Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബധിര ബാലികയ്ക്ക് ക്രൂരപീഡനം; ഫ്ലാറ്റിലെ 17 ജീവനക്കാർ അറസ്റ്റിൽ

chennai-arrest

ചെന്നൈ∙ കേൾവിത്തകരാറും സംസാരിക്കാൻ പ്രയാസവുമുള്ള പന്ത്രണ്ടുകാരിയെ തുടർച്ചയായി ആറു മാസത്തോളം പീഡിപ്പിച്ച 17 ഫ്ലാറ്റ് ജീവനക്കാർ അറസ്റ്റിൽ. ലഹരിമരുന്നു കുത്തിവച്ചും ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയും ഫ്ലാറ്റ് സമുച്ചയത്തിലെ ഒഴിഞ്ഞു കിടക്കുന്ന അപാർട്മെന്റുകളിലെത്തിച്ച് പീഡിപ്പിച്ചത് സെക്യൂരിറ്റി ജീവനക്കാർ, ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഗാർഡനർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയവർ. വൻ ജനരോഷത്തിനിടയാക്കിയ സംഭവത്തിലെ പ്രതികളെ കോടതി വളപ്പിൽ അഭിഭാഷകർ സംഘം ചേർന്ന് മർദിച്ചു. 

  വയറുവേദനയെ തുടർന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആദ്യം പീഡിപ്പിച്ചത് ഫ്ലാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററായ രവികുമാർ (66) ആണ്. പിന്നീടു പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ഇയാൾ ഇവ കാണിച്ചു ഭീഷണിപ്പെടുത്തി മറ്റുള്ളവർക്കും എത്തിച്ചുകൊടുക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കുട്ടിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നു വിവരം പുറത്തറിഞ്ഞതോടെ ഫ്ലാറ്റിലെ പത്തോളം ജീവനക്കാർ ഒളിവിൽ പോയതായും പൊലീസ് അറിയിച്ചു. 

 കുട്ടിയുടെ ദേഹത്ത് ഒന്നിലേറെ കുത്തിവയ്പ് എടുത്തതിന്റെ പാടുകളുണ്ടെന്നും കഴുത്തിൽ മുറിപ്പാടുകളുണ്ടെന്നും പരാതിയിൽ പറയുന്നു. മാതാപിതാക്കൾ ജോലിക്കു പോകുന്ന സമയത്തായിരുന്നു പീഡനം.  പ്രതികളെ അൻപതോളം അഭിഭാഷകർ ചേർന്നാണ് മർദിച്ചത്. തുടർന്ന് പ്രിൻസിപ്പൽ കുടുംബ കോടതി ജഡ്ജിയും പൊലീസും അഭിഭാഷകരുമായി ചർച്ച നടത്തിയ ശേഷം പ്രതികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു. തമിഴ്നാട്ടിലെ അഭിഭാഷക സംഘടനകളിലെ അംഗങ്ങളാരും പ്രതികൾക്കായി ഹാജരാകില്ലെന്നും തീരുമാനം ലംഘിച്ചു ഹാജരാവുന്നവരെ പുറത്താക്കുമെന്നും മദ്രാസ് ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് മോഹനകൃഷ്ണൻ അറിയിച്ചു.