പരാതി സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന് വേണ്ടി

സമൂഹത്തിന്റെ സുരക്ഷയ്ക്ക് നിയുക്തനായ സിവില്‍പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണ് പരാതി നൽകിയതെന്നു നടി മഞ്ജുവാര്യര്‍. ഇത് വ്യക്തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ള പരാതിയല്ല. സ്ത്രീകളെ ആര്‍ക്കും എന്തും പറയാം എന്നുള്ള പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധമാണ്. സമൂഹമാധ്യമങ്ങളില്‍ അപമാനിക്കപ്പെടുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഡിജിപിയെ സമീപിച്ചതെന്നും മഞ്ജു പറഞ്ഞു.

എന്റെ ഫേസ് ബുക്ക് പേജില്‍ അപമാനകരമായ ധാരാളം കമന്റുകള്‍ കാണാറുണ്ട്. എന്തു പോസ്റ്റ് ചെയ്താലും മോശപ്പെട്ട വാക്കുകള്‍ കൊണ്ട് ആക്രമിച്ചും വ്യക്തിപരമായ പരാമര്‍ശങ്ങളിലൂടെ വേദനിപ്പിച്ചും പ്രതികരിക്കുന്ന ചിലരുണ്ട്. അത് അവരുടെ സംസ്‌കാരവും മനോവൈകൃതവുമാണെന്നേ കരുതിയിട്ടുള്ളൂ. വ്യാജസന്ദേശങ്ങളും നുണക്കഥകളുമുണ്ടാക്കി പ്രചരിപ്പിച്ചിട്ടുപോലും അത്തരക്കാരോട് എനിക്ക് എന്നും സഹതാപമേയുള്ളൂ. പക്ഷേ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍സംവിധാനത്തിന്റെ ഭാഗമായ ഒരാള്‍ ഒരിക്കലും അങ്ങനെയാകരുത്.

ഒരുപോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഞാനുള്‍പ്പെടെയുള്ള പൊതുജനം പ്രതീക്ഷിക്കുന്നത് ഇത്തരം നിലവാരമില്ലാത്ത പെരുമാറ്റമല്ല. ഒരുപരാതിയുണ്ടായാല്‍ സ്ത്രീകള്‍ ആദ്യം ഓടിച്ചെല്ലേണ്ടത് സിവില്‍പോലീസ് ഓഫീസര്‍ക്ക് മുന്നിലേക്കാണ്. അവരുടെ മനോഭാവം ഇതാണെങ്കില്‍ പിന്നെ സ്ത്രീകള്‍ക്ക് എവിടെയാണ് സുരക്ഷിതത്വം? ഇത് അംഗീകരിച്ചാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതിന് കിട്ടിയ നിയമപരമായ അംഗീകാരം പോലെയാകും. അതുകൊണ്ടാണ് ഡിജിപിയെ ഫോണില്‍ വിവരം ധരിപ്പിച്ചത്. ഒരാള്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനല്ല, മറിച്ച് സ്ത്രീകളുടെ സുരക്ഷിതത്വബോധം വീണ്ടെടുക്കാനുള്ള ശ്രമമാണിത്-മഞ്ജു പറഞ്ഞു.