അച്ഛൻ തളർന്ന് പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്; കണ്ണീരോടെ മഞ്ജു പറയുന്നു

അച്ഛനുമായുള്ള നിമിഷങ്ങൾ കണ്ണീരോെട പങ്കുവച്ച് മഞ്ജു വാരിയർ. ‘ദൈവം തന്ന വരം എനിക്ക് കിട്ടിയിട്ടില്ല. ദൈവമേ വരമായി വന്നു, എൻ അപ്പ^. ഈ തമിഴ് പഴമൊഴി പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യര്‍ അച്ഛനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്. കുട്ടിക്കാലത്തെ മനോഹരനിമിഷങ്ങളും അച്ഛൻ നേരിടേണ്ടി വന്ന കാൻസർ രോഗത്തെക്കുറിച്ചും മഞ്ജു തുറന്നുസംസാരിച്ചു.

സമുദ്രക്കനിയുടെ അപ്പ എന്ന പുതിയ തമിഴ് ചിത്രത്തിന് പിന്തുണ നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. എല്ലാ മാതാപിതാക്കള്‍ക്കും അവരെ സ്നേഹിക്കുന്ന മക്കൾക്കും വേണ്ടി ഒരുക്കുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്.

അച്ഛനെക്കുറിച്ചുള്ള ഓർമകൾ തുടങ്ങുന്നത് തമിഴ്മണ്ണിലാണെന്നും കന്യാകുമാരിയിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്താണ് താൻ ജനിച്ച് വളർന്നതെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്റെ അച്ഛൻ അവിടെ ചിട്ടിക്കമ്പനി നടത്തുകയായിരുന്നു.

‘ഞങ്ങൾക്ക് ചിരിക്കാൻ അച്ഛൻ ഒരുപാട് കരച്ചിലുകൾ ഉള്ളിലൊതുക്കിയിരുന്നുവെന്ന് അന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. അച്ഛന്റെ വിയർപ്പുതുള്ളികൾ കൊണ്ട് കോർത്തതാണ് എന്റെ ചിലങ്കയെന്ന് ഞാൻ ഓർക്കാറുണ്ട്. മഞ്ജു പറയുന്നു.

‘വലിയ മരമായി തണലുപോലെ നിന്ന അച്ഛൻ തളർന്ന് പോകുന്നത് ഞാൻ കണ്ടു’. അച്ഛന് നേരിടേണ്ടി വന്ന കാന്‍സര്‍ രോഗത്തെക്കുറിച്ചും മഞ്ജു പങ്കുവച്ചു. ഇത് പറയുമ്പോൾ മഞ്ജുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

വലുതായപ്പോൾ ജീവിതത്തെ എങ്ങനെ നേരിടണമെന്ന് പഠിച്ചത് അച്ഛനിൽ നിന്നാണ്. ജീവിതത്തിലെ പല തീരുമാനങ്ങളും ഞാന്‍ സ്വന്തമായി എടുത്തപ്പോഴും അച്ഛന്‍ കുറ്റം പറഞ്ഞില്ല. ഒപ്പം നിന്നതേയുള്ളൂ. ഒപ്പം അച്ഛനുണ്ട് എന്ന വിശ്വാസമാണ് എന്റെ ഏറ്റവും വലിയ പിന്‍ബലം. മഞ്ജു പറഞ്ഞു.