മഞ്ജു വാര്യർ അതിസുന്ദരിയും ഹോട്ടുമാണെന്ന് ശ്രീയ ശരണും തമന്നയും

മഞ്ജു വാര്യർ അതിസുന്ദരിയും ഹോട്ടുമാണെന്ന് തെന്നിന്ത്യൻ സുന്ദരികളായ ശ്രീയ ശരണും തമന്നയും. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. സിനിമയിൽ നായികമാർക്ക് വേണ്ട സൗന്ദര്യ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പറഞ്ഞത്, ഒരു നടിയ്ക്ക് വേണ്ട സൗന്ദര്യം തനിക്കില്ല എന്നാണ്. ഇതിന് മറുപടിയായാണ് ശ്രീയയും തമന്നയും മഞ്ജുവിനെ പ്രശംസിച്ച് എത്തിയത്.

ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള നായികമാർ സംവാദത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തെ പ്രതിനിധീകരിച്ചാണ് മഞ്ജു വാര്യര്‍ പങ്കെടുത്തത്. മറ്റ് ഭാഷകളെ പ്രതിനിധീകരിച്ച് തമന്ന, ശ്രിയ , അമൈറ എന്നിവരും പങ്കെടുത്തു.

സംവാദത്തിനിടെ സൗത്തിന്ത്യൻ നായികമാരുടെ സൗന്ദര്യവും സിനിമയും എന്ന വിഷയത്തെപ്പറ്റി ചർച്ച വന്നു. സൗന്ദര്യം ഉള്ളവർക്ക് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടുമോ എന്നായിരുന്നു ചോദ്യം.

നല്ല ഭംഗിയും വെളുത്ത മുഖസൗന്ദര്യവും നായികമാര്‍ക്ക് ആവശ്യമില്ലെന്ന് ശ്രിയ ശരണ്‍ പറഞ്ഞു. മനം എന്ന ചിത്രത്തില്‍ സൗന്ദര്യം കുറഞ്ഞ സ്ത്രീയായാണ് അഭിനയച്ചതെന്ന് ശ്രീയ പറയുന്നു.

സൗന്ദര്യം എന്നതിന് പ്രത്യേക നിർവചനം ഇല്ലെന്നും മുഖം നോക്കിയല്ല ഒരാളുടെ സൗന്ദര്യം വിലയിരുത്തുന്നതെന്നും തമന്ന പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബ്യൂട്ടി എന്ന് പറഞ്ഞ് ഒരു പ്രത്യേക നിര്‍വചനമൊന്നും കൊടുക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും അവരുടേതായ സൗന്ദര്യമുണ്ടെന്ന് തമന്ന അഭിപ്രായപ്പെട്ടു.

‘ഞാന്‍ മുംബൈയില്‍ ജനിച്ചു വളര്‍ന്നയാളാണ്. 15 വയസ്സുമുതല്‍ ഞാന്‍ സൗത്ത് ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. എന്നാൽ മുംബൈയിലുള്ളവർ ഞാൻ സൗത്തിന്ത്യൻ ആണെന്നും ഇവിടെയുള്ളവർ തിരിച്ചുമാണ് വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്കൊരു ഐഡന്റിറ്റി ക്രൈസസ് ഉണ്ട്. എന്റെ വളർച്ചയിൽ സൗത്തിന്ത്യൻ സംസ്കാരം വന്നിട്ടുണ്ട്. ‘തമിഴിൽ വരുമ്പോൾ കുറച്ചൊക്കെ തടി വെക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതൊക്കെ തെറ്റായ ധാരണയാണ്.’ തമന്ന പറഞ്ഞു.

ഈ വിഷയത്തില്‍ എനിക്ക് വ്യത്യസ്തമായ അഭിപ്രായവും അനുഭവവുമാണെന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ ഈ വിഷയത്തിൽ സംസാരിച്ച് തുടങ്ങിയത്. സൗന്ദര്യം എന്നതിനെ സിനിമയിലൂടെ മനസ്സിലാക്കാൻ ശ്രമിച്ചതിനെപ്പറ്റിയാണ് മഞ്ജു പറഞ്ഞത്.

‘പരസ്യത്തിന് വേണ്ടി തെലുങ്ക്, തമിഴ്, ഹിന്ദി പരസ്യങ്ങളില്‍ അഭിനയിച്ചു എന്നതൊഴിച്ചാല്‍ മലയാള സിനിമയില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യം എനിക്കില്ല അതെനിക്ക് കൃത്യമായി അറിയാം.’ മഞ്ജു പറഞ്ഞു. ഇത് പറഞ്ഞ് തീരും മുന്‍പേ തമന്നയും ശ്രിയയും ഇടപെട്ടു. ക്ഷമിക്കണം നിങ്ങള്‍ അതി സുന്ദരിയാണെന്ന് ശ്രിയ പറഞ്ഞപ്പോള്‍, സുന്ദരിയും ബ്ലഡി ഹോട്ടുമാണെന്നായിരുന്നു തമന്നയുടെ അഭിപ്രായം.

രണ്ടുപേർക്കും നന്ദി പറഞ്ഞാണ് മഞ്ജു പിന്നീട് സംസാരിച്ചത്. മലയാളസിനിമയുടെ ഭാഗമാകാൻ സാധിച്ചതുകൊണ്ടാണ് ഇവർക്കൊപ്പം ഇന്നിരിക്കാൻ സാധിച്ചതെന്ന് മഞ്ജു പറഞ്ഞു.

മലയാള സിനിമയെ സംബന്ധിച്ച്, കഥാപാത്രത്തിന്റെ ആന്തരിക സൗന്ദര്യമാണ് അവർ നോക്കുക. അതിന് എനിക്കൊരു ഉദാഹരണം പറയാന്‍ കഴിയും. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന്. കന്മദം എന്ന എന്റെ സിനിമയില്‍, ഭാനു എന്ന കരുത്തുള്ള സ്ത്രീ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. അവളുടെ നിറം കറുപ്പാണ്. പരുക്കന്‍ സ്വഭാവക്കാരിയാണ്. നോട്ടത്തില്‍ പോലും ആ പരുക്കന്‍ സ്വഭാവമുണ്ട്. ശരീരം മുഴുവൻ പൊതിഞ്ഞ് വസ്ത്രം ധരിക്കുന്ന സ്ത്രീ.

അടിക്കടി വസ്ത്രം മാറ്റുന്നില്ല. ആ കഥാപാത്രത്തിന്റെ ആന്തരിക ശക്തിയാണ് അവരെ കൂടുതൽ സൗന്ദര്യവതിയാക്കുന്നത്. ഇപ്പോഴും ഭാനു എന്ന കഥാപാത്രത്തെ കുറിച്ചാണ് എന്നോട് പലരും സംസാരിക്കാറുണ്ട്. എന്നെ സംബന്ധിച്ച് ഭാനുവാണ് സൗന്ദര്യം എന്താണ് എന്നതിനുള്ള ഉത്തരം. സ്വഭാവം, സംസാരം, ജ്ഞാനം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സൗന്ദര്യം കണക്കാക്കേണ്ടതെന്ന് മഞ്ജു പറഞ്ഞു.