Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടിവാൾ വീശി ബസ് യാത്ര: ചെന്നൈയിൽ നാലു വിദ്യാർഥികൾ അറസ്റ്റിൽ - വിഡിയോ

sword-chennai-bus

ചെന്നൈ ∙ യാത്രക്കാരെ ഭീതിയിലാഴ്ത്തി വടിവാളുമായി കോളജ് വിദ്യാർഥികൾ ബസിൽ യാത്ര നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വാഷർമാൻപേട്ട് പൊലീസാണ് പ്രസിഡൻസി കോളജിലെ നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി വിദ്യാർഥികളെ പരസ്യമായി തല്ലി.

 തങ്ങളുടെ കുട്ടികൾ ചെയ്ത തെറ്റിന് മാപ്പ് പറയുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ഒരാൾ മുൻപ് തന്നെ അറസ്റ്റിലായിരുന്നു. ശിവ എന്ന വിദ്യാർഥിയെ മാത്രം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു. മറ്റുള്ളവരെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. റെഡ് ഹിൽസിൽനിന്ന് പുറപ്പെട്ട 57 എഫ് ബസിലാണ് ഒരുപറ്റം വിദ്യാർഥികൾ വടിവാളുമായി യാത്ര ചെയ്തത്.

വടിവാൾ തറയിൽ ഉരസി തീപ്പൊരി സൃഷ്ടിക്കാൻ ശ്രമിക്കുന്ന വിദ്യാർഥികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പടർന്നതോടെയാണു പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതിനു മുൻപും വടിവാളും കത്തിയും സൈക്കിൾ ചെയിനുമുൾപ്പെടെയുള്ള മാരക ആയുധങ്ങളുമായി വിദ്യാർഥികൾ ആളുകളെ ഭയപ്പെടുത്തുന്ന ഭീകര യാത്രകൾ നഗരത്തിൽ നടത്തിയിട്ടുണ്ട്.

നല്ല പ്രവർത്തനം  ചെയ്തു വേണം വാർത്തയിൽ വരാൻ: കമ്മിഷണർ

വിദ്യാർഥികൾ നല്ല പ്രവർത്തനങ്ങൾ ചെയ്തു വേണം വാർത്തയിൽ ഇടം നേടാനെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ. ഭീകരയാത്ര നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വിദ്യാർഥികൾ പഠിക്കുന്ന പ്രസിഡൻസി കോളജിൽ വിശ്വനാഥൻ സന്ദർശനം നടത്തി. വിവിധ മൽസരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകിയ അദ്ദേഹം കുട്ടികളെ ഉപദേശിക്കുകയും ചെയ്തു.

‘‘കുറച്ചു പേർ ചെയ്ത തെറ്റിന്റെ പേരിലാണ് ഇപ്പോൾ പ്രസിഡൻസി കോളജ് വാർത്തകളിൽ ഇടംപിടിക്കുന്നത്. വിദ്യാർഥികൾ ഒട്ടേറെ നന്മകൾ ചെയ്താൽ മാത്രമേ മറ്റുള്ളവർ അതിനെ കുറിച്ച് പറയൂ. പഠന കാലഘട്ടത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. രാഷ്ട്രീയ പാർട്ടികളുടെ കൈയിലെ ആയുധങ്ങളായി വിദ്യാർഥികൾ മാറരുത്. ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കാനും വിദ്യാർഥി സമൂഹത്തിലേക്ക് ലഹരി വസ്തുക്കൾ കടന്നുവരാതിരിക്കാനും ജാഗ്രത കാണിക്കണം.’’ – എ.കെ.വിശ്വനാഥൻ പറഞ്ഞു.