പോക്കിമോനും ജോ ആന്‍ഡ് ദി ബോയ്‌യും തമ്മിലെന്ത്?

അറിയാമല്ലോ പോക്കിമോൻ ആരാണെന്ന്. ലോകത്തുള്ള കളി ഭ്രാന്തൻമാരെല്ലാം ഈ കാർട്ടൂണ്‍ കഥാപാത്രത്തിനൊപ്പമാണു. രസംപിടിപ്പിച്ചൊരു വിഡിയോ ഗെയിം എന്നതിനപ്പുറം നമ്മളും പോക്കി മോനും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട്. പോക്കിമോനും മഞ്ജു വാര്യർ ചിത്രമായ ജോ ആന്‍ഡ് ദി ബോയ്‌യും തമ്മിൽ അധികമാരും അറിയാതെ പോയൊരു ബന്ധമുണ്ട്. എളുപ്പത്തിൽ നമുക്കതു മനസിലാക്കാനാകില്ല. പക്ഷേ കാണാതെ പോയാൽ നമ്മുടെ ചലച്ചിത്ര ലോകത്തെ ഏറ്റവും നല്ലൊരു ചുവടു വയ്പ്പിനെ അറിയാതെ പോകുന്നതിനു തുല്യമാകുമത്.

തീര്‍ത്തും സാങ്കൽപികമായ കാര്യത്തെ സൗണ്ടും ഗ്രാഫിക്സും ഉപയോഗിച്ചു യാഥാർഥ്യവൽക്കരിക്കുന്ന സാങ്കേതിക വിദ്യയാണ് ഓഗ്‍മെന്റഡ് റിയാലിറ്റി. പോക്കിമോൻ ഗോയെ ഇത്രയേറെ ജനകീയമാക്കിയതിനു പിന്നിലും ഓഗ്‍‍മെന്റഡ് റിയാലിറ്റിയാണു. സാധാരണ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി പോക്കിമോൻ ഗോ റിയാലിറ്റി ലോകം കൊണ്ടുവന്നു. ഇതാണ് പോക്കിമോനെ മുതിർന്നവർക്കിടയിൽ പോലും ഹിറ്റാക്കിയത്.

പോക്കിമോൻ എന്നതു ശരിക്കുമുള്ള ഒരു കാര്യമാണെന്നു നമ്മൾ വിശ്വസിച്ചു പോകുന്നതിനു പിന്നിൽ അതാണ്. ഈ ശാസ്ത്രീയ കാര്യത്തെയാണു ജോ ആൻഡ് ദി ബോയ്‌ സിനിമയിലും ഉപയോഗപ്പെടുത്തിയത്. പോക്കിമോനും നമുക്കുമിടയിലുമുള്ള മാധ്യമം മൊബൈൽ ആണെങ്കിൽ. സിനിമയിൽ അതൊരു ഗ്ലാസ് ആണെന്ന് മാത്രം.

ജോ ആൻഡ് ദി ബോയ്‌യിലെ മഞ്ജു വാര്യരുടെ കഥാപാത്രം ആഗ്രഹിക്കുന്നത് നല്ലൊരു ആനിമേഷൻ വിദഗ്ധയാകണമെന്നാണ്. പലവട്ടം പരാജയപ്പെട്ടിട്ടും മഞ്ജു ആഗ്രഹത്തിൽ നിന്നു പിൻമാറുന്നേയില്ല. വീടിനടുത്ത് ക്രിസ് എന്നൊരു കൊച്ചുമിടുക്കൻ താമസിക്കാനായെത്തുന്നതോടെയാണു അവളുടെ വഴിതിരിയുന്നത്.

അങ്ങനെ അവൾ ഒരു സാങ്കൽപ്പിക കാർട്ടൂൺ കഥാപാത്രത്തെ സൃഷ്ടിക്കുന്നു. മഞ്ജു അതിനായി ഉപയോഗിച്ചതു ഗ്ലാസ് ആണ്. ആ ഗ്ലാസ് ധരിക്കുമ്പോൾ നമുക്കു തോന്നും ആ കാർട്ടൂൺ കഥാപാത്രം നമുക്കൊപ്പം ജീവിക്കുകയാണെന്ന്. നമുക്കു മുന്നിൽ വന്നു നമ്മോടു കൂട്ടുകൂടുകയാണെന്ന്. ഓഗ്‍മെന്റഡ് റിയാലിറ്റിയാണു ഇവിടെയും താരം. ഇന്ത്യൻ സിനിമയിൽ തന്നെ ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും അത്തരമൊരു കാര്യം പരീക്ഷിക്കപ്പെട്ടത്.

മഞ്ജുവിനും സനൂപിനുമൊപ്പം റോജിൻ

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ഈ ഒരുതലത്തിൽ ഒരിടത്തും ചർച്ച ചെയ്യപ്പെട്ടില്ല. ചിത്രത്തിന് സംഗീതം നിർവഹിച്ച രാഹുൽ സുബ്രഹ്മണ്യവും റോജിനും സഹസംവിധായകനായ ചാൾസ് പോളുമായിരുന്നു ഈ ഒരു ചിന്തയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

രാഹുൽ സുബ്രഹ്മണ്യൻ

സിനിമയിലെ കാതലായ ഒരു കാര്യത്തിനു പിന്നിൽ പ്രവർത്തിച്ചവരേയും നമ്മൾ തിരിച്ചറിഞ്ഞില്ല. അവരെ കാണാതെ പോകരുത്. ഒരു വലിയ ടീമിന്റെ നീണ്ടനാളത്തെ ശ്രമഫലമാണു സിനിമയിൽ നമ്മൾ കണ്ട ഈ കൗതുകകരമായ കാര്യം. ഒരുപക്ഷേ നാളെ നമ്മളെ അതിശയിപ്പിക്കുന്ന പല ചിത്രങ്ങളിലും ഇന്ന് നമ്മൾ ജോ ആൻഡ് ദി ബോയ്‌യിൽ ശ്രദ്ധിക്കപ്പെടാതെ പോയ സാങ്കേതികതയെയായിരിക്കും ഉപയോഗിക്കുക.