്യൻ മാതിരി സ്റ്റൈലാ ഇരിക്കിങ്കേ' എന്ന ഡയലോഗ് രജനികാന്തിന്റെ കൂൾ ലുക്കിനെ അടയാളപ്പെടുത്തുന്നുണ്ട്. 

പീറ്റർ ഹെയ്ൻ സംവിധാനം ചെയ്തിരിക്കുന്ന സംഘട്ടനരംഗങ്ങളും കാണികളുടെ ആകാംക്ഷ വർധിപ്പിക്കുന്നതാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. സൺ പിക്ചേഴ്സ് നിർമിച്ചിരിക്കുന്ന ചിത്രം പൊങ്കലിന് പ്രദർശനത്തിനെത്തും.