ജീവൻ നിലയ്ക്കുവോളവും അഭിനയ മോഹം

ചെന്നൈ ∙ ‘‘എനിക്കറിയാവുന്ന ഏക ജോലി അഭിനയമാണ്. ഒരു നിമിഷം പോലും എനിക്ക് വെറുതെയിരിക്കാൻ കഴിയുന്നില്ല. ദൈവം ആരോഗ്യവും ശക്‌തിയും തരുന്ന കാലം വരേയും എനിക്ക് അഭിനയിക്കണം.’’ പ്രേക്ഷകരുടെ മനസ്സു പങ്കിട്ട് മനോരമ പറയുമായിരുന്നു.

പഴകാല നടൻമാരായ ടി. ആർ. രാമചന്ദ്രൻ, ചന്ദ്ര ബാബൂ, തങ്കവേലു, കുലദൈവം രാജഗോപാൽ, നാഗേഷ്, തെങ്കായി ശ്രീനിവാസൻ, സുരുലി രാജൻ, ചോ, എം. ആർ. രാധ, എം. എം. ആർ വാസു എന്നിവരിൽ തുടങ്ങി വടിവേലുമൊത്തും മനോരമ അഭ്രപാളി പങ്കിട്ടു.

ഒരിക്കൽ വൈകുണ്‌ഠ ഏകാദശിക്ക് നാട്ടിലെ ചെറുപ്പക്കാരെല്ലാം കൂടി ഒരു നാടകം അവതരിപ്പിക്കാൻ ഒരുങ്ങി. നാടകത്തിലേക്ക് ഒരു ഗായികയെ വേണം. ആ അന്വേഷണം എത്തിയത് മനോരമയിലാണ്. പാട്ടു പാടി തുടങ്ങിയ മനോരമ വൈകാതെ അരങ്ങിലുമെത്തി. കരുണാനിധി എഴുതിയ ‘മണിമകുടം’ എന്ന നാടകത്തിൽ എസ്. എസ്. രാജേന്ദ്രനുമൊത്ത് അഭിനയിക്കുമ്പോഴാണ് കവിയും ഗാനരചയിതാവുമായ കണ്ണദാസൻ മനോരമയെ ശ്രദ്ധിക്കുന്നത്.

‘മാലൈയിട്ട മങ്ക’ എന്ന സിനിമയിലേയ്‌ക്ക് ഹാസ്യ നടിയായി മനോരമയെ കണ്ണദാസൻ ക്ഷണിച്ചു. അതൊരു നല്ല തുടക്കമായി. ‘അന്നൊക്കെ ഒറ്റവരി ഡയലോഗാണങ്കിൽ പോലും ദിവസങ്ങളോളം റിഹേഴ്‌സലുണ്ടായിരുന്നു. ഒരു അവസരത്തിനായി പല ത്യാഗങ്ങളും സഹിക്കേണ്ടിയിരുന്ന അക്കാലത്ത് അതൊരു വലിയ കാര്യമായിരുന്നു. വളരെ കഴിവുള്ളവർക്കു മാത്രമേ വെള്ളിത്തിരയിൽ അവസരം കിട്ടിയിരുന്നുള്ളൂ. അതുകൊണ്ടു ഞാൻ കണ്ണദാസിന്റെ ക്ഷണം സ്വീകരിച്ചു.’’ അഭിനയപ്രവേശത്തിന്റെ ത്യാഗഭരിതമായ നാളുകളെക്കുറിച്ച് മനോരമ സുഹൃത്തുകളോടു പറയുമായിരുന്നു.

നാടക സംഘവുമായി നാടെങ്ങും ചുറ്റിയ മനോരമയ്ക്ക് ഭാഷകളൊക്കെയും വഴങ്ങി. ‘‘സിനിമയിൽനിന്ന് ഇറക്കിവിട്ടാൽ ഞാൻ നാടകത്തിലേക്കു തിരിച്ചുപോകും. അല്ലെങ്കിൽ തെരുവിലേക്ക്. അവിടെ അഭിനയിക്കും. ജനം ഭ്രാന്തിയെന്നു വിളിക്കട്ടെ. കല്ലെറിയട്ടെ, മരണംവരെ ഞാൻ അഭിനയിക്കും’’– ഗിന്നസ് ബുക്കിൽ പേരു പതിപ്പിച്ച ആ അഭിനയവഴിയുടെ മുദ്രാവാചകം.